വൃഷണങ്ങളുടെ സ്വയം പരിശോധന (ടെസ്റ്റിക്യുലാര്‍ സെല്‍ഫ് എക്സാമിനേഷന്‍- ടിഎസ്‌ഇ) വഴി വൃഷണകാൻസർ കണ്ടുപിടിക്കാം

ശരീരത്തെ ബാധിച്ചിരിയ്ക്കുന്ന രോഗത്തിന്റെ സൂചനകൾ ശരീരം നമുക്ക് തരാറുണ്ട്. പക്ഷെ പലപ്പോഴും നാമത് ശ്രദ്ധിക്കാറില്ലെന്നുമാത്രം. പുരുഷന്മാരെ ബാധിയ്ക്കുന്ന ഒന്നാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍, അതായത് വൃഷണങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. വൃഷണങ്ങളുടെ സ്വയം പരിശോധന (ടെസ്റ്റിക്യുലാര്‍ സെല്‍ഫ് എക്സാമിനേഷന്‍- ടിഎസ്‌ഇ) വഴി ഇത് കണ്ടെത്താവുന്നതാണ്.
ഇത്തരം ക്യാന്‍സറുകള്‍ പലതും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്. അതിനാല്‍, നേരത്തെ കണ്ടെത്തുന്നത് രോഗം പൂര്‍ണമായും ഭേദമാക്കാന്‍ സഹായിക്കും.
നടുവേദന,അടിവയറ്റില്‍ അനുഭവപ്പെടുന്ന വേദന, കഠിനമായ തലവേദന,നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയെല്ലാം ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.
ചിലപ്പോള്‍ വൃഷണങ്ങളില്‍ പ്രത്യക്ഷമാവുന്ന ഒരു ചെറിയ മുഴ ആയിരിക്കും വൃഷണ ക്യാന്‍സറിന്റെ ആദ്യ ലക്ഷണം. ചില അവസരങ്ങളില്‍ വൃഷണം മുഴുവന്‍ വീങ്ങിയിരിക്കും. ട്യൂമര്‍ വലുതാകുകയോ ഒപ്പം/അല്ലെങ്കില്‍ വ്യാപിക്കുകയോ ചെയ്യുന്നതുവരെ ചിലരില്‍ ഇതു കണ്ടെത്തിയെന്നുവരില്ല. മിക്ക അവസരങ്ങളിലും, വൈദ്യപരിശോധനയിലൂടെ കണ്ടെത്തുന്നതിനെക്കാള്‍ കൂടുതലായി പുരുഷന്മാര്‍ സ്വയമായിട്ടോ അല്ലെങ്കില്‍ അവരുടെ പങ്കാളികളോ ആയിരിക്കും വൃഷണ ക്യാന്‍സര്‍ കണ്ടെത്തുന്നത്.
പുരുഷന്മാര്‍ക്ക് അവരുടെ വൃഷണങ്ങളുടെ ആകൃതി പരിചിതമായിരിക്കുന്നതിനാല്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ അറിയിക്കാമെന്നതാണ് സ്വയം വൃഷണ പരിശോധന നടത്തുന്നതിന്റെ യുക്തി.
ക്യാന്‍സര്‍ പരിശോധനയുടെ ഭാഗമായി ഡോക്ടര്‍ വൃഷണ പരിശോധന നടത്തിയേക്കാം. ഇനി പറയുന്ന അപകട സാധ്യതാ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ എല്ലാ മാസവും വൃഷണങ്ങളുടെ സ്വയം പരിശോധന നടത്തുന്നത് അഭികാമ്യമായിരിക്കും.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃഷണ ക്യാന്‍സര്‍ ഉണ്ടെങ്കില്‍,
മുൻപ് വൃഷണ ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍,
വൃഷണം സഞ്ചിയിലേക്ക് ഇറങ്ങാതിരിക്കുക എന്നിവയാണ് അത്.
സ്വയം വൃഷണ പരിശോധന എന്നത് കുറച്ചു മിനിറ്റുകള്‍ മാത്രം നീളുന്ന ലളിതമായ ഒരു പ്രക്രിയയാണ്.
എങ്ങനെയാണ് സ്വയം വൃഷണങ്ങള്‍ പരിശോധിക്കേണ്ടത്? (How to perform testicular self-examination?)
ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു കഴിഞ്ഞ ശേഷമുള്ള സമയത്ത് വൃഷണങ്ങള്‍ സ്വയം പരിശോധിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നതു മൂലം വൃഷണസഞ്ചി വികസിക്കുകയും വൃഷണങ്ങള്‍ തൂങ്ങിക്കിടക്കുകയും ചെയ്യും. ഇത് പരിശോധന എളുപ്പമാക്കുന്നു. ഒരു സമയം ഒരു വൃഷണം മാത്രം പരിശോധിക്കുക. പറ്റുമെങ്കില്‍ ഇത് ഒരു കണ്ണാടിക്കു മുന്നില്‍ നിന്നു ചെയ്യുക.
മുഴകളോ തടിപ്പോ ഉണ്ടോയെന്ന പരിശോധന വൃഷണ സഞ്ചി മുതല്‍ ആരംഭിക്കുക.
ഓരോ വൃഷണവും പരിശോധിക്കുമ്പോൾ രണ്ട് കൈകളും ഉപയോഗിക്കുക. തള്ളവിരല്‍ വൃഷണത്തിനു മുകളിലും ചൂണ്ടു വിരലും നടുവിരലും വൃഷണത്തിനു പിന്നിലുമായി പിടിച്ച് വൃഷണം വിരലുകള്‍ക്കിടയില്‍ ഉരുട്ടുക. വൃഷണം കട്ടിയുള്ളതായിരിക്കണം എന്നാല്‍ പാറപോലെ ഉറച്ചതാവരുത്. പരിശോധനയില്‍ ഒരു തരത്തിലുള്ള വേദനയും അനുഭവപ്പെടരുത്.
ഒരു വൃഷണം മറ്റതിനെക്കാള്‍ ചെറുതായിരിക്കുന്നതും ഒരെണ്ണം മറ്റതിനെക്കാള്‍ കൂടുതല്‍ തൂങ്ങിക്കിടക്കുന്നതും സ്വാഭാവികമാണ്.
നിങ്ങള്‍ക്ക് വൃഷണങ്ങളുടെ പിന്നില്‍ മുകളിലായി കയറുപോലെയുള്ള തടിപ്പായി എപിഡിഡൈമിസ് (ബീജവാഹിനി കുഴലിന്റെ തുടക്കം) തൊട്ടറിയാന്‍ സാധിക്കും. മാത്രമല്ല, ബീജവാഹിനി കുഴലുകളും ചുറ്റുമുള്ള രക്തക്കുഴലുകളും നിങ്ങള്‍ക്ക് തൊട്ടറിയാന്‍ കഴിയും.
വൃഷണങ്ങളില്‍ കട്ടിയുള്ള തടിപ്പുകളോ മൃദുവായ മുഴകളോ ഉണ്ടോയെന്നാണ് നിങ്ങള്‍ പരിശോധിച്ചറിയേണ്ടത്.
വൃഷണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വീക്കം, മുഴ, വലിപ്പ വ്യത്യാസം അല്ലെങ്കില്‍ കട്ടി ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണണം.
വൃഷണത്തില്‍ മുഴകള്‍ വരുന്നതിനു കാരണം എപ്പോഴും ക്യാന്‍സര്‍ ആകണമെന്നില്ല. വൃഷണ വീക്കം (ഹൈഡ്രോസില്‍) അല്ലെങ്കില്‍ വൃഷണസഞ്ചിയിലെ ഞരമ്പുകളിൽ വരുന്ന തടിപ്പോ (വെരിക്കൊസില്‍) ഇതിനു കാരണമായേക്കാം. എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്നും കൂടുതല്‍ പരിശോധന ആവശ്യമുണ്ടോയെന്നും ഡോക്ടറാണ് തീരുമാനിക്കുക. അസ്വാഭാവികത സംശയിക്കുന്നുണ്ട് എങ്കില്‍ വൃഷണ സഞ്ചിയും വൃഷണവും പരിശോധിക്കുന്നതിനായി ഡോക്ടര്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗിന് നിര്‍ദേശിച്ചേക്കാം
https://www.facebook.com/Malayalivartha