പക്ഷാഘാതം, F .... A ....S ... T ഈ നാലുവാക്കുകള്‍ മറക്കരുത്

തലച്ചോറിലേക്ക് രക്തം പോകുന്ന രക്തധമനിയില്‍ തടസ്സമുണ്ടാകുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് എന്ന് എല്ലാവർക്കും അറിയാം. ഇന്ന് മരണകാരങ്ങളിൽ ഒന്നാമൻ ഹൃദ്രോഗവും രണ്ടാം സ്ഥാനം കാൻസറിനുമാണ്. കാന്‍സറിനെപ്പറ്റിയും ഹാര്‍ട്ട് അറ്റാക്കിനെപ്പറ്റിയുമൊക്കെ ഇന്ന് അത്യാവശ്യം ബോധവല്‍ക്കരണമുണ്ടായിട്ടുണ്ട്, എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള സ്‌ട്രോക്കിനെക്കുറിച്ച് കൃത്യമായ ധാരണ പലർക്കും ഇല്ല .
സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ അധികമാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോൾ , ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയവാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമമല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാത്തതിനാൽ പലപ്പോഴും രോഗിക്ക് ചികിത്സകിട്ടാൻ വൈകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ രോഗിയുടെ ഏതെങ്കിലും ഭാഗം തളർന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം.
സ്ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയാൻ F A S T എന്നീ നാല് വാക്കുകൾ ഓർത്തിരുന്നാൽ മതി.
F --Face : ആദ്യ ലക്ഷണം മുഖത്തിന്റ ഒരുവശം കോടിപ്പോവുന്ന അവസ്ഥയാണ് .
A --Arm : ഒരു കൈ പൊക്കാനോ ചലിപ്പിക്കാനോ കഴിയാതിരിക്കുന്ന അവസ്ഥ
S Speach പറയുന്നത് അവ്യക്തമാകുകയോ സംസാരം കുഴഞ്ഞു പോകുകയോ ചെയ്യുക.
T ..Time സ്ട്രോക്ക് ലക്ഷണങ്ങൾ കണ്ടാൽ ഏറ്റവും പ്രധാനം സമയം ആണ് .എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം .. സമയം വൈകുന്തോറും തലച്ചോറിലെ കൂടുതല്‍ കൂടുതല്‍ കോശങ്ങള്‍ക്ക് കേടുപാട് സംഭവിക്കും . അതനുസരിച്ച് അസുഖത്തിന്റെ തീവ്രത കൂടുകയും രോഗി ഗുരുതരാവസ്ഥയിൽ എത്തുകയും ചെയ്യും
രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളില്‍തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിന് ത്രോംബോളൈറ്റിക് തെറാപ്പിഎന്നാണ് പറയുന്നത്. ത്രോംബോളൈറ്റിയിൽ മാറ്റാന്‍പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനിവഴി ഒരു കത്തീറ്റര്‍ കടത്തി രക്തക്കട്ട നീക്കംചെയ്യാനുള്ള എന്‍ഡോവാസ്ക്യൂലര്‍ റിവാസ്ക്കുലറിസഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇത് ചില സ്ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.
ഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ് ഇതിന്റെ പ്രധാന കാരണം. പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാനം. കുടുംബപരമായി സ്ട്രോക്ക് വരുന്ന പാരമ്പര്യമുള്ളവരിലും രക്തം കട്ടപിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും ചെറുപ്രായത്തിൽ തന്നെ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയുള്ളവർ പുകവലി പൂർണമായും ഒഴിവാക്കണം. കൂടാതെ അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. .
ചിലരില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടിഐഎ അഥവാ ട്രാന്‍സിന്റ് ഇസിക്കിമിക് അറ്റാക്ക് (Transient ischemic Attack) എന്നു പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടിഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു സൂചനയാണ്. ഉടനെതന്നെ ന്യൂറോളജിസ്റ്റിനെ കണ്ട് ചികിത്സ തേടണം.
സ്‌ട്രോക്കിൽ നിന്നും സുഖം പ്രാപിക്കുന്ന രോഗികൾക്ക് വീണ്ടും സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. അതിനാൽ കൃത്യമായ തുടർ ചികിത്സകളും ജീവിത ചര്യയും പിന്തുടരണം. ഫിസിയോ തെറാപ്പി ആവശ്യമുള്ള രോഗികൾ അത് കൃത്യമായി ചെയ്യണം. സ്ട്രോക്ക് വരാതിരിക്കാനുള്ള ചികിൽസാരീതികൾ നിർബന്ധമായും തുടരേണ്ടതാണ്. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, എന്നിവ നിയന്ത്രണത്തിലാക്കണം.
സ്ട്രോക്ക് തുടങ്ങി ആദ്യത്തെ നാലുമണിക്കൂറിനെ ഗോൾഡൻ അവേഴ്സ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ സമയത്തിനുള്ളിൽ ശരിയായ ചികിത്സ ലഭിച്ചാൽ രോഗിക്ക് തന്റെ ജീവിതം തിരിച്ചു പിടിക്കാം
https://www.facebook.com/Malayalivartha