വനിതാ മതിലില്‍ പങ്കെടുത്തത് ശബരിമല പ്രവേശനത്തെ പിന്തുണയ്ക്കാന്‍: റിമ കല്ലിങ്കല്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ പിന്തുണച്ചാണ് വനിതാ മതിലില്‍ പങ്കെടുത്തതെന്ന് തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്കല്‍. കോഴിക്കോടാണ് നടി മതിലിന്റെ ഭാഗമായത്. ഇവിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്. 'വനിതാ മതില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം ലക്ഷ്യം വെച്ചുള്ളതാണെന്നതില്‍ സംശയമൊന്നുമില്ല. അതൊരു ഭരണഘടനാ അവകാശമാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മതിലില്‍ പങ്കെടുത്തത്' റിമ പറഞ്ഞു.
വനിതാ മതില്‍ വര്‍ഗ്ഗീയമെന്നു പറയുന്നതിനെക്കാള്‍ സ്ത്രീകള്‍ക്കുവേണ്ടി എല്ലാവരും ഒരുമിച്ചുനില്‍ക്കുന്നുവെന്നു പറയാനാണ് ഇഷ്ടം. കേരളത്തില്‍ ഇനിയും നവോത്ഥാനം ബാക്കിയുണ്ട്. ഇനിയുള്ള ജനറേഷന്‍ എങ്ങനെയുള്ള സമൂഹത്തില്‍, സംസ്ഥാനത്തില്‍ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാന്‍ ചരിത്രം ഒരിടം തന്നിരിക്കുകയാണ്. ഇതിന് പിന്‍ബലമായിട്ടൊരു ഇടതു പ്രത്യയശാസ്ത്രം ഉണ്ട്, ഭരണഘടന ഉണ്ട്. നല്ല നട്ടെല്ലുള്ള ആളുകള്‍ ഉണ്ടെങ്കില്‍ നടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും റിമ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ മതില്‍ വന്‍ വിജയമായതിലെ സന്തോഷവും റിമ പങ്കുവെച്ചു. 'വനിതാ മതില്‍ യഥാര്‍ത്ഥത്തില്‍ ഒരു ശക്തിപ്രകടനം തന്നെയാണ്. ഇത്രയും സ്ത്രീകളും കുട്ടികളും മതിലില്‍ ചേര്‍ന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നു. ഒരുപാടു പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് നാം നേടിയെടുത്തതാണ്. ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. അത് നമ്മുടെ കയ്യിലാണ്. അതിനു വേണ്ടിയാണ് നാമിവിടെ അണിചേര്‍ന്നതും' റിമ പറഞ്ഞു.
കെപിഎസി ലളിത, ബീനാ പോള്‍, ദീദി ദാമോദരന്‍ തുടങ്ങി നിരവധി പ്രമുഖ വനിതകള്‍ കോഴിക്കോട് മതിലിന്റെ ഭാഗമായി.
https://www.facebook.com/Malayalivartha