സൗന്ദര്യവര്‍ദ്ധക ഉത്‌പന്നങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പഠനം

സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളില്‍ വന്‍തോതില്‍ ആരോഗ്യത്തിന് അപകടകരമായ ഘനലോഹങ്ങള്‍ അടങ്ങിയിരിക്കുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ കണ്ടെത്തല്‍. മെര്‍ക്കുറി, ക്രോമിയം, നിക്കല്‍ എന്നിവ സൗന്ദര്യവര്‍ദ്ധക ക്രീമുകളിലും ലിപ്സ്റ്റിക്കുകളിലും അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഉത്പന്നങ്ങള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനത്തിന്റെ അഭാവമാണ് കമ്പനികളുടെ നിയമലംഘനത്തിന് കാരണം. മുഖം വെളുക്കാനും ചുണ്ട് ചുവപ്പിക്കാനുമായി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സസ് ആന്റ് എന്‍വയോണ്‍മെന്റിന്റെ പഠനത്തില്‍ വെളിപ്പെടുന്നത്. ബോളിവുഡ് താരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രധാന സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ അനുവദിനീയമല്ലാത്ത ഘനലോഹങ്ങള്‍ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. സിഎസ്ഇ ലാബുകളില്‍ പരിശോധിച്ച സൗന്ദര്യവര്‍ധക ക്രീമുകളില്‍ 44 ശതമാനത്തിലും വിഷലിപ്ത ലോഹമായ മെര്‍ക്കുറിയുടെ സാന്നിധ്യം ഉണ്ട്. പരിശോധനയ്ക്ക് വിധേയമാക്കിയ 50 ശതമാനം ലിപ്സ്റ്റിക്കുകളില്‍ ക്രോമിയവും 43 ശതമാനത്തില്‍ നിക്കലും അടങ്ങിയിരിക്കുന്നു. 30 ലിപ്‌സിറ്റിക്കുകളും 73 ക്രീമുകളുമാണ് പരിശോധിച്ചത്. അരോമ മാജിക് ഫെയര്‍ ലോഷന്‍, ഒലെ നാച്ചുറല്‍ വൈറ്റ്, പോണ്‍സ് വൈറ്റ് ബ്യൂട്ടി എന്നിവയിലാണ് മെര്‍ക്കുറി അംശം കൂടുതല്‍. ഓറിയല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ലിപ്സ്റ്റിക്കിലാണ് നിക്കല്‍ സാന്നിധ്യമുള്ളത്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം ഘനലോഹങ്ങള്‍ക്ക് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ നിരോധനമുണ്ടെങ്കിലും കമ്പനികള്‍ അത് ലംഘിക്കുകയാണെന്ന് സിഎസ്ഇ പറഞ്ഞു. ഘനലോഹങ്ങള്‍ അടങ്ങിയ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകാനും ചര്‍മ്മത്തിന്റെ നിറം നഷ്ടമാകാനും സാധ്യതയുണ്ട്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ദുര്‍ബലമായാതാണ് കമ്പനികളുടെ നിയമലംഘനത്തിന് കാരണം.
https://www.facebook.com/Malayalivartha