കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് രണ്ടുതവണ പരിശോധനയ്ക്കെത്തി; ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കെത്തി. വെണ്ണലയിലെ വില്ലയിലാണ് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കും പൊലീസ് പരിശോധനയ്ക്കെത്തിയത്. രണ്ടുതവണയും അന്വേഷണോദ്യഗസ്ഥര്‍ എത്തിയെങ്കിലും ആളില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പെടെയുളള സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.
കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലും പരിശോധനയ്ക്കായി എത്തിയത്. ലക്ഷ്യയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും കംപ്യൂട്ടറിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സിഡിറ്റിലേക്ക് അയക്കും.
നടന്‍ ദിലീപുമായുളള വിവാഹത്തിന് മുമ്പാണ് കാവ്യ മാധവന്‍ വസ്ത്രവ്യാപാരത്തിലേക്ക് കടക്കുന്നതും ലക്ഷ്യയ്ക്ക് തുടക്കം കുറിക്കുന്നതും. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദിലീപിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതിയ കത്തിലെ കാക്കനാട്ടെ ഷോപ്പിനെക്കുറിച്ചുളള അന്വേഷണമാണ് പൊലീസിനെ ഇങ്ങോട്ട് എത്തിച്ചത്. അതീവ രഹസ്യമായിട്ടാണ് ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത്.
നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കായി എത്തിയതും. കത്തും കത്തില്‍ പരാമര്‍ശിക്കുന്ന ഷോപ്പിനെ സംബന്ധിച്ചും പള്‍സര്‍ സുനി പൊലീസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. കുറ്റകൃത്യത്തിനുശേഷം കാക്കനാട്ടെ ഷോപ്പില്‍ രണ്ടുതവണ എത്തിയതായി കത്തില്‍ സുനി പരാമര്‍ശിക്കുന്നുണ്ട്.
നടിയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ പോകുന്നതിന് മുന്‍പാണ് പ്രതി കാക്കനാട്ടെ ഷോപ്പില്‍ എത്തിയതായി മൊഴി നല്‍കിയത്. ദിലീപ് ആലുവയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിനോടും ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ആരാഞ്ഞതായാണ് വിവരം.
https://www.facebook.com/Malayalivartha























