രാഷ്ട്രീയത്തിലെ ആരുടെ കൂടെ സമയം ചെലവഴിച്ചാലും, അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ആദ്യമായി മനസ്സ് തുറന്ന് ലലേട്ടൻ

മലയാളത്തിന്റെ താര രാജാവ്, സമാനതകളില്ലാത്ത അഭിനേതാവ് നമ്മുടെ സ്വന്തം മോഹൻലാൽ. ലലേട്ടൻ പോലും അറിയാതെ വിവങ്ങളിൽ നിന്ന് വിവാദങ്ങളിലേയ്ക്ക് നിരന്തരം വലിച്ചിഴയ്ക്കപ്പെടുന്നു. അടുത്തിടെ മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുമെന്നും തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സഹിതം വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെ ബിജെപി അനുഭാവിയാണോ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചോദ്യങ്ങള്‍ ഉയര്‍ന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോള്‍ ഇക്കാര്യത്തെപ്പറ്റി തുറന്നു പറഞ്ഞ് ലാലേട്ടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലാലിന്റെ തുറന്നുപറച്ചില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു ആദ്യമായി അഭിമുഖത്തിൽ ലാൽ മനസ്സ് തുറന്നത്. ഈ അഭിമുഖത്തോടെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ താനില്ലെന്ന സന്ദേശമാണ് മോഹൻലാൽ നൽകുന്നത്.
"രാഷ്ട്രീയത്തിലെ ആരുടെ കൂടെ സമയം ചെലവഴിച്ചാലും, പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് ഇത്. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നുവരെ ആരൊക്കെയോ പറഞ്ഞു പ്രചരിപ്പിച്ചു. പക്ഷെ രാഷ്ട്രീയത്തിലേക്ക് ഞാൻ ഇല്ല, ഒരു രീതിയിലും താല്പര്യമില്ലാത്ത കാര്യമാണ് അത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രമായി നടക്കാനാണിഷ്ടം."
"മലയാള സിനിമയിലെ ചുരുക്കം പേരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുള്ളൂ. ഒരു കാലത്ത് നസീര്‍ സാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ ഇപ്പോള്‍ ഗണേശും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്ത് സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനു നില്‍ക്കാനുമെല്ലാം പറഞ്ഞു. പക്ഷേ ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്."
"പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. അദേഹം എന്നെ മോഹന്‍ജി എന്നാണ് വിളിച്ചത്. ഞങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടിരുന്നു. സിനിമയില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷമായെന്ന് പറഞ്ഞപ്പോള്‍ അതു വലിയ അത്ഭുതമായി. ഒരിക്കല്‍ പോലും രാഷ്ട്രീയം കടന്നു വന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അദേഹം കാര്യങ്ങള്‍ ചോദിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി. രാഷ്ട്രീയത്തെ കുറിച്ച് എനിക്കൊരു അറിവും ഇല്ലാത്തതു കൊണ്ട് അതിനെ കുറിച്ച് പറയാനും ഒന്നുമില്ലായിരുന്നു. ഞാനും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടെ പെരുമാറിയതെന്നും മോഹന്‍ലാല്‍ പറയുന്നു."
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനത്തും സീറ്റുള്ള പാർട്ടിയായി ബിജെപിയെ മാറ്റാനാണ് അമിത് ഷായുടെ പദ്ധതി. കേരളത്തിൽ മാത്രമാണ് ഇതിനുള്ള സാധ്യത തീരെ കുറവ്. അതുകൊണ്ടു കൂടിയാണ് മോഹൻലാലിനെ പോലെ കേരളത്തിലെ ജനകീയ മുഖത്തെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെടുവെന്നാണ് സൂചന. സംസ്ഥാന ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമാണ് മോഹൻലാലിനോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതും.
ലാലിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയദർശനും സുരേഷ് കുമാറും ബിജെപിയുമായി ചേർന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ചെയർമാനും പ്രിയദർശനാണ്. മേജർ രവിയും സംഘപരിവാറിനൊപ്പം ചേർന്നാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ലാലും ബിജെപിയിലേക്ക് എത്തുമെന്ന വിലയിരുത്തൽ സജീവമായിരുന്നു. കേരളത്തിൽ പ്രമുഖർ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നൽകാൻ മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. എന്നാൽ താൻ ബിജെപിയില്ലെന്നല്ല ഒരു രാഷ്ട്രീയ പെട്ടിയിൽ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നില്ലെന്ന സന്ദേശം ആരാധകർക്ക് നൽകിയതോടെ വിവാദ സൂചനകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























