"ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീ, ഞാൻ നിന്നെ സ്നേഹിക്കുന്നു", ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

ഇക്കൊല്ലവും പതിവ് തെറ്റിക്കാതെ നടി ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അടുത്ത സുഹൃത്തും നടിയുമായ മഞ്ജുവാര്യർ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആശംസകൾ നേർന്നത്. ഭാവനയ്ക്കും സംയുക്ത വർമ്മയ്ക്കും ഒപ്പമുള്ള ചിത്രവും മഞ്ജു കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
"ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം",എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.
2017ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോൺ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്ന് ഭാവന നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേ അഭിമുഖത്തിൽ താൻ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്ന സൂചനയും ഭാവന നൽകിയിരുന്നു.
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലിന്റേതാണ്.
തിരക്കഥയിൽ കൂടെ പ്രവർത്തിച്ചിട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം.അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു.
പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും ആണ്.
https://www.facebook.com/Malayalivartha

























