സിനിമ- നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവര്‍ത്തകനുമായ വി. പരമേശ്വരന്‍ നായര്‍ അന്തരിച്ചു

സിനിമ- നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവര്‍ത്തകനുമായ വി. പരമേശ്വരന്‍ നായര്‍ (85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു
ഇന്നലെ വൈകുന്നേരത്തോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരന്‍ നായര്‍ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയില്‍ സ്ഥിരതാമസമാണ്.
ആരംഭത്തില്‍ തന്നെ ഏതാനും വര്‍ഷം പട്ടാളത്തില്‍ ജോലിചെയ്തു. പിന്നീട് 1968 മുതല്‍ 1991 വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ഡി.പി.എലിലെ ജിവനക്കാരനായി. വിരമിച്ചശേഷം പുരോഗമനാശയങ്ങളുമായി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, നാടകപ്രവര്‍ത്തനം, മലയാളിസംഘടനാ പ്രവര്‍ത്തനം, രാഷ്ട്രീയപ്രവര്‍ത്തനം എന്നിവയില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.
മദിരാശി കേരളസമാജം ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ഉപദേശകനാവുകയും ഒട്ടനവധി മലയാളിസംഘടനകളുടെ ബീജാവാപത്തിനു കാരണക്കാരനാവുകയും ചെയ്തു.
സിനിമ, സീരിയല്‍, നാടകം, പരസ്യചിത്രം എന്നിവയില്‍ അഭിനയിച്ചു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'അനന്തഭദ്രം' എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു. ദൂരദര്‍ശനിലും സ്വകാര്യ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
'നഷ്ടവര്‍ണങ്ങള്‍' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ടാറ്റ ധന്‍ ഫൗണ്ടേഷന്റെ മികച്ച അഭിനേതാവിനുളള പുരസ്‌കാരം നേടി.
https://www.facebook.com/Malayalivartha