ലോസ് ആഞ്ചെലസ് മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ശാന്തി ആന്റണി
ഈ വര്‍ഷത്തെ ലോസ് ആഞ്ചെലസ് മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി. 42 കിലോമീറ്റര്‍ ദൂരം 6 മണിക്കൂര്‍ 27 മിനിറ്റ് കൊണ്ടാണ് ശാന്തി ഓടിത്തീര്‍ത്തത്. മകള്‍ അനിഷ ആന്റണിയുടെ ഭര്‍ത്താവ് എമില്‍ വിന്‍സന്റിന്റെ സഹോദരന് നീല്‍ വിന്‍സന്റിനെയും കുടുംബത്തെയും കാണാന്‍ ലോസ് ആഞ്ചെലസില്‍ എത്തിയതായിരുന്നു ശാന്തി.
മാരത്തണിനെക്കുറിച്ച് അറിഞ്ഞതോടെ അവിടെ ഓടി പരിശീലിക്കുകയും മാരത്തണില്‍ പങ്കെടുക്കുകയുമായിരുന്നു. എന്നും ഏഴു കിലോമീറ്ററെങ്കിലും നടക്കുന്ന ശാന്തി അപൂര്‍വമായേ ഓടാറുള്ളൂ. ശാന്തിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആന്റണി പെരുമ്പാവൂര്‍ കുറിപ്പ് പങ്കുവച്ചു.
എന്നാല്‍ കൂടെയുണ്ടായിരുന്ന പലരും പിന്‍വാങ്ങിയെങ്കിലും ശാന്തി ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു. നീലും കുടുംബ സുഹൃത്തായ ജിജോ കോശിയും ശാന്തിക്കൊപ്പം ഫിനിഷ് ചെയ്തു. സുഹൃത്തുക്കളായ ലിയ സെബാസ്റ്റ്യനും ബിനോയിയും ഇവരെ വാഹനത്തില്‍ പിന്തുടരുന്നുണ്ടായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15000 ത്തോളം അത്ലറ്റുകളാണ് മാരത്തണില്‍ പങ്കെടുത്തത്. 11,525 പേര് ഓട്ടം പൂര്‍ത്തിയാക്കി ഇതില്‍ 9005ാം ആളായാണ് ശാന്തി ഓടിയെത്തിയത്. സ്ഥിരമായി മാരത്തണ്‍ ഓടുന്നവരും അത്ലീറ്റുകളുമാണു കൂടുതലും പങ്കെടുത്തത്. ദേശീയ പതാകയുമായാണ് ശാന്തി മെഡല്‍ സ്വീകരിക്കാനെത്തിയത്.
https://www.facebook.com/Malayalivartha