ഒന്നുമില്ലാത്തയാളെ വളര്‍ത്തികൊണ്ടു വന്ന്, ആരെങ്കിലുമായി കഴിയുമ്പോള്‍ ചവിട്ടി താഴെയിടുന്ന പരിപാടി പണ്ടേയുള്ളതാണ്: ടൊവിനോ

സിനിമാ ബന്ധങ്ങളൊന്നുമില്ലാതെ സ്വന്തം കഴിവും അധ്വാനവും കൊണ്ട് ഉയര്‍ന്നു വന്ന താരമാണ് ടൊവിനോ. നായകനാകണമെന്ന വാശിയില്ലാതെ ലഭിക്കുന്ന വേഷങ്ങളെല്ലാം മനോഹരമാക്കി മലയാളത്തിലും തമിഴിലും ഒരുപോലെ പ്രിയങ്കരനായ താരം. നിലപാടുകള്‍ വെട്ടിത്തുറന്നു പറയാന്‍ പേടിയില്ലാത്തതിനാല്‍ നിരവധി വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി ഇറങ്ങിയ താരത്തിന് ഇതേ തുടര്‍ന്ന് ചില വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമാ റിലീസ് ലക്ഷ്യമാക്കിയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയതെന്നായിരുന്നു പ്രധാന വിമര്‍ശനം.
മനുഷ്യത്വമുള്ളതിനാലാണ് താന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. അന്ന് ഒപ്പമിറങ്ങിയവര്‍ക്കെല്ലാം സിനിമാ റിലീസുണ്ടായിരുന്നോയെന്നും ടോവിനോ ചോദിക്കുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. അമേരിക്കയിലോ യുകെയിലോ ഒന്നുമല്ല താനിറങ്ങിയത്. ഇരിങ്ങാലക്കുടയിലാണ്, താനും കുടുംബവും അവിടെ പെട്ടുപോയിരുന്നു. വീട്ടിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ വരെ വെള്ളം കയറിയിരുന്നു.
സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിയെന്ന് അറിഞ്ഞപ്പോള്‍ ഭയം തോന്നിയിരുന്നു. എന്തെങ്കിലും ചെയ്യണമെന്നും തോന്നി. ക്യാംപുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിന് വേണ്ടിയാണ് പോയത്. എന്നാല്‍ അവിടയെത്തിയപ്പോഴാണ് അറിഞ്ഞത് പലരും കുരുങ്ങിക്കിടക്കുകയാണെന്ന്. മഴ മാറുന്നുമില്ല, ഒന്നും ചെയ്തില്ലെങ്കില്‍ സ്ഥിതി മോശമാവുമെന്നും മനസ്സിലായിരുന്നു. ഒന്നുമില്ലാത്ത ഒരാളെ വളര്‍ത്തിക്കൊണ്ടുവന്ന് അയാള്‍ ഒരു സ്ഥാനത്തെത്തുമ്പോള്‍ ചവിട്ടിയിടുന്ന പ്രവണത പണ്ടെയുള്ളതാണെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha























