ദിലീപിന്റ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും 'ദിലീപിനെ പൂട്ടണം' എന്ന ഗ്രൂപ്പിലെ വാട്‍സാപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് കിട്ടി! അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ ദിലീപിന്റെ പി ആര്‍ ടീം ആള്‍മാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പിനെതിരെ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ വെള്ള പൂഷനെത്തിയ ശ്രീലേഖയുടെ തുറന്ന് പറച്ചിൽ വിവാദം ഉണ്ടാക്കിയ പുകിലൊന്നും ചെറുതല്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ട അവസ്ഥവരെയുണ്ടായി. കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിക്കുമ്പോൾ ദിലീപിനെ സംബന്ധിച്ച് തീർത്തും നിർണായകമാണ്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ ദിലീപിന്റെ പി ആര്‍ ടീം ആള്‍മാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
വാട്‍സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. വാട്‍സാപ്പ് ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകൾ വ്യാജമാണെന്ന് ബൈജു കൊട്ടാരക്കര മൊഴി നൽകി. ദിലീപിന്റ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നാണ് 'ദിലീപിനെ പൂട്ടണം' എന്ന ഗ്രൂപ്പിലെ വാട്‍സാപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് കിട്ടിയത്. ചലച്ചിത്ര പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫൈലുകൾ ഉള്ള ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഫോണിൽ ഉണ്ടായിരുന്നത്. പി.സി.ജോർജിന്‍റെ മകൻ ഷോൺ ജോർജാണ് ഈ സ്ക്രീൻ ഷോട്ട് അനൂപിന് അയച്ചിട്ടുള്ളത്. സ്ക്രീൻ ഷോട്ടിൽ പേരുകൾ ഉള്ള ചിലരുടെ മൊഴി എടുത്തതിൽ നിന്ന് ഇങ്ങനെ ഒരു ഗ്രൂപ്പിൽ അവർ അംഗങ്ങളല്ലെന്ന് വ്യക്തമായി. ഇതോടെയാണ് അതിജീവിതയ്ക്കൊപ്പം നിന്നവരെ അപമാനിക്കാൻ വേണ്ടി വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടേയും ചലച്ചിത്ര രംഗത്തുള്ളവരുടേയും മൊഴിയെടുത്തു. 2017 നവംബറിൽ ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വാട്‍സാപ്പ് ചാറ്റുകൾ പ്രത്യക്ഷപ്പെട്ടത്. നടനെ കുടുക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാനാണ് വ്യാജ ചാറ്റുകൾ തയ്യാറാക്കിയതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഗ്രൂപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ച ശേഷമാകും ഷോൺ ജോർജിന്റെ മൊഴിയെടുക്കുക. ദിവസങ്ങൾക്ക് മുൻപ് സംവിധായകന്‍ ആലപ്പി അഷ്റഫും തന്റെ ഫേസ് ബുക് പേജിലൂടെ ഈ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് കുറിയ്ക്കുകയായുണ്ടായി.
ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു..
ദിലീപിനെ പൂട്ടണം...
ആലുവാ ക്രൈം ബ്രാഞ്ചില്‍ നിന്നും എനിക്ക് വിളി വരുന്നു. അടുത്ത ദിവസം അവിടെ എത്താമോയെന്ന് ...?.
യെസ്, 15/07/'22 കൃത്യം 11.30 ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ സാറിന്റെ മുന്‍പില്‍ ഹാജര്‍.
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസുമായ് ബന്ധപ്പെട്ട്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും കിട്ടിയ വിവരത്തിന്റെ നിജസ്ഥിതി അറിയാനായിരുന്നു എന്നെ വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ മുന്‍പിലുള്ള കംപ്യൂട്ടര്‍ സ്‌ക്രീനില്‍, ഒരു വാട്ട്സ്ആപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് കാട്ടിത്തരുന്നു. ആ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരാണ്, ' ദിലീപിനെ പൂട്ടണം.' നിരവധി ചാറ്റുകള്‍. എല്ലാം ദിലീപിനെ കുടുക്കാനുള്ള പദ്ധതികള്‍ മാത്രം.
ഗ്രൂപ്പംഗങ്ങളില്‍ ആദ്യത്തെ പേര് കണ്ട് ഞാന്‍ അമ്പരന്നു. ആലപ്പി അഷറഫ്, അതായത് എന്റെ പേര്. ഇനിയുള്ള മറ്റ് അംഗങ്ങളെക്കുറിച്ചാണങ്കില്‍, ആഷിക് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐ പി എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി. ഇത്രയും പേരാണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. ഈ ഗ്രൂപ്പിന്റെ നാല് സ്‌ക്രീന്‍ ഷോട്ടുകളാണ് എന്നെ കാണിച്ചു തന്നത്. ഒരു ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും, വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടു.
അന്വേഷണത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങള്‍ പുനര്‍ജീവിപ്പിച്ചെടുത്ത കൂട്ടത്തില്‍ കിട്ടിയതാണിവ. അതിന്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചത്. സന്ധ്യ മാഡത്തിന്റെ പേരു കൂടി ഉള്‍പ്പെട്ടത് കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനായി. പി ആര്‍ വര്‍ക്കേഴ്സിന്റെ പല നമ്പറുകള്‍. മേല്‍പറഞ്ഞ പേരുകളില്‍ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ. പേരുകള്‍ ചേര്‍ന്ന് വരുന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം. ഇതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായി എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടര്‍ കാട്ടികൂട്ടുന്നത്. ഞാന്‍ മനസാ വാചാ കര്‍മ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തു. അപകീര്‍ത്തിക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടു. ഒടുവില്‍ ഞാന്‍ അവരോടു പറഞ്ഞു: സാര്‍, ഒരു പാവം പെണ്‍കുട്ടിയുടെ ദീനരോധനം കേട്ടിട്ട് എനിക്കും മറ്റുള്ളവരെപോലെ മിണ്ടാതെ പോകാം. പക്ഷേ ഒരു മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകനായ ഞാന്‍ അങ്ങിനെ ചെയ്താല്‍, അത് സ്ത്രീ സമൂഹത്തോടും, വരും തലമുറയോടും ചെയ്യുന്ന ക്രൂരതയാകും. ഞാന്‍ തുടര്‍ന്നു. ഗൂഢാലോചന നടന്നിട്ടുണ്ടന്ന്. ഉറച്ച് വിശ്വസിക്കുന്നു. അതിലെറെ ഞാന്‍ വിശ്വസിക്കുന്ന മറ്റൊന്ന് കൂടിയുണ്ടു. അതിജീവിതയ്ക്ക് നീതി ലഭിക്കില്ല. ഒരിക്കലും. ദിലീപ് പുഷ്പം പോലെ ഊരിപോകും സാറേ. സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍ തെല്ല് നിസ്സംഗതയോടെ എന്റെ മുഖത്തേക്ക് നോക്കി. സ്ത്രീകളുടെ സുരക്ഷക്കായ് പൊളിച്ചെഴുതേണ്ടുന്ന, നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാണ് ആ മുഖത്ത് നിഴലിച്ചത്. എങ്കിലും പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം, നീതിദേവത കണ്‍തുറക്കുന്ന നല്ലൊരു തീര്‍പ്പിനായി. എന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha























