കൂടുതല്‍ ഭാഷകള്‍ പഠിക്കുന്നത് ഏറ്റവും നല്ലതാണ്...ഹിന്ദി ഭാഷാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുഹാസിനി രംഗത്ത്
ഹിന്ദി ഭാഷാ വിവാദത്തില്‍ നിരവധി താരങ്ങള്‍ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോളിതാ ഹിന്ദി ഭാഷാ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നുമാണ് സുഹാസിനി പറയുന്നത്.
ഹിന്ദിക്കാര് നല്ലവരാണെന്നും അവരോട് സംസാരിക്കണമെങ്കില്‍ ഹിന്ദി നമ്മള് പഠിക്കണമെന്നും സുഹാസിനി വ്യക്തമാക്കി. അജയ് ദേവ്ഗണും കിച്ച സുദീപും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ കുറിച്ച് സംസാരിക്കവെയാണ്, സുഹാസിനി തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
'അഭിനേതാക്കള്‍ക്ക് എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം.ഹിന്ദി നല്ല ഭാഷയാണ്. നിങ്ങള്‍ അത് പഠിക്കണം. ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്. അവരോട് സംസാരിക്കണമെങ്കില്‍ ആ ഭാഷ പഠിക്കണം. തമിഴരും നല്ലവരാണ്. നമ്മള് അവരോട് തമിഴില്‍ സംസാരിച്ചാല്‍ അവര്‍ സന്തോഷിക്കും. എല്ലാവരും തമിഴ് പറഞ്ഞാല്‍ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. കൂടുതല്‍ ഭാഷകള്‍ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാന്‍ ഇഷ്ടമാണ് എന്ന് കരുതി, ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്നാട്ടുകാരി അല്ലാതായി മാറില്ല', സുഹാസിനി വ്യക്തമാക്കി.
വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി കങ്കണ റണൗട്ടും രംഗത്തെത്തിയിരുന്നു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗണ് പറയുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടെ ഭാഷയിലും സംസ്കാരത്തിലും അഭിമാനിക്കാന്‍ അവകാശമുണ്ടെന്നുമാണ് കങ്കണ റണൗത്ത് പറഞ്ഞത്. രാജ്യത്തെ രാഷ്ട്ര ഭാഷയാവേണ്ടത് ഹിന്ദിയോ ദക്ഷിണേന്ത്യന്‍ ഭാഷയോ അല്ലെന്നും സംസ്കൃതമാണെന്നും കങ്കണ പറയുന്നു.
രാജ്യം ഒന്നായിരിക്കാന്‍ വേണ്ടിയാണ് ഹിന്ദി രാഷ്ട്ര ഭാഷയാക്കിയത്. യഥാര്‍ത്ഥത്തില്‍ തമിഴ് ഭാഷ ഹിന്ദിയേക്കാള്‍ പഴമയുള്ളതാണ്. പക്ഷെ അതിനേക്കാള്‍ പഴമയുള്ളതാണ് സംസ്കൃതം. സംസ്കൃതം ദേശീയ ഭാഷയാവണമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം കന്നഡ, തമിഴ്, ഹിന്ദു, ഗുജറാത്തി തുടങ്ങിയ ഭാഷകളെല്ലാം സംസ്കൃതത്തില്‍ നിന്നാണ് വന്നത്. സംസ്കൃതം ഒഴിവാക്കി ഹിന്ദി ദേശീയ ഭാഷയാക്കിയതെന്തിനെന്നതിന് എനിക്ക് ഉത്തരമില്ല. അത് ആ സമയത്തെടുത്ത തീരുമാനമാണ്,' കങ്കണ പറഞ്ഞു.
https://www.facebook.com/Malayalivartha