പത്തുനില കെട്ടിടത്തിനു മുകളിലൊരു കിടിലന്‍ വീട്

ആര്‍ക്കിടെക്ചര്‍ രംഗത്തെ നവീന പരീക്ഷണങ്ങള്‍ക്ക് സ്ഥിരം വേദിയാകുന്നൊരു നഗരമാണ് മുംബൈ. പുതുമകളിലെ ട്രെന്‍ഡ് തേടി പറന്നിറങ്ങിയത് ഈ മഹാനഗരത്തിലെ ഒരു പത്തുനിലക്കെട്ടിടത്തിന്റെ ടെറസിലാണ്. അശോക് ജഗ്ദലെ എന്ന കോര്‍പറേറ്റ് ഭീമന്റെ വീട്ടുമുറ്റത്ത്. ആലോചിച്ചു കുഴപ്പിക്കണ്ട. സ്വന്തം ഓഫിസിന്റെ റൂഫ്‌ടോപ്പിലാണ് പുതിയ വീടിനായി അദ്ദേഹം സ്ഥലം കണ്ടെത്തിയത്. ബാന്ദ്രയിലെ ഈ അദ്ഭുത മാളികയുടെ വിശേഷങ്ങള്‍ അറിയേണ്ടേ?
നേര്‍രേഖകളില്‍ മാത്രമാണ് വീട് ചലിക്കുന്നത്. ഇതൊരു ഫ്‌ലാറ്റ് പോലെ ആകരുത് എന്നായിരുന്നു വീട്ടുകാര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. അങ്ങനെ 8000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഓപന്‍ ടെറസില്‍ പകുതി ഏരിയ ലോണിനും വാട്ടര്‍ബോഡിക്കും മറ്റുമായി മാറ്റിവച്ചു. ബാക്കി 4000 സ്‌ക്വയര്‍ഫീറ്റിലാണ് വീട് നില്‍ക്കുന്നത്. ഇങ്ങനൊരു പ്ലാന്‍ നേരത്തേ മനസ്സിലുണ്ടായിരുന്നതിനാല്‍ കെട്ടിടത്തിന്റെ ടെറസ് നല്ല പോലെ ബലപ്പെടുത്തിയിരുന്നു. വീടിന്റെ മുറ്റത്തു നിന്നാല്‍ മുംബൈ നഗരത്തിന്റെ ഭംഗി ആസ്വദിക്കാം.
വീടിന്റെ സ്വീകരണമുറിയില്‍ നിന്നുള്ള കാഴ്ച. കോംപസിറ്റ് ഇറ്റാലിയന്‍ മാര്‍ബിളാണ് നിലത്തു പാകിയിരിക്കുന്നത്. ഇടതുവശത്തു കാണുന്ന സ്‌പേസ് അതിഥികള്‍ക്കുള്ളതാണ്. പുറത്തെ ലോണിലേക്കും പിന്നെ നീലാകാശത്തേക്കും മിഴി തുറക്കുന്ന ഗ്ലാസ് വോള്‍ ആവശ്യത്തിനു വെളിച്ചം വീടിനുള്ളില്‍ എത്തിക്കുന്നുണ്ട്. മൂന്ന് മില്ലിമീറ്ററുള്ള ടെക്‌സ്‌ചേര്‍ഡ് അലൂമിനിയം ഷീറ്റ് ആണ് സീലിങ്ങില്‍ കാണുന്നത്. പാളികള്‍ക്കിടയില്‍ കോവ് ലൈറ്റിങ്.
ലിവിങ് ഏരിയയുടെ ഓരം ചേര്‍ന്ന് അതിഥികള്‍ക്കു മാത്രമായുള്ള ഇടങ്ങള്‍. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വലതു വശത്തെ ബിസിനസ്സ് ലോഞ്ച് ഉപയോഗിക്കാം. അതിനുശേഷമുള്ള ഉപചാരങ്ങള്‍ക്ക് ചുവപ്പന്‍ 'എല്‍' ഷേപ്ഡ് സോഫയിലേക്കമരാം. അളവില്‍ കൂടുതലും കുറവുമില്ലാത്ത എല്‍ഇഡി ലൈറ്റിങ്. തടി ലൂവറുകള്‍ക്കു പിന്നിലായി എസി ഒളിപ്പിച്ചു വച്ചിരിക്കുന്ന രീതിയും അഭിനന്ദനീയം തന്നെ. വീട്ടിലെ എല്ലാ എസിയും ഇത്തരത്തില്‍ മറച്ചുവച്ചിരിക്കുകയാണ്. രാത്രിയില്‍ സുന്ദരമാകുന്ന നഗരം കാണണമെങ്കില്‍ ബ്ലൈന്‍ഡ് മാറ്റാം.
ഇതുവഴിയാണ് വീടിന്റെ എന്‍ട്രന്‍സ്. അപരിചിതരായ അതിഥികള്‍ക്കുള്ളതാണ് ഈ ഇരിപ്പിടങ്ങള്‍. നമ്മുടെ നാട്ടിലെ സിറ്റ്ഔട്ട്. ഇവിടെയിരിക്കുന്നവര്‍ക്ക് വീടിന്റെ ഉള്ളറകളിലേക്ക് നോട്ടമെത്തില്ല. പക്ഷേ, നഗരത്തിന്റെ വിദൂരദൃശ്യങ്ങള്‍ കാണാം. മുകളില്‍ ഗ്ലാസ് റൂഫ്. വീടിന്റെ തീം പോലെ മിനിമലിസ്റ്റ് രീതിയിലാണ് ഫര്‍ണിച്ചറിന്റെയും ഡിസൈന്‍. തെര്‍മല്‍ ഇന്‍സുലേറ്റഡ് ഗ്ലാസുകളായതിനാല്‍ ചൂട് വളരെക്കുറച്ചേ കടത്തിവിടുകയുള്ളു.
ചിത്രത്തില്‍ കാണുന്ന മാസ്റ്റര്‍ ബെഡ്‌റൂം കൂടാതെ പേരന്റ്‌സ്, കിഡ്‌സ്, ഗെസ്റ്റ് എന്നിങ്ങനെ മൊത്തം നാല് ബെഡ്‌റൂമുകള്‍. ചെസ്റ്റര്‍ ഫീല്‍ഡ് സോഫയുടെ മെറ്റീരിയലാണ് ഹെഡ്‌ബോര്‍ഡില്‍ ഉപയോഗിച്ചത്. കറുത്ത ഗ്രാനൈറ്റ് കൊണ്ട് ക്ലാഡിങ്. തടിയിലെ അലങ്കാരങ്ങളോടു കൂടി ഇടതുവശത്ത് കാണുന്നത് മാസ്റ്റര്‍ ബാത്‌റൂം. ഇളക്കി മാറ്റാവുന്ന വാതില്‍ മാറ്റിയാല്‍ കിടപ്പുമുറി എന്ന കോണ്‍സെപ്റ്റ് തന്നെ ഇല്ലാതാകുന്നു. വാതിലുകള്‍ മാറ്റി വീടിനകം മുഴുവന്‍ ഇങ്ങനെ ഒറ്റ ഏരിയ ആക്കാം.
കസ്റ്റംമെയ്ഡ് ബാത്ടബ് ആണ് മാസ്റ്റര്‍ ബാത്‌റൂമിന്റെ ഹൈലൈറ്റ്. ബാത്‌റൂമിന്റെ വീതിയനുസരിച്ച് മാര്‍ബിളില്‍ കൊത്തിയെടുത്തതാണ് ഈ ടബ്. പിയു കോട്ടിങ്ങും നല്‍കി. ഭിത്തിയില്‍ തിളങ്ങുന്ന കറുത്ത മൊസെയ്ക്. തടിയെന്നു തോന്നിപ്പിക്കുന്ന തരം ടൈലുകളാണ് നിലത്ത്. ബാത്ടബ് ഉള്ളപ്പോള്‍ തന്നെ ഷവര്‍ ഏരിയയും നല്‍കിയിട്ടുണ്ട്. ഗ്ലാസ് പാര്‍ട്ടീഷനിലൂടെ വെറ്റ് ഏരിയ തിരിച്ചിരിക്കുന്നു. ഭിത്തിക്കിടയിലെ നേര്‍രേഖകളിലിരുന്ന് കണ്ണു ചിമ്മുന്ന എല്‍ഇഡികള്‍. (ഡിസൈനേഴ്‌സ്: സുരേഷ് മിസ്ത്രി, മേഘ്‌നാ ഷെട്ടി, എസ്എം സ്റ്റുഡിയോ, മുംബൈ)
https://www.facebook.com/Malayalivartha