ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മതി, ആ നാഡീ ഞരമ്ബുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി അദ്ദേഹത്തെ പഴയ ജഗതിയാക്കി തരാമെന്ന് പറഞ്ഞ അത്ഭുത വൈദ്യന്റെ കൈകളിൽ ജഗതിയെ ഇട്ടുകൊടുക്കരുതേയെന്ന് അഭ്യർത്ഥിച്ച് ഡോ സുല്‍ഫി നൂഹ്; വൈദ്യന്റെ കഴുകൻ കണ്ണുകൾ പണത്തിലും പ്രശസ്‌തിയിലും

നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്നും, 'ആ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതിയെന്നും മാധവൻ വൈദ്യർ പറഞ്ഞത് വിശ്വസിക്കരുതെന്ന് കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ് രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് മാധവന്‍ വൈദ്യര്‍ക്കെതിരെ സുല്‍ഫി പ്രതികരിച്ചിരിക്കുന്നത്. പ്രശസ്‌തിയും പണവും മാത്രമാണ് വൈദ്യരുടെ ലക്ഷ്യമെന്നും ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന മരുന്നുകള്‍ മഹാനടന് കൊടുക്കരുതെന്നാണ് തനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തോട് പറയാനുള്ളതെന്ന് സുല്‍ഫി നൂഹ് കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
'മഹാനടനെ തൊട്ടുലോടി സംതൃപ്തനായി അദ്ദേഹം പൊയ്‌ക്കോട്ടെ!!
മഹാനടന്‍ ശ്രീ ജഗതി ശ്രീകുമാര്‍ അവര്‍കളെ തൊട്ടുലോടിയാല്‍ പഴയ ആരോഗ്യസ്ഥിതിയില്‍ എത്തിക്കാം എന്ന അവകാശവാദവുമായി ഒരു അല്‍ഭുത ചികിത്സകന്‍ പ്രത്യക്ഷപ്പെട്ടതായി സോഷ്യല്‍മീഡിയയില്‍ വായിച്ചു. സത്യാവസ്ഥ അറിയില്ല. ചികിത്സയ്ക്ക് സമ്മതം നല്‍കി ജഗതി ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കളും അത്ഭുത ചികിത്സകനെ വിവരമറിയിച്ചു എന്നും സമൂഹ മാദ്ധ്യമങ്ങളില്‍ കാണുന്നു.
മറ്റേതു സിനിമാ പ്രേമിയെയും പോലെ ശ്രീ ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ വന്നു ' നീ ആ പോസ്റ്റ് കണ്ടോ ഞാനത് കണ്ടില്ല' എന്നു വീണ്ടും പറയണമെന്ന് അതിയായി ആഗ്രഹിക്കുന്നു. എങ്കിലും പ്രായോഗികമായ ചികിത്സാ രീതികള്‍ വച്ച് അതിനുള്ള സാധ്യത വ്യക്തമല്ല. ഈ സ്ഥിതിവിശേഷത്തില്‍ അത്ഭുത ചികിത്സകള്‍ മറിച്ചൊരു ഫലം നല്‍കും എന്ന് കരുതാന്‍ വഴി കാണുന്നില്ല.
അതുകൊണ്ട് മഹാനടന്റെ ഉറ്റബന്ധുക്കള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. അത്ഭുത ചികിത്സകന്‍ വന്നോട്ടെ. മഹാനടനെ തൊട്ടു ലോടി സംതൃപ്തിയടഞ്ഞു സാമ്ബത്തികനേട്ടവും പ്രശസ്തിയും നേടി അദ്ദേഹം പൊക്കോട്ടെ. എന്നാല്‍ ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന , ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുത്....മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണ്.
തൊട്ടുലോടി അദ്ദേഹം പൊയ്‌ക്കോട്ടെ. അദ്ദേഹത്തിനു വേണ്ടത് മഹാനടന്റെ അത്ഭുത സ്‌പര്‍ശവും അല്പം പ്രശസ്‌തിയും കുറച്ചു പണവും മാത്രം.
ഡോ സുല്‍ഫി നൂഹു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്നും, 'ആ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതിയെന്നും കാസര്‍ഗോട്ടുകാരനായ പാരമ്ബര്യ വൈദ്യന്‍ മാധവന്‍ വൈദ്യര്‍ വ്യക്തമാക്കിയത്.
'അദ്ദേഹത്തിന്റെ ശരീരത്തിലൊന്നു തൊട്ടാല്‍ മതി...ആ നാഡീ ഞരമ്ബുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി, ധാരാളം. ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്'- മാധവന്‍ വൈദ്യര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
കാസര്‍കോട് പരപ്പയിലെ ബാനം ഗ്രാമത്തിലാണ് മാധവന്‍ വൈദ്യര്‍ താമസിക്കുന്നത്. കാസര്‍കോട്ടുകാരുടെ സ്വന്തം വൈദ്യര്‍. ശരീരം പാതി തളര്‍ന്നു പോയവര്‍ക്കും, വൃക്കയും കരളും പണിമുടക്കിയവര്‍ക്കും എത്രയോ തവണ പുതു ജീവന്‍ നല്‍കിയിരിക്കുന്നു വൈദ്യര്‍.
'ദൈവത്തിന്റെ കരുണയും കടാക്ഷവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ, ജഗതിയുടെ ഇന്നത്തെ അവസ്ഥയ്‌ക്ക് എന്റെ പക്കല്‍ പരിഹാരമുണ്ട്. എന്റെയടുത്ത് ഒന്ന് എത്തിച്ചാല്‍ മാത്രം മതി. എന്നാലാവുന്ന ചികിത്സ ഞാന്‍ ചെയ്യും. ആ ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മതി എനിക്ക് കാര്യം തിരിയും. അവസ്ഥ മനസിലാകും. അത് ആയൂര്‍വേദത്തിനു മാത്രം മനസിലാകുന്ന സിദ്ധിയാണ്. ഏഴ് തലമുറയായി ഞങ്ങള്‍ പാരമ്ബര്യ വൈദ്യം സിദ്ധിച്ചു പോരുന്നു.
അലോപ്പതി ചികിത്സയെ തള്ളിപ്പറഞ്ഞു കൊണ്ടല്ല ഞാനിതൊക്കെ ചെയ്യുന്നത്.
അവര്‍ വൈദ്യശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ ആയുര്‍വേദത്തിന്റെ കരുത്തില്‍ വിശ്വസിക്കുന്നു അത്രയേ ഉള്ളൂ വ്യത്യാസം എന്നും, പലരും എന്നോട് ജഗതിയുടെ രോഗാവസ്ഥ ധരിപ്പിച്ചു, എന്റെയടുക്കല്‍ പ്രതിവിധിയുണ്ടോ എന്ന് ആരാഞ്ഞു. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.
അതേ സമയം ജഗതിയുടെ ഈ അവസ്ഥ താൻ മാറ്റിത്തരുമെന്ന് മാധവൻ വൈദ്യർ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ജഗതിയുടെ മകൾ പാർവതി രംഗത്തെത്തിയിരുന്നു. പപ്പയെ തിരിച്ചു തരാമെന്ന് മാധവൻ വൈദ്യർക്ക് ഉറപ്പുണ്ടെങ്കിൽ തങ്ങൾ ഒരുക്കമാണെന്നും എന്നാൽ ഇനിയുമൊരു പരീക്ഷണത്തിന് വിട്ടുകെടുക്കാൻ തയ്യാറല്ലെന്നും പാർവതി വ്യക്തമാക്കി.
പഴയ പപ്പയെ ഞങ്ങൾക്ക് വേണം...അതിനു വേണ്ടിയാണ് ഇക്കണ്ട നാൾ വരേയും ഞങ്ങൾ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞു പോയ വർഷങ്ങളിൽ നൽകാവുന്നതിന്റെ പരമാവധി ചികിത്സ അദ്ദേഹത്തിന് നൽകി, പലതും നിരാശയായിരുന്നു സമ്മാനിച്ചത്. മാധവൻ വൈദ്യർക്ക് അദ്ദേഹത്തെ ചികിത്സിച്ച് ഭേദപ്പെടുത്താനാകുമെന്ന ഉറപ്പുണ്ടെങ്കിൽ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാനാകുമെങ്കിൽ തീർച്ചയായും പപ്പയ്ക്കായി അദ്ദേഹത്തിന്റെ ചികിത്സ തേടും. പക്ഷേ ഒരു കാര്യം, അദ്ദേഹത്തിന്റെ ചികിത്സാരീതി എവ്വിധമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടണം. ഇനിയൊരു പരീക്ഷണത്തിന് പപ്പയെ വിട്ടു കൊടുക്കാൻ ഞങ്ങൾ ഒരുക്കമല്ല.’–പാർവതി പറയുന്നു.
https://www.facebook.com/Malayalivartha