കേരളത്തില്‍ സ്‌ത്രീ ക്യാന്‍സര്‍രോഗികളുടെ എണ്ണം പുരുഷന്‍മാരെക്കാള്‍ കൂടുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌ത്രീ-പുരുഷ ക്യാന്‍സര്‍ രോഗികളുടെ അനുപാതത്തില്‍ സ്‌ത്രീകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ അനുപാതം നേരെ തിരിച്ചായിരിക്കുന്നു. പുരുഷന്‍മാരെക്കാള്‍ അഞ്ച് വര്‍ഷം മുന്‍പ് സ്‌ത്രീകളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതായും റിപ്പോര്‍ട്ട്. തിരുവനന്തപുരം റീജ്യണല്‍ക്യാന്‍സര്‍ സെന്ററിലെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കേസ് രജിസ്റ്ററില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. ഐസിഎംആറിന്റെ ദേശീയ ക്യാന്‍സര്‍ രജിസ്റ്ററി പ്രോഗ്രാമിന്റെ 28മത് വാര്‍ഷിക സമ്മേളനത്തിലാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. 1997ല്‍ സ്‌ത്രീ-പുരുഷ ക്യാന്‍സര്‍ രോഗികളുടെ അനുപാതം 1.14 ആയിരുന്നത് 2011 ല്‍ 1.00 ആയിരിക്കുന്നതായി ക്യാന്‍സര്‍ രജിസ്റ്ററി മേധാവിയും അഡീഷണല്‍ പ്രൊഫസറുമായ ഡോ.ഏലിയാമ്മ മാത്യു വ്യക്തമാക്കി. സംസ്ഥാനത്തെ മൂന്നിലൊന്ന് ക്യാന്‍സര്‍ രോഗികള്‍ മാത്രമെത്തുന്ന തിരുവനന്തപുരം ആര്‍സിസിയിലെ മാത്രം കണക്കുകള്‍ ആണിത്. 14ല്‍ വയസില്‍ താഴെയുളള ക്യാന്‍സര്‍ രോഗികളിലെ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ 11 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15നും 34നും ഇടയില്‍ ഇത് 14 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതേ പ്രായത്തിലുളള പുരുഷന്‍മാരുടെ ഇടയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഏഴര ശതമാനം കുറഞ്ഞിരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തൈറോയ്‌ഡ് ക്യാന്‍സര്‍ ബാധിച്ച 15നും 34നും ഇടയില്‍ പ്രായമുളള സ്‌ത്രീകളുടെ എണ്ണം 195 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ 35നും 64നും ഇടയില്‍ ഇത് 289ശതമാനം കൂടിയിരിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ സമഗ്രമായി അന്വേഷിക്കേണ്ടതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം 1982ല്‍ 28.8 ശതമാനം രേഖപ്പെടുത്തിയിരുന്ന ഗര്‍ഭാശയ ഗള ക്യാന്‍സര്‍ 8.2ശതമാനമായി കുറഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം സ്‌താനാര്‍ബുദ രോഗികളുടെ എണ്ണം 28.1 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നതും സ്‌താനാര്‍ബുദക്കാര്‍ തന്നെ. 1982ലെ ക്യാന്‍സര്‍ രോഗികളുടെ 242 മടങ്ങ് ക്യാന്‍സര്‍ രോഗികള്‍ 2011 ആയപ്പോഴേക്കും ചികിത്സ തേടിയെത്തിയതായും ആസ്‌പത്രി രേഖകള്‍ സൂചിപ്പിക്കുന്നു. 2,18,059 രോഗികള്‍ കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടെ ആര്‍സിസിയില്‍ ചികിത്സ തേടി എത്തി.
ശ്വാസകോശ-രക്താര്‍ബുദങ്ങളാണ് സ്‌ത്രീ-പുരുഷന്‍മാരുടെ ഇടയില്‍ കൂടുതലായി കണ്ടുവരുന്നത്. എണ്‍പതുകളില്‍ പുരുഷാര്‍ബുദങ്ങളില്‍ 70ശതമാനവും പുകയില ഉപഭോഗം കൊണ്ടുണ്ടാകുന്നതായിരുന്നു. ഇത്തരം അര്‍ബുദങ്ങള്‍ 2011 ആയപ്പോഴേക്കും 23 ശതമാനം കുറഞ്ഞു. പുകയിലജന്യ സ്‌ത്രീ-പുരുഷ അര്‍ബുദങ്ങളില്‍ 39ശതമാനം കുറവാണ് ഉണ്ടായിട്ടുളളത്. പുകയില ജന്യ അര്‍ബുദങ്ങള്‍ കുറയുമ്പോഴും ശ്വാസകോശാര്‍ബുദങ്ങള്‍ കൂടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ആഴത്തിലുളള പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പത്ത് ലക്ഷം ക്യാന്‍സര്‍ രോഗികളെ രാജ്യത്ത് ഓരോവര്‍ഷവും കണ്ടെത്തുന്നുണ്ടത്രേ. അതില്‍ 42000 കേസുകള്‍ കേരളത്തില്‍ നിന്ന് മാത്രമാണ്. ഇതേക്കുറിച്ച് കൂടുതല്‍ ആഴത്തിലും ശാസ്‌ത്രീയവുമായ പഠനങ്ങള്‍ വേണമെന്നും അര്‍ബുദത്തെ തുരത്താനുളള ശാസ്‌ത്രീയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും.സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.
https://www.facebook.com/Malayalivartha