മലയാള സിനിമയിൽ പകരം വയ്ക്കാനാകാത്ത താരം; അഭിനയം ജീവിതമായി തിരഞ്ഞെടുത്ത മഹത് പ്രതിഭ; സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ വേദനയിലാഴ്ത്തി ഗീഥാ സലാം യാത്രയായി

2018 വിടവാങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം കൂടി. സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ വേദനയിലാഴ്ത്തി സിനിമ-സീരിയല്‍ രംഗത്ത് പകരംവെയ്ക്കാനാവാത്ത താരം ഗീഥാ സലാം വിടവാങ്ങി. ശ്വാസകോശസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നു വൈകിട്ട് മൂന്നരയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
ഓച്ചിറ റയില്‍വേ സ്റ്റേഷനു സമീപം പാറയില്‍ പടീറ്റതില്‍ അബ്ദുള്‍ ഖാദര്‍ കുഞ്ഞിന്റെയും മറിയം ബീവിയുടെയും മൂത്ത മകന്‍ സലാമിന് മറ്റെന്തിനേക്കാളും വലുതായിരുന്നു അഭിനയം. 1968ല്‍ ബിഎ അവസാന വര്‍ഷം പഠിക്കുമ്പോള്‍ പിഎസ്സി ടെസ്‌റ്റെഴുതി കോഴ്‌സ് കഴിഞ്ഞയുടന്‍ ജോലിയും ലഭിച്ചു. എന്നാല്‍ അഭിനയം ജീവിതമായതോടെ ജോലി രാജിവെച്ചു. കസേരയില്‍ ഒതുങ്ങിയിരുന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ നാടകവേദിയില്‍ ഓടി നടക്കാനായിരുന്നു എനിക്കിഷ്ടമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ചങ്ങനാശ്ശേരി ഗീഥ എന്ന പ്രസിദ്ധമായ നാടക സമിതിയില്‍ അഞ്ചു വര്‍ഷം സ്ഥിരം നാടകം കളിച്ചു. അങ്ങനെ ആരാധകര്‍ സലാം എന്ന പേരിനൊപ്പം ഗീഥയും ചേര്‍ത്ത് ഗീഥാ സലാമാക്കി. നാടക വേദിയിലെ തിളങ്ങുന്ന താരത്തെ അങ്ങനെ സിനിമയും സീരിയലുകളും ശ്രദ്ധിച്ചു തുടങ്ങി. സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ആദ്യ രണ്ടു സിനിമകള്‍ പുറത്തിറങ്ങിയില്ല. ഇതോടെ 1980ല്‍ സ്വന്തമായി 'ഓച്ചിറ നാടകരംഗം' എന്ന പേരില്‍ ട്രൂപ്പ് തുടങ്ങി. ഓച്ചിറയുടെ 'മാണിക്കക്കൊട്ടാരം' എന്ന നാടകം കേരളത്തിലാകെ ഒരു വര്‍ഷം 432 വേദികളില്‍ അവതരിപ്പിച്ച് വന്‍ ശ്രദ്ധ നേടി.
ഓച്ചിറ നാടകരംഗം വിജയകരമായി പോകുന്നതിനിടെ സലാമിന് കെപിഎസിയിലേയ്ക്ക് ക്ഷണം ലഭിച്ചു. കെപിഎസിയുടെ കയ്യും തലയും പുറത്തിടരുതെന്ന നാടകത്തില്‍ പ്രധാനകഥാപാത്രമായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ വേഷം ചെയ്തു. പിന്നീടിങ്ങോട്ട് കെപിഎസിയുടെ പ്രമുഖ നാടകങ്ങളിലെല്ലാം ഗീഥാ സലാം സജീവ സാന്നിധ്യമായി. ആദ്യ രണ്ടു സിനിമ വെളിച്ചം കണ്ടില്ലെങ്കിലും 1980ല്‍ ഇറങ്ങിയ മാണികോയ കുറുപ്പ് എന്ന ചിത്രത്തില്‍ ആലുമ്മുടനും പപ്പുവിനുമൊപ്പം ശ്രദ്ധിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് മലയാള സിനിമയുടെ പ്രീയ മുഖമായി ഗീഥാ സലാം മാറി.
രൗദ്രത്തിലെ ഓട്ടോ ഡ്രൈവര്‍, കുഞ്ഞിക്കൂനനിലെ സര്‍ക്കസ്‌കാരന്‍, ഗ്രാമഫോണിലെ സൈഗാള്‍ യൂസഫ്... തുടങ്ങി ഓര്‍ത്തുവെയ്ക്കാന്‍ ഒരുപിടി നല്ല വേഷങ്ങള്‍. ആരോഗ്യം വീണ്ടെടുത്ത ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് മരണം വില്ലനായത്. കബറടക്കം നാളെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍.
https://www.facebook.com/Malayalivartha