ആമിർ ഖാന്റെ ആദ്യത്തെ മദ്യപാനം ഇങ്ങനെയായിരുന്നു...
16 NOVEMBER 2017 01:08 PM IST

മലയാളി വാര്‍ത്ത
പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് തെളിയിച്ച താരമാണ് ആമിർ ഖാൻ. താരേ സമീൻ പർ എന്ന ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചിട്ടുണ്ട്.
കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ധര്‍മേഷ് ദര്‍ശന്റെ രാജാ ഹിന്ദുസ്ഥാനി. ബോളിവുഡിൽ നിന്നും 1996-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് രാജാ ഹിന്ദുസ്ഥാനി. അമീർ ഖാൻ കരിഷ്മാ കപൂർ താരജോഡികളാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
ഇൻഡ്യൻ സിനിമാ ചരിത്രത്തിലെ 2000 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരുന്നു ഇത്. ധർമ്മേഷ് ദർശൻ ആയിരുന്നു രചനയും സംവിധാനവും നിർവഹിച്ചത്. നദീം-ശ്രാവൺ ആയിരുന്നു ഈ സിനിമയുടെ സംഗീത സംവിധാനം. ഇതിലെ ഗാനങ്ങളും കരിഷ്മ കപൂറുമായുള്ള ദൈര്‍ഘ്യമേറിയ ഒരു ചുംബനരംഗവുമെല്ലാം വന്‍ തരംഗമായിരുന്നു അക്കാലത്ത്.
പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം തിയേറ്ററില്‍ എത്തിയിട്ട് ഇരുപത്തിയൊന്ന് വര്‍ഷമായി. ചിത്രത്തിന്റെ ഹിറ്റായ കഥയേക്കാള്‍ വലിയ കഥകള്‍ അതിന്റെ അണിയറയിലുണ്ടായിരുന്നുവെന്ന് എഴുതിയിരിക്കുകയാണ് ശ്രേയ മുഖര്‍ജി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍. ഈ ചിത്രത്തിനുവേണ്ടിയാണ് ആമിര്‍ ആദ്യമായി മദ്യപിച്ചതെന്ന് ലേഖനത്തില്‍ പറയുന്നു.
ഇഷ്ഖ് മേന്‍ നാച്ചേഗ എന്ന ഗാനരംഗത്തിന് സ്വാഭാവികത ലഭിക്കാന്‍ ഒരു ലിറ്റര്‍ വോഡ്കയാണ് ആമിര്‍ അന്ന് അകത്താക്കിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ വലിയ മനസ്സുണ്ടായിരുന്നില്ല തുടക്കത്തില്‍ ആമിറിന്. എന്നാല്‍, പിന്നീട് ചിത്രം ഒരു വന്‍ ഹിറ്റാകുമെന്ന് സംവിധായകന്‍ പറഞ്ഞ് ബോധിപ്പിച്ചശേഷമാണ് ആമിര്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. സംവിധായകന്റെ ഉറപ്പ് ഏതായാലും പാഴായില്ല.
ആമിറിന് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം 871 ദശലക്ഷം രൂപയാണ് ബോക്സ് ഓഫീസില്‍ നിന്ന് വാരിയത്. ആമിറിന്റെ അഭിയം ദിലീപ് കുമാറിനെയാണ് ഓര്‍മിപ്പിച്ചതെന്നാണ് സംവിധായകന്‍ പറഞ്ഞത്. കരീനയ്ക്ക് പകരം വിശ്വസുന്ദരിയായ ഐശ്വര്യ റായിയെയായിരുന്നു നായികയായി ആദ്യം കണ്ടുവച്ചിരുന്നത്. എന്നാല്‍, അഭിനയം ഒരു തൊഴിലായി സ്വീകരിക്കുമോ എന്ന് ഉറപ്പില്ലാതിരുന്നത് കൊണ്ട് ഐശ്വര്യ ഈ റോള്‍ നിരാകരിക്കുകയായിരുന്നു.
ജൂഹി ചൗളയ്ക്കാണ് പിന്നെ നറുക്ക് വീണത്. എന്നാല്‍, ആമിറുമായി നിലനിന്നിരുന്ന ചില പ്രശ്നങ്ങള്‍ കാണം ജൂഹിയും ആ വേഷം സ്വീകരിച്ചില്ല. പൂജ ഭട്ടിനെ നായികയാക്കാനായി പിന്നെ സംവിധായകന്‍ ധര്‍മേഷിന്‍െ ശ്രമം. എന്നാല്‍, ഇതുവരെ ഒപ്പം അഭിനയിക്കാത്ത ഒരാള്‍ വേണമെന്ന് ആമിര്‍ ശഠിച്ചതോടെ കരിഷ്മ നായികയായി. ഇതിലെ ആരതി സേഗാളിന്റെ വേഷം കരിഷ്മയുടെ കരിയറിലെ വഴിത്തിരിവാവുകയും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.