ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ് മൂന്ന് ഗ്രാമില്‍ കുറയരുത്, പണികിട്ടും!
ഉപ്പില്ലാതെ ഭക്ഷണം കഴുക്കാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ അമിതമായി ഉപ്പ് കഴിക്കുന്നതും അപകടമാണ്. ഉപ്പ് അധികമായി അകത്തു ചെല്ലുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമെന്നും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്നൊക്കെയാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്. ഇതൊക്കെ കേട്ട് ഉപ്പില്ലാതെ ജീവിച്ചിരുന്നവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏറ്റവും പുതിയ പഠനമനുസരിച്ച് ഉപ്പ് അത്ര വില്ലനൊന്നുമല്ല. ദിവസം രണ്ടര ടീ സ്പൂണ്‍വരെ ഉപ്പ് അകത്തുചെന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഒന്റേറിയോയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.
ഉപ്പ് കൂടുതല്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കേണ്ടത് ഉപ്പിന് ഏറെ പ്രധാന്യം നല്‍കുന്ന ചൈന പോലുള്ള രാജ്യങ്ങളിലാണെന്ന് ഗവേഷകര്‍ പറയുന്നു. മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ചാണ് ഈ പഠനം നടത്തിയത്. 35-നും 70-നും മധ്യേ പ്രായമുള്ള 94,378 പേരെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ദിവസം രണ്ടര ടീസ്പൂണ്‍ (അഞ്ച് ഗ്രാം) ഉപ്പിലധികം കഴിക്കുന്നവര്‍ക്ക് മാത്രമാണ് ഹൃദ്രോഗത്തിന് സാധ്യതയുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. ഏഴ് ഗ്രാമില്‍ക്കുടുതല്‍ ഉപ്പ് ദിവസം ഉപയോഗിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു.
ഉപ്പ് കൂടുതല്‍ കഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മറ്റു രാജ്യങ്ങളിലേറെയും ഒരുദിവസം മൂന്നുമുതല്‍ അഞ്ചുവരെ ഗ്രാം ഉപ്പ് കഴിക്കുമ്പോള്‍ ചൈനീസ് ഭക്ഷണങ്ങളില്‍ ഉപ്പിന്റെ സാന്നിധ്യം വളരെ കൂടുതലാണ്. ഉപ്പുകൂടുതല്‍ കഴിക്കുന്നത് രക്തസമ്മര്‍ദത്തിന് കാരണമാകുമെന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ലോകാരോഗ്യ സംഘടന ദിവസം രണ്ടുഗ്രാം ഉപ്പില്‍ക്കൂടുതല്‍ കഴിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അഞ്ചുഗ്രാം ഉപ്പുവരെ ശരീരത്തിന് നേരിടാനാകുമെന്നാണ് പുതിയ പഠനം പറയുന്നത്.
സാധാരണ നിലയ്ക്ക് ഉപ്പ് താരമ്യേന കുറച്ച് കഴിക്കുന്ന അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇങ്ങനെയൊരു മുന്നറിയിപ്പിന്റെ ആവശ്യംപോലുമില്ല. ഹൃദ്രോഗവും സ്‌ട്രോക്കും വരാതിരിക്കുന്നതിന് ഉപ്പ് കുറയ്ക്കണമെന്ന് സ്ഥിരീകരിക്കുന്ന ഒരു ശാസ്ത്രമായ തെളിവും കണ്ടെത്താനായിട്ടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസോസിയേറ്റ് ക്ലിനിക്കല്‍ പ്രൊഫസ്സര്‍ മാര്‍ട്ടിന്‍ ഒഡോണല്‍ പറഞ്ഞു. ഉപ്പുകുറച്ച് കഴിക്കുന്നതും അപകടമാണ്. ദിവസം മൂന്ന് ഗ്രാമില്‍ക്കുറച്ച് ഉപ്പ് കഴിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദം കുറയുന്നതുകൊണ്ടും അസുഖങ്ങള്‍ വരാനിടയുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്റെ ഏറ്റക്കുറച്ചിലിനെ, നേരിടാന്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉരുളക്കിഴങ്ങും അതുപോലെ പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ മതിയെന്നും ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha