ഈ കെട്ടിടത്തിനൊരു പ്രത്യേകതയുണ്ട്, എപ്പോള്‍ വേണമെങ്കിലും കെട്ടിടം അഴിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് അതേപോലെ പുനര്‍നിര്‍മിക്കാം

കോഴിക്കോട് രാമനാട്ടുകര ബൈപാസിന് അരികിലുള്ള കെട്ടിടം രൂപകല്‍പന ചെയ്തപ്പോള്‍ മനസ്സിലുണ്ടായിരുന്നത്, കച്ചവട സ്ഥാപനം ആയതിനാല്‍ ഒറ്റനോട്ടത്തില്‍ തന്നെ ആളുകളുടെ മനസ്സില്‍ പതിയുന്ന രീതിയിലുള്ള ഡിസൈന്‍ ആയിരിക്കണം എന്ന് ഉടമസ്ഥരുടെ ആവശ്യമായിരുന്നു. ഒരിടത്തു പോലും വളവുകളില്ലാത്ത രീതിയിലുള്ള പുറംചുവരുകളാണ് കെട്ടിടത്തിന്റെ മുഖ്യ ആകര്‍ഷണം.
വെള്ള നിറത്തിലുള്ള അലുമിനിയം കോംപസിറ്റ് പാനല്‍ (എസിപി) പതിപ്പിച്ചാണ് പുറംചുവരുകള്‍ മുഴുവന്‍ നിര്‍മിച്ചിരിക്കുന്നത്. പാനലുകള്‍ പരസ്പരം ചേരുന്നിടത്ത് കറുത്ത നിറത്തിലുള്ള സിലിക്കോണ്‍ പേസ്റ്റ് ഒട്ടിക്കുന്നതിനു പകരം വിടവ് അഥവാ 'ഗ്രൂവ് ഡിസൈന്‍' വരുന്ന രീതിയിലാണ് മുഴുവനിടത്തും എസിപി പിടിപ്പിച്ചത്. ഈ വിടവിനുള്ളില്‍ ചിലയിടത്തായി എല്‍ഇഡി സ്ട്രിപ് ലൈറ്റ് നല്‍കിയപ്പോള്‍ കെട്ടിടത്തിന്റെ രാത്രികാഴ്ചയും ഗംഭീരമായി.
പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് വാങ്ങിയ സ്ഥലമാണ് ഇത്. അതിനാല്‍ കെട്ടിടനിര്‍മാണത്തിനായി അധികം പണം ചെലവഴിക്കുന്നത് പ്രായോഗികമല്ലായിരുന്നു. അധികം പണം മുടക്കാതെ നിര്‍മിക്കാനാകുന്ന രീതിയിലാണ് കെട്ടിടം മുഴുവന്‍ രൂപകല്‍പന ചെയ്തത്. മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും കെട്ടിടം അഴിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് അതേപോലെ പുനര്‍നിര്‍മിക്കുകയുമാകാം.
'പോര്‍ട്ടബിള്‍ ബില്‍ഡിങ്' എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമാണ് ഈ കെട്ടിടം എന്നു പറയാം. സി സെക്ഷനും ആങ്ക്‌ളെയറും നല്‍കി അതിലാണ് അലുമിനിയം കോംപസിറ്റ് പാനല്‍ പിടിപ്പിച്ചത്. ഉള്ളില്‍ ജിഐ പൈപ്പും ബൈസണ്‍ പാനലും ഉപയോഗിച്ചു. ഒരിടത്തു പോലും മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തില്ല. റൂഫിങ് ഷീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതും പുനരുപയോഗിക്കാന്‍ സാധിക്കും.
സാധനങ്ങള്‍ നല്ലതുപോലെ പ്രദര്‍ശിപ്പിക്കാനും വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാനും സാധിക്കുംവിധമാണ് ഇന്റീരിയര്‍ ക്രമീകരിച്ചിരിക്കുന്നത്. ആകെ 2500 ചതുരശ്രഅടിയാണ് കടയുടെ വിസ്തീര്‍ണം. ബൈപാസ് റോഡിലൂടെ യാത്രചെയ്യുന്നവരെല്ലാം ഈ വേറിട്ട കെട്ടിടത്തെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് ഉടമസ്ഥരുടെ ഇതുവരെയുള്ള അനുഭവം.
ഇതിന്റെ ആര്‍ക്കിടെക്റ്റ് ഇന്ദു സന്തോഷ് കുറ്റിപ്പുറം എം.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടി. 2015 ല്‍ കോഴിക്കോട് ആസ്ഥാനമായി സെയ്ന്‍ ആര്‍ക്കിടെക്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനം തുടങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനില്‍ മികച്ച കൊമേഴ്‌സ്യല്‍ പ്രോജക്ടിനുള്ള അവാര്‍ഡ് നേടിയ ആളാണ്.
https://www.facebook.com/Malayalivartha