മുഖ്യമന്ത്രിയുടെ രാജിയില്‍ തുടങ്ങി അവസാനം നഷ്‌ടപ്പെടുന്നത് ഇടതുപക്ഷത്തു നിന്നൊരു എംഎല്‍എ, ജോസ് തെറ്റയില്‍ രാജി വച്ചേക്കും
23 JUNE 2013 10:38 AM IST

മലയാളി വാര്‍ത്ത.
ഇടതുപക്ഷം ഇത്രമേല്‍ ആഘോഷിച്ച ഒരു സമരം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. സരിതാ പ്രശ്‌നം മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞൊന്നും പ്രതിപക്ഷത്തിന് വേണ്ടിയിരുന്നില്ല. എല്ലാം ഭദ്രമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന സമയത്താണ് കൂനില്‍മേല്‍ കുരു പോലെ ജോസ് തെറ്റയിലിന്റെ നീലചിത്രങ്ങള്‍ ചാനലിലൂടെ പുറത്തു വന്നത്. മുഖ്യമന്ത്രി രാജി വയ്‌ക്കുകയില്ലെന്നു മാത്രമല്ല തങ്ങളുടെ പക്ഷത്തു നിന്നും ഒരു എംഎല്‍എ കുറയുകയും ചെയ്യും. പ്രതിപക്ഷത്തിനാവട്ടെ ഒരു ചാകര കിട്ടിയത് പോലെയായി. അങ്ങനെ കേരളം വീണ്ടും ഒരു ഉപ തെരഞ്ഞെടുപ്പിലേക്ക് പോകും. കാര്യങ്ങള്‍ ജോസ് തെറ്റയില്‍ എംഎല്‍എയുടെ രാജിയിലേക്കാണ് പോകുന്നത്.
ലൈംഗികാരോപണത്തില്‍ കുടുങ്ങിയ പശ്‌ചാത്തലത്തില്‍ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ എംഎല്‍എ സ്‌ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. ജോസ് തെറ്റയിലിനെയും മകന്‍ ആദര്‍ശിനെയും ഉള്‍പ്പെടുത്തി ആലുവ സ്വദേശിനിയാണ് ലൈംഗിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ആലുവാ പോലീസ് കേസെടുത്തിരിക്കുന്ന സംഭവം എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി എസ് അജിതാ ബീഗം സുല്‍ത്താന്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്‌തമാക്കി. നിലവിലെ സാഹചര്യത്തില്‍ തെറ്റയിലിനെതിരേ നടപടിയെടുക്കാതെ മൂന്നോട്ടു പോകാനാകില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്തു പറഞ്ഞു. ജോസ് തെറ്റയില്‍ ഒന്നാം പ്രതിയും മകന്‍ രണ്ടാം പ്രതിയുമായി ജാമ്യമില്ല വകുപ്പ് പ്രകാരമാണ്‌കേസെടുത്തത്.
അതേസമയം, തനിക്കെതിരായി ലൈംഗീകാരോപണം ഉന്നയിച്ചുകൊണ്ട് നല്‍കിയിരിക്കുന്ന പരാതിയ്‌ക്ക് പിന്നില്‍ വിരോധമാണെന്ന് സംശയിക്കുന്നുവെന്നും മുന്‍ മന്ത്രി ജോസ് തെറ്റയില്‍ പ്രതികരിച്ചു. പരാതിക്കാരിയായ സ്‌ത്രീയെ അടുത്തറിയാമെന്നും ഇവര്‍ ഈ സമയത്ത് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയതില്‍ സംശയം ഉണ്ടെന്നും പരാതിയെ നിയമപരമായ പോകുമെന്നും തെറ്റയില്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ വിദഗ്‌ദയായ യുവതി മോര്‍ഫ് ചെയ്‌ത് കൃത്രിമമായി സൃഷ്‌ടിച്ചതാകാം ദൃശ്യങ്ങളെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.കേസ് നിയമപരമായി തന്നെ നേരിടുമെന്നാണ് ജോസ് തെറ്റയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
തെറ്റ് ആര് ചെയ്‌താലും തെറ്റ് തന്നെയാണെന്ന് നേരത്തേ സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്‌തമാക്കി. സിപിഎം നേതാക്കള്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെറ്റയിലിനെതിരെ യുവതി മുന്‍പും പരാതിപ്പെട്ടിട്ടുണ്ടെന്നും പോലീസ് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നു ആക്ഷേപമുണ്ട്. ഇതേതുടര്‍ന്ന് ജില്ലയിലെ ഉന്നത പോലീസ് അധികാരികള്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം. വി.എസ് സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു ജനതാദള്‍ (എസ്) നേതാവുകൂടിയായ ജോസ് തെറ്റയില്‍. സ്ത്രീവിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇടത് മുന്നണി സമരായുധങ്ങളുമായി രംഗത്തിറങ്ങിയ വേളയിലാണ് മുന്നണിയിലെ തന്നെ പ്രമുഖന്‍ ആരോപണ വിധേയമാകുന്നത്.