അച്ഛനും അമ്മയും ഒരുമിച്ചു ജീവിക്കാത്തതാണ് നല്ലത്, അവര്‍ വിവാഹമോചിതരായതില്‍ സന്തോഷമേയുള്ളൂ: സാറാ അലിഖാന്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയും താരപുത്രിയുമാണ് സാറാ അലിഖാന്‍. സെയ്ഫ് അലിഖാന്റെയും അമൃത സിങിന്റെയും മകള്‍. അരങ്ങേറ്റ ചിത്രം കേദാര്‍നാഥും തൊട്ടുപിന്നാലെ റിലീസ് ചെയ്ത രണ്ടാമത്തെ ചിത്രം സിംബയും സൂപ്പര്‍ വിജയമായതിന്റെ സന്തോഷത്തിലാണ് സാറാ. എല്ലാത്തിലുമുപരി താരജാഡയില്ലാത്ത പക്വതയാര്‍ന്ന സാറയുടെ സ്വഭാവത്തിനാണ് ആരാധകര്‍ കയ്യടിക്കുന്നത്. സാറയുടെ ഓരോ ചലനങ്ങളും ആരാധകരും വിമര്‍ശകരും സസൂഷ്മം നിരീക്ഷിക്കാറുണ്ടിപ്പോള്‍. പക്വതയുള്ള പ്രകൃതവും ഊര്‍ജ്ജസ്വലമായ പെരുമാറ്റവും കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ സാറ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അച്ഛനമ്മമാരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ്.
അച്ഛനമ്മമാര്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയെ സാറ എങ്ങനെയാണ് നേരിട്ടതെന്നും ആ സമയങ്ങളില്‍ മനസ്സില്‍ എന്തൊക്കെയായിരുന്നു എന്നുമുള്ള ചോദ്യത്തിന് സാറ നല്‍കിയ മറുപടിയിങ്ങനെ. ''ആ വേര്‍പിരിയല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ജീവിതത്തിലുണ്ടാക്കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്റെയും സഹോദരന്റെയും കാര്യങ്ങള്‍ നോക്കാന്‍ അമ്മയുണ്ടായിരുന്നു. ഒരു ഫോണ്‍കോളിനപ്പുറത്ത് ഞങ്ങളെ കേള്‍ക്കാന്‍ അച്ഛനുമുണ്ടായിരുന്നു. അതുകൊണ്ട് ഇരുവരും ഞങ്ങള്‍ക്കൊപ്പമില്ലെന്ന ചിന്തയൊന്നും ഉണ്ടായിട്ടില്ല.
''ഒരുപാടു കാര്യങ്ങളെടുത്തു നോക്കിയാല്‍ അവര്‍ പിരിഞ്ഞതില്‍ സന്തോഷമേ തോന്നുന്നൂള്ളൂ. ഒരുമിച്ചുള്ളപ്പോള്‍ അവര്‍ക്ക് സന്തോഷത്തോടെയിരിക്കാനാവില്ലെന്ന് എനിക്കറിയാം. അവര്‍ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ഞങ്ങള്‍ക്കും സന്തോഷത്തോടെയിരിക്കാന്‍ കഴിയില്ല. അസന്തുഷ്ടരായ മാതാപിതാക്കള്‍ ഒരു കൂരയ്ക്കു കീഴില്‍ ഒരുമിച്ചു ജീവിക്കുന്നതിനേക്കാള്‍ നല്ലത്. രണ്ടു വീട്ടില്‍ അവരിരുവരും സന്തോഷത്തോടെയിരിക്കുന്നതാണ്.''- സാറ പറയുന്നു.
ബോളിവുഡിലെ പുതിയ താരോദയമായതിനെക്കുറിച്ച് എന്താണഭിപ്രായം എന്ന ചോദ്യത്തിന് ലഭിക്കുന്ന ജോലികള്‍ കഠിനാധ്വാനത്തോടെ ചെയ്യുന്നു എന്നല്ലാതെ താരപദവിയെക്കുറിച്ചൊന്നും താന്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു സാറയുടെ മറുപടി. അച്ഛന്‍ സെയ്ഫിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് '' ദൈവമനുവദിച്ചാല്‍ ഒരുമിച്ചഭിനയിക്കാനാകും. അങ്ങനെ അടിക്കടി സംഭവിക്കണമെന്നില്ല, പക്ഷേ ഞങ്ങളുടെ സാന്നിധ്യത്തെ സാധൂകരിക്കാനാകുന്ന ഒരു സ്‌ക്രിപ്റ്റ് കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ഒരുമിച്ചഭിനയിക്കും''.- സാറ പറയുന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് സാറ ബി ടൗണിലെത്തിയത്. കേദാര്‍ നാഥ്, സിംബ എന്നീ ചിത്രങ്ങളിലാണ് സാറ അഭിനയിച്ചത്.
https://www.facebook.com/Malayalivartha























