ദൈവങ്ങളും വഴിപാടുകളും ഗുണം ചെയ്തില്ല; ദിലീപിന് മേല്‍ വീണ്ടും കുരുക്ക്, നിര്‍മാതാക്കളും ബിസിനസ് പങ്കാളികളും ആശങ്കയില്‍

ബുധനാഴ്ച രാവിലെ തലസ്ഥാനത്ത് കേരള രാഷ്ട്രീയം പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നതറിഞ്ഞ് കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ പരക്കം പായുകയായിരുന്നു. ചോദ്യം ചെയ്യല്‍ 10 മണി കഴിഞ്ഞാണ് സിനിമാക്കാര്‍ അറിഞ്ഞത്. ഇതോടെ ദിലീപിന്റെ ബിസിനസുകളില്‍ പങ്കാളികളായവരും നിക്ഷേപം നടത്തിയവരും ദിലീപിന്റെ പണം കൊണ്ട് ബിസിനസ് നടത്തുന്നവരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ നിര്‍മാതാക്കളും അണിയറപ്രവര്‍ത്തകരും ആശങ്കയിലായി.
ജാമ്യംനേടി പുറത്ത് വന്ന ശേഷം പുതിയ ചിത്രങ്ങളില്‍ നായകനായി അഭിനയിക്കാന്‍ ദിലീപ് കരാര്‍ ഒപ്പിട്ടിട്ടില്ല. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന സിനിമയില്‍ അതിഥി വേഷം മാത്രമാണ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമാരസംഭവത്തില്‍ അഭിനയിക്കുമ്പോഴാണ് താരം അറസ്റ്റിലായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അഭിനയിച്ചിട്ടേയില്ല. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും വഴിപാട് നടത്തുകയുമായിരുന്നു. വക്കീലായ ബി.രാമന്‍പിള്ളയും മറ്റ് സുഹൃത്തുക്കളുമായി കേസിനെ സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തി. അതിന് ശേഷമാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്.
കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വിശദമായ പരിശോധനയും താരം നടത്തിയിരുന്നു. 84 ദിവസം ജയിലില്‍ കഴിഞ്ഞപ്പോള്‍ വ്യായാമം മുടങ്ങിയില്ലെങ്കിലും മാനസിക സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. പലതവണ ജാമ്യം തേടി കോടതികളെ സമീപിച്ചിരുന്നു. മാത്രമല്ല തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ ജനം കൂവി വിളിച്ചിരുന്നു. ഇതൊക്കെ സമ്മര്‍ദ്ദത്തിനിടയാക്കി. തുടര്‍ന്നാണ് പരിശോധന നടത്തിയത്. കമാരസംഭവത്തിന് പിന്നാലെ പ്രൊഫ. ഡിങ്കനാണ് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. പത്ത് ദിവസത്തെ ചിത്രീകരണം മാത്രമാണ് നടന്നത്. ഷൂട്ടിംഗിന് മുമ്പോ രണ്ട് കോടിയോളം ചെലവായ സിനിമയാണ്. ത്രിഡിയില്‍ ഒരുക്കുന്ന ചിത്രത്തിനായി വിഷ്വല്‍ എഫക്‌സ് സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട്. നിര്‍മാതാവ് മാസന്തോറും ലക്ഷങ്ങളാണ് പലിശയിനത്തില്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha


























