തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി അന്തരിച്ചു....ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം

തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ കുടുംബമാണ് മരണവിവരമറിയിച്ചത്.
ചെന്നൈ ബസന്ത് നഗറിലെ വസതിയായ ഹൈക്കമാന്‍ഡിലെ പൊതുദര്‍ശനത്തിന് ശേഷം മധുരയിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
അതേസമയം തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകന്‍ എന്ന നിലയിലും ഷിഹാന്‍ ഹുസൈനി പ്രസിദ്ധനാണ്. ഭാര്യയും ഒരു മകളുമുണ്ട്. കരാട്ടയിലെ കാട്ടകള്‍ പ്രദര്‍ശിപ്പിച്ചും അമ്പെയ്തും അന്ത്യോപചാരം അര്‍പ്പിക്കാനായി ഹുസൈനിയുടെ ശിഷ്യരോടും മാതാപിതാക്കളോടും പരിശീലകരോടും കുടുംബം അഭ്യര്‍ഥിച്ചു.വളരെ നാളായി ഹുസൈനി രക്താര്‍ബുദത്തോട് മല്ലിടുകയായിരുന്നു.
തന്റെ ആരോഗ്യസ്ഥിതി തുടര്‍ച്ചയായി അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഹുസൈനിയുടെ ചികിത്സയ്ക്കായി തമിഴ്നാട് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ചിട്ടുണ്ടായിരുന്നു. മരണാനന്തരം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
"
കമല്‍ ഹാസന്റെ പുന്നഗൈ മന്നനിലൂടെ 1986-ലാണ് അദ്ദേഹം സിനിമയിലെത്തിയത്. രജനീകാന്തിന്റെ വേലൈക്കാരന്‍, ബ്ലഡ് സ്റ്റോണ്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാന ചിത്രങ്ങളില്‍ ഒന്ന് വിജയ് സേതുപതിയുടെ കാതുവാക്കിലെ രണ്ടു കാതല്‍ ആണ് .
https://www.facebook.com/Malayalivartha