കോവിഡ് ബാധിച്ചവർ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്..? വരട്ടെ വഴിയുണ്ട്...

രാജ്യം കോവിഡിന്റെ രണ്ടാംതരംഗത്തിലൂടെയാണ് ഇപ്പോൾ ഇനുദിനം കടന്ന് പൊയ്ക്കോണ്ടിരിക്കുന്നത്. ഒപ്പം ആകുലപ്പെടുത്തുന്ന തെറ്റായ വിവരങ്ങളും സമൂഹത്തിൽ പരക്കുന്നുണ്ട്. ഓക്സിജൻ സഹായ ലഭ്യതയിലാണ് ഏറെ ആശങ്ക പരത്തുന്നത്. എന്നാൽ, കോവിഡ് ബാധിച്ചവർക്കെല്ലാം ഓക്സിജൻ സഹായവും ആശുപത്രി ചികിത്സയും വേണ്ടാ എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ആർക്കൊക്കെ ഓക്സിജൻ സഹായം നൽകണം, ഏതുതരത്തിലുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം, രോഗികളിൽ ഓക്സിജന്റെ അളവ് പരിശോധിക്കുന്നത് എങ്ങനെ തുടങ്ങിയ സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടി ഇങ്ങനെയാണ്.
എന്തുകൊണ്ട് കോവിഡ് ബാധിതരിൽ ശ്വാസതടസ്സമുണ്ടാകുന്നു?
കോവിഡ് ബാധിതർക്ക് ന്യൂമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശത്തിൽ ഫ്ളൂയിഡുകളോ പഴുപ്പോ നിറഞ്ഞ് അണുബാധ ഉണ്ടാവുന്ന അവസ്ഥയാണിത്. ഇത് രക്തത്തിലെ അസിഡിറ്റിയുടെ തോതിനെ ബാധിക്കുകയും ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമാവുകയും ചെയ്യുന്നു. ന്യൂമോണിയപിടിപെടുന്ന രോഗിക്ക് ശ്വാസതടസ്സമുണ്ടാകും. അപ്പോൾ കൃത്രിമ ഓക്സിജന്റെ സഹായം ആവശ്യമായി വരും. ഇവർക്ക് ഓക്സിജൻ തെറാപ്പി നൽകാം.
ഓക്സിജൻ അളവ് എങ്ങനെ പരിശോധിക്കാം?
വീടുകളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജന്റെ അളവ് പരിശോധിക്കാം. നാലുമണിക്കൂർ ഇടവിട്ട് പരിശോധന നടത്തണം. ഹൈപോക്സിയ എന്ന അവസ്ഥ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും ഈ പരിശോധനയിൽ സാധിക്കും.
എന്താണ് ഓക്സിജൻ സാച്ചുറേഷൻ? ശരീരത്തിലെ സാധാരണ സാച്ചുറേഷൻ എത്ര?
രക്തത്തിലെ ഓക്സിജന്റെ അളവാണ് ഓക്സിജൻ സാച്ചുറേഷൻ. സാച്ചുറേഷന്റെ അളവ് കുറയുമ്പോഴാണ് രോഗികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കോവിഡ് ബാധിതനായ ഒരാളുടെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ 92 ശതമാനത്തിന് മുകളിലാണെങ്കിൽ ഭയപ്പെടാനില്ല. എന്നാൽ ഇതിൽ കുറവുള്ളവർ ആശുപത്രിയിൽ ചികിത്സ തേടണം.
രോഗം ഭേദമായാലും കരുതേണ്ടി വരുമോ?
രോഗം ഭേദമായി വീടുകളിൽ തിരിച്ചെത്തുന്ന ഭൂരിഭാഗം രോഗികൾക്കും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. മൂന്നുമുതൽ ആറുമാസംവരെ പ്രശ്നങ്ങൾ പിന്തുടർന്നേക്കാം. ഇത്തരം സാഹചര്യത്തിൽ വീടുകളിൽ ഓക്സിജൻ ലഭ്യമാകുന്ന സംവിധാനം വേണം. ഇതിനായി ഓക്സിജൻ സിലിൻഡറുകൾ അല്ലെങ്കിൽ ഓക്സിജൻ കോൺസന്ററേറ്റർ എന്നിവ ഉപയോഗിക്കാം.
ഭയം വേണ്ട ജാഗ്രത മതി
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണ്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. കരുതൽ മതി. 100 രോഗികളെയെടുത്താൽ അതിൽ 85 ശതമാനം ലക്ഷണമില്ലാത്തവരും 15 ശതമാനം പേർ ലക്ഷണമുള്ളവരുമായിരിക്കും. അതിൽ അഞ്ചുശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ള വിഭാഗക്കാർ. ഇവർക്ക് മാത്രമാണ് ഓക്സിജൻ സപ്പോർട്ടും ഐ.സി.യു. സംവിധാനവും ആവശ്യമായി വരുന്നത്.
എല്ലാ രോഗികൾക്കും ഓക്സിജൻ സപ്പോർട്ടുള്ള കിടക്കകൾ ആവശ്യമില്ല
രോഗലക്ഷണം കുറവുള്ളവർ വീടുകളിൽ ഇരിക്കുന്നതാണ് നല്ലത്. രോഗം ബാധിച്ച് ആദ്യ മൂന്നോ നാലോ ദിവസങ്ങളിൽ ബുദ്ധിമുട്ടുണ്ടാവില്ല. അഞ്ചോ ആറോ ദിവസമാകുമ്പോൾ ചിലർക്ക് വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, കിതപ്പ് എന്നിവ ഉണ്ടാകും. ഇവർ ആശുപത്രി സഹായം തേടണം.
വീട്ടിലുള്ള രോഗികൾ പിന്തുടരേണ്ടത്
നന്നായി വിശ്രമിക്കുക. ഭക്ഷണം കഴിക്കുക. ധാരാളം വെള്ളംകുടിക്കുക. പൾസ് ഓക്സിമീറ്ററുകൾ വാങ്ങി ഓക്സിജൻ നില പരിശോധിക്കുക. ആവശ്യമെങ്കിൽ വൈറ്റമിൻ ഗുളികകള്‍ കഴിക്കാം എന്നിവയാണ്. കൊറോണ എന്ന മഹാമാരിക്കെതിരെ നമുക്കേവർക്കും ഒന്നിച്ച് പൊരുതാം പ്രതിരോധിക്കാം.
https://www.facebook.com/Malayalivartha