തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യാം ഈസിയായി

തേനീച്ചകൾ പലപ്പോഴും വീടിനുള്ളിലും ചെടികൾക്കിടയിലും വന്നു കൂടു കൂട്ടാറുണ്ട്. കൊച്ചുകുട്ടികള്‍ക്കും, അലര്‍ജ്ജിയുള്ളവര്‍ക്കും തേനീച്ചകള്‍ ഭീഷണിയാണ്.
പക്ഷെ, തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെ അവയെ തുരത്താൻ പോയാൽ കുത്തു കിട്ടുമെന്നുറപ്പ്.
തേനീച്ചക്കൂട് നീക്കംചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്ന സമയത്ത് കട്ടിയുള്ള സുരക്ഷിതമായ വസ്ത്രവും മുഖംമൂടിയും നിര്‍ബന്ധമായും ധരിച്ചിരിക്കണം.
തേനീച്ചകളെ എളുപ്പത്തില്‍ തുരത്തുവാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
സോപ്പ് വെള്ളം
തേനീച്ചകളെ തുരത്താന്‍ വീട്ടില്‍ നിന്ന് തന്നെ എടുക്കാവുന്ന ഏറ്റവും നല്ല പരിഹാര മാര്‍ഗ്ഗമാണ് സോപ്പ് വെള്ളം. ഒരു ഭാഗം ലിക്വിഡ് സോപ്പിന് നാല് ഭാഗം വെള്ളം എന്ന കണക്കില്‍ ലിക്വിഡ് സോപ്പും വെള്ളവും കൂട്ടി ചേര്‍ത്ത് കലക്കുക. ഈ മിശ്രിതം തോട്ടത്തില്‍ വെള്ളം തൂവാന്‍ ഉപയോഗിക്കുന്ന സ്പ്രേ ബോട്ടിലില്‍ നിറച്ചതിന് ശേഷം തേനീച്ചക്കൂട്ടിലേക്ക് അടിയ്ക്കുക. ഒരു കാര്യം മറക്കരുത്. ഇത് ചെയ്യുമ്പോള്‍ ശരീരവും മുഖവും സുരക്ഷിതമായി മറച്ചിരിക്കണം.
വിനാഗിരി
തേനീച്ചയെ ഓടിക്കാനുള്ള മറ്റൊരു പ്രധാന വഴിയാണ് വിനാഗിരി തേനീച്ചക്കൂടിലേക്ക് തളിക്കുന്നത്. കാല്‍ കപ്പ് വെള്ളത്തിന് ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി എന്ന കണക്കില്‍ ചേര്‍ത്ത് സ്പ്രേ ബോട്ടിലില്‍ ഒഴിക്കുക. ഇത് തേനീച്ചക്കൂടിലേക്ക് തളിക്കുക. വിനാഗിരിയുടെ ഗന്ധം മൂലം തേനീച്ചകള്‍ക്ക് ശ്വാസംമുട്ടുകയും ചലിക്കാന്‍ സാധിക്കാതാവുകയും ചെയ്യുന്നു. ഇത് വഴി തേനീച്ചക്കൂട് എളുപ്പത്തില്‍ നീക്കം ചെയ്യാം.
പാറ്റഗുളിക ഒരു വിദഗ്ദ്ധനെ വിളിക്കാതെ തന്നെ തേനീച്ചകളെ തുരത്താനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗമാണ് പാറ്റഗുളിക. സോക്സിനകത്തോ നൈലോണ്‍ തുണിയില്‍ പൊതിഞ്ഞുകെട്ടിയൊ പാറ്റഗുളിക തെനീച്ചക്കൂടിനടുത്ത് തൂക്കിയിടുക. തേനീച്ചകള്‍ പറപറക്കും.
മധുരസോഡ
ഇതിനായി നിങ്ങള്‍ക്ക് ആകെ വേണ്ടത് ഒരു കുപ്പി സ്പ്രൈറ്റ്, അല്ലെങ്കിൽ മറ്റെന്തെങ്കിലും മധുരമുള്ള സോഡ മാത്രമാണ്. സോഡാക്കുപ്പി പകുതിക്ക് വച്ച് മുറിച്ചതിനുശേഷം മുകള്‍ ഭാഗം എടുത്ത് കളഞ്ഞ കുപ്പിയുടെ താഴെ പകുതിയില്‍ മധുരസോഡ നിറയ്ക്കുക. എന്നിട്ടത് കാര്‍പ്പോര്‍ച്ചിലോ പൂന്തോട്ടത്തിലോ കൊണ്ടുവയ്ക്കുക. സോഡയുടെ ഗന്ധത്തില്‍ ആകൃഷ്ടരായി വരുന്ന തേനീച്ചകള്‍ ആ ലായനിയില്‍ മുങ്ങുന്നു.
സാപ്പര്‍
സാപ്പര്‍ എന്നത് പ്രാണികളെ കൊല്ലാനുള്ള ഒരു ഇലക്ട്രോണിക് ഉപകരണമാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇലക്ട്രോണിക്സ് കടകളിലും സ്റ്റേഷണറി കടകളിലും വരെ ഇപ്പോള്‍ അത് ലഭ്യമാണ്.
ഒരു സാപ്പര്‍ വാങ്ങി തേനീച്ചക്കൂടിന്‍റെ അടുത്ത് വച്ചാൽ തേനീച്ചകള്‍ സാപ്പറിന്‍റെ ഒട്ടിപ്പിടിക്കുന്ന പ്രതലത്തില്‍ ഒട്ടിച്ചേര്‍ന്ന് പറക്കാന്‍ സാധിക്കാതെ അകപ്പെടുന്നു.
വെളുത്തുള്ളി പൊടി:
നേരത്തെ പറഞ്ഞത് പോലെ, തേനീച്ചകള്‍ ചില ഗന്ധങ്ങളില്‍ ആകൃഷ്ടരാകാറുണ്ട്. അതുപോലെ രൂക്ഷവും കഠിനവുമായ ഗന്ധങ്ങളോട് അവയ്ക്ക് വെറുപ്പുമാണ്. അതിനാല്‍ വെളുത്തുള്ളി തേനീച്ചകളെ തുരത്താനുള്ള ഒരു നല്ല മാര്‍ഗ്ഗമാണ്. ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം, കുറച്ച് വെളുത്തുള്ളി പൊടി തേനീച്ചക്കൂടിന്‍റെ അടുത്ത് വിതറുക. അതിന്‍റെ രൂക്ഷഗന്ധം മൂലം പിന്നെ തേനീച്ച ആ പരിസരത്തെങ്ങും വരില്ല. അതിന്‍റെ കോളനി മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയും ചെയ്യും.
https://www.facebook.com/Malayalivartha