ഭര്‍ത്താവും ഭാര്യയുംകൂടി സര്‍ക്കാരിനെ കറക്കു കമ്പനിയാക്കി, 4 മന്ത്രിമാര്‍ക്കും 1 കേന്ദ്രമന്ത്രിക്കും സരിതയുമായി അടുപ്പം, എമര്‍ജിംഗ് കേരളയില്‍ ടീം സോളാറും

ഒരു ഭര്‍ത്താവിനും ഭാര്യക്കും കൂടി മാക്‌സിമം എന്തു ചെയ്യാന്‍ കഴിയുമെന്ന് കാട്ടിത്തരുകയാണ് കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്‌ണനും ഭാര്യ സരിത എസ് നായര്‍ എന്ന ലക്ഷ്‌മിയും. പക്ഷേ ഭര്‍ത്താവിനെക്കാള്‍ കേമിയായിരുന്നു ഭാര്യ. പെട്ടന്നു പണക്കാരാവുകയെന്ന അതിയായ മോഹമാണ് അവരെ സോളാര്‍, കാറ്റാടി കമ്പനിയിലേക്ക് നയിച്ചത്. ആരെയും പെട്ടന്നാകര്‍ഷിക്കാന്‍ കഴിവുള്ള സരിത എസ് നായര്‍ എന്ന 35 കാരി മന്ത്രിതലം തൊട്ടുള്ള പല വമ്പന്‍മാരേയും സ്വാധീനിച്ചു. അതിന്റെ ഫലമായി അവര്‍ എറണാകുളത്ത് ചിറ്റൂര്‍ റോഡില്‍ ടീം സോളാര്‍ റിന്യൂബബിള്‍ എനര്‍ജി സൊലൂഷന്‍സ് പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ എമര്‍ജിംഗ് കേരളയില്‍ ടീം സോളാറും കയറിപ്പറ്റി. സോളാര്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും, തമിഴ്‌നാട്ടില്‍ കാറ്റാടി സ്ഥാപിക്കാമെന്ന ഉറപ്പ് നല്‍കി പലരേയും കണ്ടു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ കത്തോടെയാണ് പലരേയും സമീപിച്ചത്.
വിശ്വസിപ്പിക്കാനായി അവരുടെ മുന്നില്‍ വച്ച് പല മന്ത്രിമാരേയും എന്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്കും വിളിച്ച് വിശ്വാസം ഉറപ്പിച്ചു. പേരാത്തതിനായി അവരുടെ ഒരിക്കലും നടക്കില്ലെന്നു കരുതിയ പല സര്‍ക്കാര്‍ ഓഫീസ് സേവനങ്ങളും സ്വാധീനമുപയോഗിച്ച് സരിത ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിക്കൊടുത്തു. അതോടെ സോളാര്‍ കമ്പനിയുടെ പേരില്‍ പലസ്ഥാപനങ്ങളും വിദേശ മലയാളികളടക്കമുള്ള വ്യക്തികളും കോടിക്കണക്കിനു രൂപ നിക്ഷേപിച്ചു.
എന്നാല്‍ ക്രമേണയാണ് തട്ടിപ്പ മനസിലായത്. സരിതയുടെ ഓഫീസില്‍ തുടക്കകാലത്ത് 70 സ്റ്റാഫുകളുണ്ടായിരുന്നു. പിന്നീടത് ക്രമേണ ക്ഷയിച്ച് വിരലിലെണ്ണാവുന്നവയായി. നിക്ഷേപകര്‍ക്ക് പലര്‍ക്കും സംശയമായി. അങ്ങനെയാണ് 40 ലക്ഷം രൂപ നഷ്‌ടപ്പെട്ട പെരുമ്പാവൂര്‍ സ്വദേശി രംഗത്തെത്തിയത്. ഇതോടെ പലരും മുന്നോട്ടുവന്നതോടെ സരിതയ്‌ക്ക് നില്‍ക്കക്കള്ളി ഇല്ലാതായി. ഇതിനിടയ്‌ക്ക് ഭര്‍ത്താവായ ബിജു രാധാകൃഷ്‌ണന്‍ സീരിയല്‍ നടിയുമായി മുങ്ങിയെന്നും സരിത പറയുന്നുണ്ട്. സംഭവം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നീണ്ടത്.
മുഖ്യമന്ത്രിയുടെ സന്തത സഹചാരിയായ പിഎ, ടെന്നി ജോപ്പുമായുള്ള സരിതയുടെ ബന്ധമാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നത്.
സരിതയുടെ അറസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ 70 തവണ മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഫോണില്‍ അവര്‍ വിളിച്ചിരുന്നു. പല കാര്യങ്ങളിലും സരിതയെ സഹായിച്ചത് ജോപ്പാണെന്നും പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും കേന്ദ്രീകരിച്ച് നടക്കുന്ന അവിഹിത ഇടപാടുകളിലേക്കാണ് കോടികള്‍ വെട്ടിച്ച കുറ്റവാളിയുമായുള്ള ബന്ധം വെളിച്ചം വീശുന്നത്. തട്ടിപ്പുകേസില്‍ ജയിലിലടയ്ക്കപ്പെട്ട സരിത പുറത്തിറങ്ങി വീണ്ടും സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ്. യുഡിഎഫ് മന്ത്രിമാര്‍ ഇവരുടെ സ്ഥാപനത്തിന്റെ ചില ശാഖകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
മുഖ്യമന്ത്രി സദാസമയം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലേക്കാണ് സരിത തുടര്‍ച്ചയായി വിളിച്ചത്. അതാകട്ടെ മറ്റൊരാളുടെ മേല്‍വിലാസത്തില്‍ എടുത്ത സിംകാര്‍ഡുപയോഗിച്ചും. മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഫോണിലേക്ക് സരിത വിളിച്ചതിനേക്കാള്‍ കൂടുതല്‍ തവണ തിരിച്ചുവിളിച്ചതാണ് ഗൗരവമേറിയ കാര്യം. തുടര്‍ച്ചയായി സന്ദേശങ്ങളും കൈമാറി. ഔദ്യോഗികവസതിയിലെ ഫോണുകളില്‍നിന്നും സരിതയെ വിളിച്ചു. അറസ്റ്റിലായ ശേഷവും മുഖ്യമന്ത്രിയുടെ ഓഫീസ് സരിതയെ ഫോണില്‍ വിളിച്ചതായും വിവരമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള സരിത കൊച്ചിയില്‍ ടീം സോളാര്‍ എന്ന സ്ഥാപനമാരംഭിച്ചശേഷംപണമിടപാടിന് ആ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി.
സരിതയുടെ സ്ഥാപനം പൊലീസ് അസോസിയേഷന്റെ പരിപാടി സ്പോണ്‍സര്‍ ചെയ്തതായും അവാര്‍ഡ് നൈറ്റിന് 40 ലക്ഷത്തോളം രൂപ നല്‍കിയതായും പറയുന്നു.
ഇതിനിടയ്‌ക്കാണ് പ്രമുഖ പ്രവാസി മലയാളിയായ ഇ.കെ. ബാബുരാജ് ശക്തമായ ആരോപണവുമായെത്തുന്നത്. 4 മന്ത്രിമാര്‍ക്കും കേരളത്തില്‍ നിന്നുള്ള 1 കേന്ദ്രമന്ത്രിക്കും സരിതയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബാബുരാജ് പറയുന്നത്. ഇക്കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് 1 കോടി 29 ലക്ഷം രൂപ നല്‍കിയത്.
സരിത ഇപ്പോള്‍ റിമാന്റിലാണ്. ഇതിനിടെ പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇതിനെപ്പറ്റി എ.ഡി.ജി.പി. ഹേമചന്ദ്രന്‍ അന്വേഷിക്കുന്നുണ്ട്. എന്തായാലും ഈ കാറ്റാടി കറക്കുകമ്പനി സര്‍ക്കാരിനെ കറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha