കണ്‍സെള്‍ട്ടന്‍സിയില്ല, കമ്മീഷനില്ല; അപ്പോള്‍ പിന്നെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പര്യവുമില്ല; ആമ്പലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് ചവറ്റുകുട്ടയില്‍ തള്ളി പിണറായി സര്‍ക്കാര്‍; 10 വര്‍ഷം പിന്നിട്ടും സ്ഥലം ഏറ്റെടുപ്പ് പോലും പൂര്‍ത്തിയായില്ല; ഏറ്റെടുത്ത സ്ഥലത്തില്‍ സ്വജനപക്ഷപാതം

കേരളം ഒരിക്കലും വ്യവസായത്തിന് പറ്റിയ സംസ്ഥാനമല്ലെന്ന് പറയുന്നതിന് നൂറു നൂറു ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാന്‍ സാധിക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം 28-ാമതാണ്. ഇങ്ങനെയൊരു സംസ്ഥാനത്ത് 10 വര്‍ഷമായി അനക്കമില്ലാതെ കിടക്കുന്ന ഒരു പദ്ധതി അത്ര വലിയ കാര്യമല്ല. എന്നാല്‍ 10000ക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായി പദ്ധതിയാണ് ഈ സര്‍ക്കാര്‍ കമ്മീഷന്‍ കിട്ടാന്‍ സാധ്യയില്ലത്തിന്റെ പേരില്‍ ഉപേക്ഷിക്കുന്നുവെന്നത് ഒരിക്കലും ന്യായികരിക്കാന്‍ സാധിക്കുന്നതല്ല. ഇതോടെ കേരളത്തെ 'ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ മാനുഫാക്ചറിങ് ഹബ്' ആക്കാന്‍ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച ആമ്പല്ലൂര്‍ ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്കിന്റെ ഭാവി ഇരുട്ടിലായിരിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. പദ്ധതിക്ക് തുടക്കം കുറിച്ചത് 2005ലാണെങ്കിലും സ്ഥലം കണ്ടെത്തുന്നത് വി.എസ് അച്യുതാനന്ദന്റെ കാലത്ത്, 2010 ലാണ്. ഇതുവരെ 54.47 കോടി രൂപ ചെലവിട്ടു 11.87 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുവെന്നതാണ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനം. പദ്ധതി ഉപേക്ഷിക്കുകയാണെങ്കില്‍ 54.47 കോടി രൂപ സര്‍ക്കാരിന് നഷ്ടമാകും. 14 പേരില്‍ നിന്നും ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. സി.പി.എം പാര്‍ട്ടി അനുഭാവികളുടെ ഭൂമി മാത്രമാണ് ഇത്തരത്തില്‍ ഏറ്റെടുത്ത് പണം നല്‍കിയതെന്നും ആക്ഷേപമുണ്ട്. മറ്റുള്ളവര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.
രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് നയങ്ങളുടെ അടിസ്ഥാനത്തില്‍ 100 ഏക്കര്‍ സ്ഥലത്ത് ഇലക്ട്രോണിക് വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്കായി ഇലക്ട്രോണിക്‌സ് പാര്‍ക്ക് നിര്‍മിക്കാനായിരുന്നു പദ്ധതി. മുതല്‍ മുടക്ക് ഏകദേശം 600 കോടി രൂപ. സാധ്യത 10,000 തൊഴിലവസരങ്ങള്‍. ഡിസൈന്‍ ഡെവലപ്‌മെന്റ്, റിസെര്‍ച്ച് ഡെവലപ്‌മെന്റ്, സെമി കണ്ടക്ടറുകളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതാണ് പദ്ധതി. വലിയ കമ്പനികള്‍ എത്തിയാല്‍ പാര്‍ക്കിന് പുറത്തുള്ള ചെറുകിട ഉത്പാദകര്‍ക്കും അനുബന്ധ ഘടക നിര്‍മ്മാണങ്ങള്‍ക്കായുള്ള അവസരങ്ങള്‍ ലഭിക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ കേന്ദ്രം നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനുഫാക്ചറിങ് സോണായി മാറും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇലക്ട്രോണിക്‌സ് മേഖലയില്‍ ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുവാനും കയറ്റുമതി വര്‍ദ്ധിപ്പിക്കുവാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് നിര്‍ദിഷ്ട ഇലക്ട്രോണിക്‌സ് പാര്‍ക്ക്. പദ്ധതിയുടെ തുടക്കകാലത്ത് 334 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഇത് 224 ഏക്കറായും ഇപ്പോള്‍ 100 ഏക്കറായും കുറച്ചു. ആമ്പലൂര്‍ പഞ്ചായത്തിലെ ചിറയ്ക്കല്‍, മാന്തുരുത്തേല്‍, ഉദയംപേരൂര്‍ പഞ്ചായത്തിലെ പുത്തന്‍കാവ് എന്നിവങ്ങളിലായിയാണ് പദ്ധതിക്കായി കണ്ടെത്തിയ പ്രദേശം. തണ്ണീര്‍തടങ്ങളും നെല്‍വയലുകളും ഒഴിവാക്കി തോടുകള്‍ സംരക്ഷിച്ച് പദ്ധതിക്കായി ഭൂമി കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അവസാനം 2011യില്‍ 117 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ അനൂപ് ജേക്കബ് എംഎല്‍എയ്ക്കു നല്‍കിയ മറുപടിയില്‍ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞതിങ്ങനെ: ''യഥാര്‍ഥത്തില്‍ എന്തിനാണു ഭൂമി ഏറ്റെടുത്തതെന്നു ചിന്തിക്കുമ്പോഴേ അതിന്റെ കാര്യം അറിയൂ. പൊതുപണം ഒരു പൈസ പോലും ദുരുപയോഗപ്പെടുത്തരുത്. എല്ലാം ഫലപ്രദമായിരിക്കണം. ഈ നിലപാടേ ഞങ്ങള്‍ക്കുള്ളൂ. ഏതായാലും ഏറ്റെടുത്തിട്ടുള്ളതാണ്. അത് ഉപേക്ഷിക്കാന്‍ സാധിക്കുന്നതല്ല. ഏതു തരത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നു കൂടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.'' പദ്ധതി നടപ്പാക്കുമെന്നോ മുന്നോട്ടു കൊണ്ടുപോകുമെന്നോ മന്ത്രി ഉറപ്പു നല്‍കിയില്ല. നിര്‍ദിഷ്ട സ്ഥലം വ്യവസായത്തിനു പറ്റിയതല്ലെന്ന രീതിയില്‍ അദ്ദേഹം മുന്‍പും പ്രതികരിച്ചിരുന്നു. ഏട്ടു പേരില്‍ നിന്നായി 9.23 എക്കര്‍ സ്ഥലം 16.50 കോടി രൂപ നല്‍കി ഏറ്റെടുത്തുവെന്ന മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ 63 പേര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സമ്മതപത്രം നല്‍കിട്ടുമുണ്ട്. സ്ഥലമെടുപ്പ് പുരോഗമിക്കുന്ന മുറക്ക് പാര്‍ക്ക് നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി ഇ.പി ഇജയരാന്‍ അന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്ക് ഒരു വര്‍ഷം പിന്നിടുമ്പോഴും 2016ലെ അതെ അവസ്ഥയില്‍ തന്നെ ഇപ്പോഴും പദ്ധതിയുടെ അവസ്ഥ.
പാര്‍ക്കിന് സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിക്ക് സ്ഥലം അനുയോജ്യമാണെന്ന കണ്ടെത്തി 10 വര്‍ഷത്തിന് ശേഷം സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയതിന് ശേഷം വീണ്ടും സ്ഥലം പദ്ധതിക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ കണ്‍സെള്‍ട്ടന്‍സികളെ ഒന്നും നിയമിച്ചിട്ടില്ല. കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ 42 കോടി രൂപ പദ്ധതിക്കായി ചെലവഴിക്കനാണ് തീരുമാനിച്ചത്. കണ്‍സള്‍ട്ടെന്‍സികള്‍ ഇല്ലാത്തുകൊണ്ടു തന്നെ പാര്‍ട്ടിക്ക് കമ്മീഷനും ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ ലഭിക്കാത്തതാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാന്‍ കാരണമെന്നാണ് സ്ഥലം വിട്ടു നല്‍കിയ കര്‍ഷക സമിതിയുടെ ആരോപണം. കൂടാതെ കെ.എസ്.ഐ.ടി.സിയുടെ ഉദ്യോഗസ്ഥ ലോബി പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു. പദ്ധതി വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. കൊച്ചി തുറമുഖത്തിന്റെ സാമീപ്യവും സാങ്കേതിക ബിരുദധാരികളുടെ ലഭ്യതയും കണക്കിലെടുക്കുമ്പോള്‍ മികച്ച കമ്പനികള്‍ താവളമുറപ്പിക്കാന്‍ സാധ്യതയുണ്ടായിരുന്ന പദ്ധതിയാണു മരവിക്കുന്നത്.
https://www.facebook.com/Malayalivartha