രണ്ടു സെന്റില്‍ മനോഹരമായ ഒരു വീട്!

രണ്ടു സെന്റ് സ്ഥലം മതിയോ നല്ല ഒരു വീടു വയ്ക്കാന്‍ എന്നു പൊതുവേ നമ്മുടെ മനസ്സില്‍ ഉയരുന്ന ചോദ്യമാണ്. രണ്ടു സെന്റ് സ്ഥലം പോലും വേണ്ട വീടു വയ്ക്കാന്‍ എന്നു ബാലാമണിടീച്ചര്‍ പറയും. തിരുനക്കരയപ്പന്റെ അരികില്‍ വസിക്കുന്നതു സുകൃതമായി കാണുന്ന ബാലാമണി ടീച്ചറുടെ ആഗ്രഹമായിരുന്നു പുതിയൊരു വീട്. ഗിരിദീപം സ്‌കൂളില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുത്തയാളാണു ടീച്ചര്‍. അതുകൊണ്ടു തന്നെ വലിയ വീട് എന്ന സ്വപ്‌നം ടീച്ചര്‍ക്കില്ലായിരുന്നു. എന്നാല്‍ കൊച്ചുമക്കള്‍ വീട്ടില്‍ എത്തുമ്പോള്‍ അവര്‍ക്കുവേണ്ട എല്ലാ സൗകര്യവും ഉണ്ടാകണം.
തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേനടയില്‍നിന്നു താഴേക്കിറങ്ങി ചെല്ലുമ്പോള്‍ത്തന്നെ വീടു കാണാം. ആരും ഒന്നു നോക്കിപ്പോകുന്ന വെള്ള നിറത്തില്‍ മനോഹരമായ ഇരുനിലവീട്. പേവിങ് ടൈലുകള്‍ പാകിയ വീടിന്റെ മുറ്റത്ത് ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഒന്നാം നിലയില്‍ സിറ്റൗട്ടും ലിവിങ് റൂം, കിച്ചന്‍. കോമണ്‍ ബാത് റൂം, ഒരു ബെഡ്‌റൂം എന്നിവയും വരുന്നു. മൂന്നു സ്‌റ്റെപ്പുകള്‍ കയറി വേണം മുറ്റത്തുനിന്നു സിറ്റൗട്ടില്‍ എത്താന്‍. അവിടെനിന്നു നേരെ മനോഹരമായ ലിവിങ് റൂമിലേക്ക്. ഐവറി കളറിലെ വിട്രിഫൈഡ് ടൈലുകളാണ് ഫ്‌ളോറില്‍. ഭിത്തിയില്‍ തടി കൊണ്ടുള്ള കബോര്‍ഡ് നിര്‍മിച്ച് അതിനുള്ളിലാണ് പൂജാമുറിക്കു പകരമായി നിലവിളക്കു കത്തിക്കാന്‍ പൂജാ സ്ഥലം ഒരുക്കിയിരിക്കുന്നത്.
സ്വീകരണമുറിയ്ക്ക് എല്‍ ഷെയ്പ്പാണുള്ളത്. വലതുവശത്തായിട്ടാണ് ആറു ചെയറുകളുള്ള ഡൈനിങ് ടേബിള്‍ ഇടാന്‍ സൗകര്യമുള്ള ഡൈനിങ് ഏരിയ്. അവിടെനിന്നു കിച്ചനിലേക്ക് ഗ്ലാസ് ഡിസൈന്‍ ഡോര്‍. ചെറുതെങ്കിലും ഫര്‍ണിഷ് ചെയ്ത മനോഹരമായ കിച്ചന്‍. കബോര്‍ഡുകള്‍ ഉള്ളത് കൂടുതല്‍ സൗകര്യമാകുന്നു. ഡൈനിങ് ഏരിയയുടെ ഇടതുവശത്തുനിന്നാണ് കോമണ്‍ ബാത്‌റൂമിലേക്കു പോകുന്നത്. പിവിസിയുടെ ഡിസൈന്‍ ഡോറാണ് ബാത്‌റൂമില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയില്‍ വാഷ് ബെയ്‌സിനുമുണ്ട്. അതിനോടു ചേര്‍ന്ന് പുറത്തേക്ക് തടികൊണ്ടു നിര്‍മിച്ച ഒരു സിംഗിള്‍ ഡോറുണ്ട്.
ഡൈനിങ് ഏരിയയുടെ സമീപത്തു നിന്നു മുകളിലത്തെ നിലയിലേക്കു പോകാന്‍ പതിനേഴു സ്‌റ്റെപ്പുകള്‍ ഉള്ള സ്‌റ്റെയര്‍ കേസുണ്ട്. ഷേറാബോര്‍ഡുകൊണ്ടു നിര്‍മിച്ചിരിക്കുന്ന സ്‌റ്റെയര്‍കേസാണ്. അലൂമിനിയത്തിന്റെ കൈവരിയാണ് സ്‌റ്റെയര്‍കേസില്‍ നല്‍കിയിരിക്കുന്നത്. സ്‌റ്റെപ്പുകള്‍ക്ക് അലങ്കാരമായി ലക്കി ബാംപൂ ചെടി വച്ചിരിക്കുന്നു.സ്‌റ്റെയര്‍കേസ് വരുന്ന ഭിത്തിയില്‍ വിന്‍ഡോ നല്‍കിയിരിക്കുന്നത് ലിവിങ് റൂമിലേക്കു സൂര്യപ്രകാശവും കാറ്റും യഥേഷ്ടം കടക്കുന്നതിനു സൗകര്യമാകുന്നു. അതാണ് ഈ വീടിന്റെ പ്രത്യേകതയും. ലൈറ്റ് ഇടാതെ തന്നെ വീടിനുള്ളില്‍ നല്ല വെളിച്ചം ലഭിക്കുന്നു.
സ്‌റ്റെയര്‍ കയറി വിശാലമായ ഏരിയയിലേക്കാണ് എത്തുന്നത്. അവിടെ ചൂരലില്‍ തീര്‍ത്ത ചെയറുകള്‍ ഇട്ടിരിക്കുന്നു. അവിടെനിന്നു രണ്ടു ബെഡ്‌റൂമുകളിലേക്കും പോകാം. ബാത്‌റൂം അറ്റാച്ച്ഡാണ് ഒരു ബെഡ്‌റൂം. ബാത്‌റൂമുകളില്‍ ക്ലാഡിങ് ടൈലുകള്‍ ആവശ്യാനുസരണം ഉപയോഗിച്ചിരിക്കുന്നു. അടുത്ത ബെഡ്‌റൂമിന് മനോഹരമായ ബാല്‍ക്കണിയുണ്ട്. അവിടെ നിന്നാല്‍ നല്ല കാറ്റു ലഭിക്കും.
വെളിച്ചവും കാറ്റും നന്നായി ലഭിക്കുന്ന മുറികളാണ്. നീളമുള്ള ബാല്‍ക്കണിയാണ്. സ്‌റ്റെയര്‍ കയറിയാല്‍ എത്തുന്നത് വിശാലമായ ടെറസിലേക്കാണ്. അവിടെയും ഒരു ബാത് റൂം ഉണ്ട്. വേണെങ്കില്‍ ഒരു നില കൂടി പണിയാനുള്ള സൗകര്യം ഉണ്ട്. അതിനനുസരിച്ചാണ് വീടു പണി പൂര്‍ത്തീകരിച്ചിക്കുന്നത്.
മുനിസിപ്പാലിറ്റി ആര്‍ക്കിടെക്ടായ ജയ്‌മോളാണ് വീടിന്റെ പ്ലാന്‍ വരച്ചിരിക്കുന്നത്.സുരേഷ്‌കുമാര്‍ എന്ന കോണ്‍ട്രാക്ടറെയാണ് ടീച്ചര്‍ വീടുപണി ഏല്‍പിച്ചത്. പതിനേഴു ലക്ഷം രൂപയാണ് ആകെ ചെലവായ തുക.ഷെറാബോര്‍ഡിന്റെ സ്‌റ്റെയര്‍ ഉപയോഗിച്ചത് ചെലവു കുറയ്ക്കാന്‍ വളരെ സഹായകമായി. ജനലുകളുടെ കട്ടിളകളും പാളികളും അലൂമിനിയത്തിന്റേതാണ്. ബെഡ്‌റൂമുകളിലെ ഡോറുകള്‍ പിവിസി നിര്‍മിതമാണ്. ഇതെല്ലാം വീടിന്റെ ചെലവു കുറയ്ക്കാന്‍ സഹായിച്ചു.
https://www.facebook.com/Malayalivartha