വിഎസ് പറഞ്ഞത് തൊണ്ണൂറില്‍ എത്തും പിത്തമല്ല, പ്രതിരോധത്തിലാകുന്നത് കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ്, കെ.പി.എ.മജീദ്, പാസ്‌പോര്‍ട്ടില്‍ തിരിമറി നടത്തി പെണ്‍വാണിഭത്തിനും തീവ്രവാദത്തിനും കൂട്ടുനിന്നവരെ കുടുക്കാനായി സിബിഐ

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം മുസ്ലീം ലീഗിന്റെ തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപത്തിന് മറുപടി പറയാന്‍ ലീഗ് പാടു പെടുകയാണ്. തൊണ്ണൂറില്‍ എത്തും പിത്തമല്ല വിഎസ് പറഞ്ഞതെന്ന് വസ്‌തുതകള്‍ കാട്ടിത്തരുന്നു. പ്രത്യേകിച്ചും പെണ്‍വാണിഭത്തിനും ത്രീവ്രവാദത്തിനും വേണ്ടി മനുഷ്യക്കടത്ത് നടത്തി എന്ന ആരോപണം. മനുഷ്യക്കടത്തിനെപ്പറ്റി ഇതിനോടകം തന്നെ നിരവധി ആരോപണം ഉണ്ടായെങ്കിലും വിഎസ് ഈ ആരോപണം ഉന്നയിച്ച ശേഷമാണ് സംഭവത്തിന്റെ രൂക്ഷത കേരളം മനസിലാക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന അബ്‌ദുല്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറാക്കിയത് മനുഷ്യക്കടത്തിനു വേണ്ടിയായിരുന്നു എന്നാണ് വിഎസ് ഉന്നയിച്ച പ്രധാന ആക്ഷേപം. അതിനായി കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദിന്റെ ഒത്താശയുമുണ്ടായിരുന്നത്രേ. മലപ്പുറം പാസ്‌പേര്‍ട്ട് ഓഫീസിന് മാത്രമായി പ്രത്യേക നിയമം കൊണ്ടു വന്ന് അബ്‌ദുല്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറാക്കുകയായിരുന്നു.
നേരത്തേ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിംലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെയും ഗണ്‍മാനായിരുന്നു കെ. അബ്‌ദുല്‍ റഷീദ്. പിന്നീട് സ്‌ഥാനക്കയറ്റം ലഭിച്ചാണ് മലപ്പുറം ആംഡ് റിസര്‍വ് പോലീസില്‍ അസിസ്‌റ്റന്റ് കമാന്‍ഡന്റായത്. 2011 ഓഗസ്‌റ്റിലാണു കെ. അബ്‌ദുല്‍ റഷീദ് മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസറായി ചുമതലയേറ്റത്.
കേന്ദ്രസര്‍വീസില്‍ ക്ലാസ് ഒന്ന് ഓഫീസറായി മൂന്നു വര്‍ഷമെങ്കിലും ജോലിചെയ്‌തവരാണു സാധാരണ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിക്കപ്പെടാറുള്ളത്. സംസ്‌ഥാന തസ്‌തികയിലുള്ളവരെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിക്കാറില്ല. ഈ തസ്‌തികയിലേക്കു പരിഗണിക്കുമ്പോള്‍ കേരള പോലീസിലെ ഡി.വൈ.എസ്.പി റാങ്ക് മാത്രമാണ് അബ്‌ദുല്‍ റഷീദിനുണ്ടായിരുന്നത്.
ഇയാളെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസില്‍നിന്നു നേരിട്ടു നിയമിക്കുകയായിരുന്നുവെന്നാണു വിവരം. ലീഗിന്റെ താല്‍പര്യപ്രകാരമാണ് അബ്‌ദുല്‍ റഷീദിനെ നിയമിച്ചതെന്ന വിവാദം നേരത്തെയുണ്ടായിരുന്നു.
ലീഗ് പ്രാദേശിക നേതാവിന്റെ പാസ്‌പോര്‍ട്ട് ഏജന്‍സിക്കുകീഴില്‍ അനധികൃതമായി പാസ്‌പോര്‍ട്ടുകള്‍ തരപ്പെടുത്തിക്കൊടുത്തതായും റഷീദിനെതിരേ ആരോപണമുണ്ട്. ഏജന്‍സി നടത്തുന്ന ലീഗ് നേതാവ് മന്ത്രി ഇ. അഹമ്മദുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും പറയപ്പെടുന്നു.
അതിനിടെ മനുഷ്യ കടത്തിലെ അന്വേഷണം ശക്തമാക്കാനാണ് സിബിഐയുടെ നീക്കം. അബ്‌ദുള്‍ റഷീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചു. രണ്ട് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയിട്ടുണ്ട്. റഷീദിന്റെ നിയമനത്തെ കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും സേവാകേന്ദ്രത്തിലും പാസ്‌പോര്‍ട്ട് ഓഫീസറുടെയും ഏജന്റുമാരുടെയും വീടുകളിലും 17- നു സി.ബി.ഐ കൊച്ചി യൂണിറ്റ് റെയ്‌ഡ് നടത്തിയിരുന്നു. അഴിമതിനിരോധന നിയമപ്രകാരം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്‌ദുല്‍ റഷീദിനെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശിയാണ് അബ്‌ദുല്‍ റഷീദ്. ഭാര്യ ലേഖ മുസ്ലിം ലീഗ് നേതാവും എടയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്.
https://www.facebook.com/Malayalivartha