75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

പ്രായം എഴുപത്തഞ്ച്. ജീവിതത്തിൽ ഇനി കൂട്ടിനാരുമില്ലെന്നു കരുതിയ സമയത്താണ് പുതിയൊരു കൂട്ടുകാരിയെ കനയ്യ ലാലിന് ലഭിച്ചത്. ഒടുവിൽ ഇരുവരും വിവാഹിതരായി. ഹിമാചൽ പ്രദേശിലെ ബിലാസ്പുരിലുള്ള വൃദ്ധസദനത്തിലാണ് ഹൃദയം തൊടുന്ന ഈ വിവാഹം നടന്നത്.
75 വയസ്സുകാരനായ കനയ്യ ലാലും 63 വയസ്സുകാരിയായ സവീനയുമാണ് ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങിയത്. കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെട്ട് ഇരുവരും എത്തിപ്പെട്ടത് ഒരേ വൃദ്ധസദനത്തിൽ. അവിടെവച്ചുള്ള പരിചയം പതിയെ അടുപ്പമായി. ജീവിതത്തിന്റെ ശേഷിക്കുന്ന കാലം ഒരുമിച്ച് കഴിയാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
കനയ്യ ലാലിന്റെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു. ഭാര്യയുടെ മരണത്തിനും കുടുംബത്തിൽനിന്ന് അകന്നുപോകേണ്ടിവന്നതിനും പിന്നാലെ ഒരു കാലത്ത് ഗുഹയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. 2022-ൽ സന്നദ്ധസംഘടനയുടെ പ്രവർത്തകർ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി വൃദ്ധസദനത്തിലെത്തിക്കുകയായിരുന്നു. കൊൽക്കത്ത സ്വദേശിയായ സവീന വഴിതെറ്റി ഹിമാചലിലെത്തിയതിനെത്തുടർന്നാണ് സംരക്ഷണകേന്ദ്രത്തിലൂടെ വൃദ്ധസദനത്തിലെത്തിയത്.
സഹവാസികളും നാട്ടുകാരും ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്ത ആഘോഷമായിരുന്നു വിവാഹം. ബിലാസ്പുർ ഡെപ്യൂട്ടി കമ്മിഷണർ കിരൺ ഭദാനയും ചടങ്ങിനെത്തി നവദമ്പതികളെ ആശംസിച്ചു. വിവാഹശേഷം ഇരുവർക്കും ഒരുമിച്ച് കഴിയാനായി സോളൻ ജില്ലയിലെ നലഗഢിലുള്ള മറ്റൊരു വൃദ്ധസദനത്തിലേക്ക് മാറാനാണ് തീരുമാനം.
പ്രായം എത്രയായാലും സ്നേഹത്തിനും കൂട്ടിനും പുതിയൊരു ജീവിതത്തിനും അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ഈ വിവാഹം.
https://www.facebook.com/Malayalivartha
























