ഇന്ത്യൻ ടു തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍; ഇനി കളി രാഷ്ട്രീയത്തിൽ

രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. ഇന്ത്യൻ ടു തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് പൊതു വേദിയിൽ കമല്‍ഹാസന്‍. തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാർട്ടി മൽസരിക്കുമെന്ന് ആവർത്തിച്ച കമൽ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതർക്കായി നിർമിച്ച വില്ലകൾ സമർപ്പിക്കാനെത്തിയപ്പോഴായിരുന്നു അഭിനയം നിര്‍ത്തുന്നതിനേക്കുറിച്ച് സൂചനകള്‍ നല്‍കിയത്. അധികാരം ലഭിച്ചാൽ ട്വന്റി ട്വന്റി മാതൃക തമിഴ്നാട്ടിൽ നടപ്പാക്കുമെന്നും കമൽ പറഞ്ഞു. തന്റെ രാഷ്ട്രീയപാര്‍ട്ടിയായ മക്കൾ നീതി മയ്യം ഈ വര്‍ഷം ആയിരുന്നു കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്.
പുതിയതായി പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. രാഷ്ട്രീയത്തില്‍ താന്‍ മതേതര ചേരികള്‍ക്ക് ഒപ്പമാകും നിലയുറപ്പിക്കുകയെന്നും താരം പറഞ്ഞു. ട്വന്റി ട്വന്റി ഗ്രൂപ്പ് നയിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ഭവനരഹിതർക്കായി നിർമിച്ച അത്യാധുനിക വിലകളുടെ താക്കോല്‍ കമൽ ചടങ്ങില്‍ കൈമാറി.
അതേസമയം കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുൻപ് പറഞ്ഞിരുന്നു. തമിഴ് സൂപ്പര്‍ സ്റ്റാറുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ പ്രവേശത്തിന് കമല്‍ഹാസന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടേ ആയിരുന്നു കൂടിക്കാഴ്ച. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര വിമാനത്താവളത്തിലെത്തി കെജ്‌രിവാളിനെ സ്വീകരിച്ചു. തുടര്‍ന്ന് ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ കമല്‍ഹാസന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി തന്നെ കാണാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.
അതേസമയം ഏതാനും മാസങ്ങൾക്ക് മുൻപ് തമിഴ് ചാനലായ തന്തി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയിരുന്നു. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍ ഡി.എം.കെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താന്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കാമെന്ന സൂചന അന്ന് അദ്ദേഹം നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് തന്റെ ഉടമസ്ഥതയിലുള്ള ‘രാജ്കമല്‍ ഫിലിംസ്’ ഒരു ചെറിയ കമ്പനിയാണ് എന്നായിരുന്നു മറുപടി. വിരുമാണ്ടി എന്ന തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ജയലളിതയാണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും കമല്‍ പറഞ്ഞു. ജയലളിതയുടെ കാലത്ത് താന്‍ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നില്ലെന്നും സര്‍ക്കാറിനെതിരെ കോടതിയില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡി.എം.കെ തലവന്‍ എം. കരുണാനിധിയുമായി വളരെ നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയക്കാരന്‍ എന്നതല്ല, കലാകാരന്‍ എന്നതാണ് അദ്ദേഹത്തോടുള്ള ബഹുമാനം. 1983-ല്‍ ഡി.എം.കെയില്‍ ചേരാന്‍ കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എം.ജി.ആറും ഇക്കാര്യം ചോദിച്ചു. രണ്ടുതവണയും താന്‍ നിരസിക്കുകയാണുണ്ടായത്. – കമല്‍ പറഞ്ഞു. താന്‍ വിമര്‍ശനം പഠിച്ചു വരുന്നേയുള്ളൂ എന്നും കൂടുതല്‍ അറിവ് നേടുന്നതോടെ തന്റെ വിമര്‍ശനങ്ങള്‍ക്കും മൂര്‍ച്ച കൂടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയത്തില്‍ ചേരുമോ എന്ന ചോദ്യത്തിന് ‘എന്റെ കൈവശമുള്ള പണം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന മറുചോദ്യമായിരുന്നു കമലിന്റെ മറുപടി. ‘പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ ശുദ്ധമായ പണം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ഞാനാലോചിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് ചോദിക്കരുത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആര്‍ക്കും വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാം…’ തനിക്കു മേലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കമല്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha