അനശ്വരനായി ബാലഭാസ്‌കര്‍: ബാലുവിന്റെ മണല്‍ചിത്രം വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്

കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവത്തില്‍ ചിത്രകാരി രേഷ്മ സൈനുലാബ്ദീന്‍ വരച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മണല്‍ചിത്രം 3110 ദിര്‍ഹത്തിന് (ഏകദേശം 60,000 ഇന്ത്യന്‍ രൂപ) ലേലം വിളിച്ചെടുത്തു. അല്‍ ഐനില്‍ ജോലി ചെയ്യുന്ന ഡോ.ബഷീര്‍ പുന്നയൂര്‍ക്കുളമാണ് ചിത്രം സ്വന്തമാക്കിയത്. 100 ദിര്‍ഹമില്‍ നിന്നും തുടങ്ങിയ ലേലം വിളി വളരെവാശിയോടുകൂടിയാണ് വന്‍ തുകയിലേയ്ക്ക് എത്തിയത്.
അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ കലാകാരന്റെ ചിത്രം സ്വന്തമാക്കാന്‍ പലരും നിരവധി തവണ ലേലത്തില്‍ പങ്ക് ചേര്‍ന്ന് വിളിച്ചെടുക്കാന്‍ ശ്രമിക്കുമ്‌ബോള്‍ ബാലഭാസ്‌കറിനോടുള്ള അനിര്‍വചനീയമായ സ്‌നേഹവായ്പാണ് പ്രകടമായത്. കേരളോത്സവത്തിന്റെ ഭാഗമായി സെന്റര്‍ വനിതാവിഭാഗം ഒരുക്കിയ പ്രത്യേക പരിപാടിയിലാണ് മണല്‍ ചിത്രകലയിലൂടെ തന്റേതായൊരു സാമ്രാജ്യം തീര്‍ത്ത രേഷ്മ സൈനുലാബ്ദീന്‍ ചിത്രം വരച്ചത്. ആയിരങ്ങളെ സാക്ഷിനിര്‍ത്തി നിമിഷനേരം കൊണ്ട് ബാലഭാസ്‌കറിനെ മണലില്‍ വരച്ചുതീര്‍ത്തപ്പോള്‍ വിസ്മയഭരിതരായ ജനക്കൂട്ടം നീണ്ട ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. പ്രമുഖ പാചക വിദഗ്ധയും ഫാഷന്‍ ഡിസൈനറും ആര്‍ട്ട് തെറാപ്പിസ്റ്റുമായ രേഷ്മ.
ചിത്രരചനയ്ക്ക് സംഗീതം പകര്‍ന്നുകൊണ്ട് സ്‌നേഹ ഓജന്‍ വയലിനിലും അമല്‍ കീബോര്‍ഡിലും രേഷ്മയെ അനുഗമിച്ചു. ശൈഖ് സായിദിന്റെ മണല്‍ ചിത്രം വരച്ച് കേരള സോഷ്യല്‍ സെന്ററിനു സമ്മാനിച്ച രേഷ്മ ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. ബി. മുരളിയുടെ ചിത്രവും വരക്കുകയുണ്ടായി. കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന്‍, ജോ. കണ്‍വീനര്‍മാരായ ഷൈനി ബാലചന്ദ്രന്‍, രേഷ്മ സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിത്രം ഡോ. ബഷീര്‍ പുന്നയൂര്‍ക്കുളത്തിനു സമ്മാനിച്ചു.
ചിത്രം കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറിയിലേയ്ക്ക് അദ്ദേഹം സംഭാവന ചെയ്തു. ലേലത്തില്‍ ലഭിച്ച തുക കേരളത്തിന്റെ നവനിര്‍മ്മിതിയിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha