മൂത്രാശയ അണുബാധ വരാൻ സാധ്യത കൂടുതൽ സ്ത്രീകൾക്ക് : കാരണവും പ്രതിവിധിയും

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രാശയ അണുബാധ. ആണ്‍കുട്ടികളെ അപേക്ഷിച്ച് മൂത്രാശയ അണുബാധ ഉണ്ടാകുവാനുള്ള സാധ്യത പെണ്‍കുട്ടികളിൽ 10 മുതൽ 30 ശതമാനം വരെയാണ്. ഒരിക്കൽ സുഖപ്പെട്ടാൽ വീണ്ടും വരാനുള്ള സാധ്യത പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം 50 ശതമാനം കൂടുതലാണ്.
പുരുഷന്മാരില്‍ ശരീരത്തില്‍നിന്ന് പുറത്തേക്കു നീളുന്ന മൂത്രക്കുഴലിലൂടെയാണ് മൂത്രം പുറത്തേക്കു പോകുന്നത്. എന്നാല്‍ സ്‌ത്രീകളുടെ മൂത്രനാളിക്ക്
പുരുഷന്മാരെ അപേക്ഷിച്ച് നീളം കുറവാണ്.അതിനാല്‍ മൂത്രനാളിയിലൂടെ അണുബാധ അകത്തേക്കു വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. മലദ്വാരത്തില്‍നിന്നുള്ള ഇ-കോളി ബാക്‌ടീരിയകള്‍ മൂത്രനാളിയിലേക്കു കടക്കാനും എളുപ്പമാണ്.
വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, വ്യക്തിശുചിത്വ പോരായ്മ, ഗുഹ്യഭാഗങ്ങൾ ശുചിയായി സൂക്ഷിക്കാതിരിക്കുക, വിയർത്തൊട്ടി വൃത്തിയില്ലാത്ത അടിവസ്ത്രങ്ങൾ ധരിക്കുക എന്നിവ മൂത്രാശയ അണുബാധയുടെ സാധ്യത വർധിപ്പിക്കുന്നു.
ഏറെ നേരം മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നതും പൂർണമായും മൂത്രം ഒഴിച്ചു കളയാത്തതും മൂത്രാശയ അണുബാധയ്ക്ക് കാരണമാണ്.
അണുബാധ ഉള്ളിലേക്ക് വ്യാപിക്കുന്നതോടെ വൃക്കകളെ ബാധിക്കുന്ന പൈലോനെഫ്രൈറ്റിസ് എന്ന ഗുരുതര അവസ്‌ഥയ്‌ക്കു കാരണമാകുന്നു
ലക്ഷണങ്ങള്‍
1. അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍.
2. മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും.
3. അടിവയറ്റില്‍ വേദന.
4. മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുക.
5. മൂത്രത്തില്‍ പഴുപ്പ് ഉണ്ടാവുക.
6. രക്‌തത്തിന്റെ അംശം മൂത്രത്തില്‍ കാണപ്പെടുക.
7. മൂത്രത്തിന് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുക.
8. മൂത്രം കലങ്ങിപ്പോവുക.
9. അറിയാതെ മൂത്രം പോകുക.
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ മൂത്ര പരിശോധന നടത്തണം. മൂത്രം കള്‍ച്ചര്‍ ചെയ്‌തു കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്.
ഏതുതരം അണുക്കളാണ് വളരുന്നതെന്ന് കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണിത്. അണുബാധ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതിലൂടെ അണുബാധ ഭേദമാകുന്നതാണ്.
സാധാരണ മൂത്രാശയ അണുബാധയ്‌ക്ക് 5-7 ദിവസംവരെ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കണം. രോഗം വൃക്കയിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ 2-3 ആഴ്‌ചവരെ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടിവരാം.
മരുന്നു കഴിച്ചു അണുബാധ പൂര്‍ണമായും മാറിയാലും വീണ്ടും വരാതെ ശ്രദ്ധിക്കണം. മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ മൂത്രാശയ അണുബാധ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്.
ലൈംഗികബന്ധം വഴിയും മൂത്രാണുബാധ ഉണ്ടാകും. ലൈംഗികബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് രോഗാണുബാധ തടയാന്‍ നല്ലതാണ്.
പൊതുകക്കുസുകളും മറ്റും ഉപയോഗിക്കുന്നതും യുടിഐക്ക് കാരണമാകും. ഉപയോഗിക്കുന്നതിന് മുന്‍പ് വെളളം ഫ്ലഷ് ചെയ്യുന്നത് നല്ലതാണ്. ബാക്ടീരിയകളെ അകറ്റാന്‍ ഇത് സഹായിക്കും. ജനനേന്ദ്രിയങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഓരോ തവണ മൂത്രമൊഴിച്ചതിന് ശേഷവും കഴുകാന്‍ മറക്കരുത്. മലവിസര്‍ജനത്തിന് ശേഷം വൃത്തിയായി കഴുകണം. സ്ത്രീകള്‍ എപ്പോഴും മുന്നില്‍ നിന്നും പുറകിലേക്കായിരിക്കണം കഴുകേണ്ടത്. അല്ലെങ്കില്‍ ബാക്ടീരിയകള്‍ ജനനേന്ദ്രിയത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് അണുബാധക്ക് കാരണമാകും.
മാസമുറ സമയത്ത് സാനിറ്ററി നാപ്കിനുകള്‍ മൂന്നു മണിക്കൂര്‍ ഇടവിട്ടെങ്കിലും മാറ്റണം. മൂത്രത്തില്‍ അണുബാധ വരുന്ന പ്രകൃതമുള്ളവര്‍ മാസമുറ സമയത്ത് നാപ്കിന് പകരം ടാംപൂണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഉള്ളിലേക്ക് കടത്തി വയ്ക്കുന്നത് കൊണ്ട് ഇവ അണുബാധയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
കോട്ടന്‍ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇവ വായുസഞ്ചാരത്തിനും അതുവഴി വിയര്‍ക്കാതിരിക്കാനും സഹായിക്കും. വല്ലാതെ മുറുകിയ വസ്ത്രങ്ങളും ധരിക്കാതിരിക്കുക.
https://www.facebook.com/Malayalivartha