ദാമ്പത്യ പരാജയത്തില്‍ ഇപ്പോള്‍ ദുഃഖിക്കുന്നില്ല; ഡിവോഴ്‌സിന്റെ ഷോക്കില്‍ നിൽക്കുമ്പോഴാണ് എന്നെത്തേടി ആ വാർത്തയെത്തുന്നത്- നളിനി

എല്ലാ നടിമാരെയും പോലെ സിനിമയില്‍ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി നളിനിയുടെ വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നത് നളിനിയുടെ തന്നെ തീരുമാനമായിരുന്നു. എന്നാല്‍ വിവാഹ മോചനം സംഭവിച്ചപ്പോള്‍ ആശ്വാസമായതും അതേ സിനിമാ ലോകമാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നു.
മലയാളത്തെക്കാള്‍ നളിനി കൂടുതല്‍ സിനിമകള്‍ ചെയ്തത് തമിഴകത്താണ്. എണ്‍പതിലധികം സിനിമകള്‍ ചെയ്തതില്‍ ഭൂരിഭാഗവും മികച്ച വിജയമാണ്. ചുരുക്കം സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും കന്നടയിലും തെലുങ്കിലും നളിനി ശ്രദ്ധേയയാണ്.
ഞാന്‍ വന്ന സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും താരതമ്യേനെ പുതുമുഖങ്ങളാണ്. നസീര്‍ സറും മധുസാറുമൊക്കെയാണ് സീനിയേഴ്‌സ്. അവര്‍ക്കൊപ്പം അഭിനയിക്കുമ്ബോള്‍ ഉള്ളിലൊരു പേടിയാണ്. സിനിമയില്‍ നിന്ന് വിട്ടു നിന്ന സമയത്താണ് ലാലും മമ്മൂട്ടിയും പടര്‍ന്ന് പന്തലിച്ചത്. വലിയൊരു ഇടവേളയ്ക്ക് ശേഷം രാവണപ്രഭു എന്ന സിനിമ ചെയ്യുമ്ബോഴാണ് ആ മാറ്റം ശരിക്കും അനുഭവിച്ചത്- നളിനി പറഞ്ഞു
സിനിമയില്‍ അഭിനയിക്കണം എന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു. കൊറിയോഗ്രാഫറായ അച്ഛന് ഞാന്‍ പഠിച്ച് ഡോക്ടറോ വക്കീലോ ആകണം എന്നായിരുന്നു ആഗ്രഹം. എനിക്ക് സിനിമയില്‍ അഭിനയിക്കുന്നത് പോയിട്ട് കാണാന്‍ പോലും താത്പര്യമില്ലായിരുന്നു.ഏഴാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ഇടവേള എന്ന ചിത്രത്തില്‍ അവസരം വന്നത്. ഈ ഒരൊറ്റ ചിത്രം എന്ന കണ്ടീഷനില്‍ അഭിനയിച്ചു തുടങ്ങി. പിന്നെ സിനിമയുടെ ചുഴിയില്‍ ഞാന്‍ അകപ്പെട്ടുപോയി. ഒന്നിനു പിറകെ ഒന്നായി അവസരങ്ങള്‍ വന്നു. അതോടെ പഠനം മുടങ്ങി. അതിപ്പോഴും സങ്കടമാണ്.
സിനിമയില്‍ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയം വേണ്ട എന്നത് സ്വന്തം തീരുമാനമായിരുന്നു. ദാമ്പത്യ പരാജയത്തില്‍ ഇപ്പോള്‍ ദുഃഖിക്കുന്നില്ല. എല്ലാം മുകളിലുള്ള ഒരാള്‍ നേരത്തെ സ്‌ക്രിപ്റ്റ് തയ്യാറാക്കി വച്ചതാണ്. നമ്മള്‍ അഭിനേതാക്കള്‍ മാത്രം.. അങ്ങനെ കരുതും. മിടുക്കനായ ഒരു മകനെയും മിടുക്കിയായ ഒരു മകളെയും ദൈവം എനിക്ക് തന്നു.. അതിനുള്ള നന്ദി തീര്‍ത്താല്‍ തീരില്ല.നളിനി പറയുന്നു.
ഡിവോഴ്‌സിന്റെ ഷോക്കില്‍ നിൽക്കുമ്പോഴാണ് ആന്റണി പെരുമ്പാവൂർ രാവണപ്രഭുവിലേക്ക് വിളിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമ, രഞ്ജിത്തിന്റെ രചന, ജഗതി ചേട്ടന്റെ പെയറായി ചെറിയ , നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചു. മനസ്സ് തകര്‍ന്ന സമയമായിരുന്നതിനാല്‍ തിരിച്ചുവരവിനെ കുറിച്ചോ അഭിനയത്തെ കുറിച്ചോ ചിന്തിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. സ്‌നേഹപൂര്‍വ്വം ആ അവസരം നിഷേധിച്ചു. ''അമ്മേ പോയി ചെയ്യൂ, ഒരു റിലീഫ് ആയിരിക്കും '' എന്ന് മക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് പിന്നെ ഡേറ്റ് കൊടുത്തത്.
രാവണപ്രഭുവില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തെലുങ്ക്, തമിഴ് സീരിയലുകളില്‍ നിന്ന് കോളുകള്‍ വന്നിരുന്നു. സിനിമയില്‍ ചെയ്യാത്ത വ്യത്യസ്ത വേഷങ്ങള്‍ സീരിയലില്‍ ലഭിച്ചതോടെ അങ്ങോട്ടേക്ക് മാറി. വില്ലത്തി വേഷങ്ങള്‍ ചെയ്തു മടുത്തപ്പോഴാണ് കോമഡിയിലേക്ക് മാറിയത്. കോമഡി ചെയ്യുമ്ബോള്‍ വല്ലാത്ത ഫീലാണ്- നളിനി പറഞ്ഞു
https://www.facebook.com/Malayalivartha