ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിലാണ്. ട്രെയിന്‍ യാത്രയ്‌ക്കിടയിലെ ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന് സമാനമായി ദീര്‍ഘദൂര ട്രെയിനുകളിലും ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം. ഭക്ഷണത്തിലെ വിഭവങ്ങളുടെ എണ്ണം കുറച്ച് ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി.
മുംബൈ-ബംഗളൂരു, ഹൗറ-കാമാഖ്യ, ഡല്‍ഹി-വാരണാസി റൂട്ടുകളിലാണ് പരിഷ്‌കരിച്ച ഭക്ഷണരീതി അവതരിപ്പിച്ചത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലെ വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് വിമാനങ്ങളിലേതിന് സമാനമായ മെനു തയ്യാറാക്കിയിരിക്കുന്നത്.ദീര്‍ഘദൂര ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് യാത്രക്കാരില്‍ നിന്ന് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണുകയാണ് റെയില്‍വേയുടെ ലക്ഷ്യം. ഇതിനായി സാധാരണ കാറ്ററിങ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി പ്രമുഖ ക്ലൗഡ് കിച്ചണുകളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
മെയ്‌ഫെയര്‍ ഗ്രൂപ്പ്, താജ്‌സാറ്റ്‌സ്, സരോവര്‍ പോര്‍ട്ടിക്കോ ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ-ബംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ പ്രഭാതഭക്ഷണത്തില്‍ ഇഡ്ഡലി, വട, സാമ്പാര്‍, ചട്‌നി എന്നിവ അടങ്ങിയ പ്ലേറ്റോ, പോഹയോ ഉപ്പുമാവോ ലഭിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചപ്പാത്തി, ചോറ്, പരിപ്പുകറി എന്നിവയ്‌ക്കൊപ്പം ചിക്കന്‍ അല്ലെങ്കില്‍ പച്ചക്കറി വിഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പുതിയ സംവിധാനത്തില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ മൊത്തം അളവിലും കുറവുണ്ട്.
നേരത്തെ 700-750 ഗ്രാം വരെ ലഭിച്ചിരുന്ന ഭക്ഷണത്തിന്റെ ഭാരം ഇപ്പോള്‍ 450-500 ഗ്രാമായി കുറച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വിഭവത്തിനും നിശ്ചയിച്ചിട്ടുള്ള അളവില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്‌കാരം വിജയകരമായാല്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.ഏതായാലും യാത്രക്കാരുടെ സൗകര്യങ്ങൾക്കനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ യാത്രക്കാരും ഇരുകയ്യും നീട്ടിയാണ് അത് സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























