144 നിലയുള്ള അബുദാബിയിലെ മിനാ പ്ലാസ പത്ത് സെക്കൻഡിൽ തകർന്ന് വീണു; ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തം, കണ്ണടച്ചു തുറക്കും മുൻപേയായിരുന്നു ആ സംഭവം

പൊളിക്കൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. കേരളത്തെ അമ്പരപ്പിലാഴ്ത്തി ടമാർ പടാർ എന്ന ശബ്ദത്തോടെ നിലം പൊത്തി. തീരപരിപാലനനിയമം ലംഘിച്ച് മരടിൽ പണിത നാലുഫ്ലാറ്റും നിലംപൊത്തിയ ആ കാഴ്ച മലയാളികൾ മറക്കില്ല. സമീപത്ത് കാര്യമായ ഒരു പരിക്കുമേൽപ്പിക്കാതെയാണ് നിലംപൊത്തിയത്. കൃത്യതയാർന്ന ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും വിജയംകൂടിയായി ഈ പൊളിക്കൽ എന്ന് ഏവർക്കും അറിയാം. ആ പൊളിക്കലൊക്കെ ലൈവ് ആയി കണ്ട മലയാളികളെ അമ്പരപ്പിച്ച് അബുദാബി.144 നിലയുള്ള അബുദാബിയിലെ മിനാ പ്ലാസ പൊളിച്ചുകൊണ്ട് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് യുഎഇ.
കണ്ണടച്ചു തുറക്കും മുൻപേയായിരുന്നു ആ സംഭവം കഴിഞ്ഞത്. അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം ഇന്ന് രാവിലെ നിലംപൊത്തി. ഇതു കാണാൻ മലയാളി കുടുംബങ്ങളടക്കം ഒട്ടേറെ പേർ എത്തിയിരുന്നു. കണ്ണിമ ചിമ്മാതെ കാത്തിരുന്നത് കൊണ്ടാണ് വിസ്മയിപ്പിക്കുന്ന ഇൗ രംഗം എല്ലാവർക്കും നേരിൽ കാണാൻ കഴിഞ്ഞത്. കാരണം സെക്കൻഡുകൾക്കകം കെട്ടിടമുണ്ടായിരുന്ന സ്ഥലത്ത് കനത്ത പൊടി മാത്രം ബാക്കിയാവുകയായിരുന്നു. പലരും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചിലർ ഫെയ്സ് ബുക്കിലും ടിക് ടോക്കിലേയ്ക്കും പകർത്തുകയും ചെയ്തു. നിമിഷങ്ങൾക്കകമാണ് ഇത് വൈറലായത്.
അതേസമയം മൊഡോൺ റിയൽ എസ്റ്റേറ്റ് സംഘമാണ് കെട്ടിടം പൊളിക്കാൻ നേതൃത്വം നൽകിയത്. 10 സെക്കൻഡിൽ മിനാ പ്ലാസ പൊളിച്ചതിലൂടെ പുതിയ റെക്കോർഡും സംഘം നേടിയെന്ന് അബുദാബി മീഡിയ അറിയിക്കുകയുണ്ടായി. 165 മീറ്റർ ഉയരത്തിൽ 144 നിലകൾ ഉള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡാണ് ഈ സംഘത്തിന് ലഭിച്ചിരിക്കുന്നത്. തുറമുഖ വികസനത്തിന്റെ ഭാഗമായാണ് 2007ൽ നിർമിച്ച മൂന്ന് ബഹുനില കെട്ടിടങ്ങൾ ഫ്ലാഷ് എക്സ്പ്ലോസീവ് ചാർജിലൂടെ പൊളിച്ചുനീക്കിയിരുന്നത്. ഈ സ്ഥലത്ത് വിനോദത്തിനും ഷോപ്പിങ്ങിനും കൂടി ഉപയോഗപ്പെടുത്താവുന്ന വിപണി നിർമിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. കെട്ടിടത്തിലുണ്ടായിരുന്ന വ്യാപാരികൾക്ക് 18 മാസം മുൻപ് ഒഴിയാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതേതുടർന്ന് കുറഞ്ഞ വിലയ്ക്ക് പലരും ഉത്പന്നങ്ങൾ വിറ്റഴിച്ചു സ്ഥലം കാലിയാക്കിയിരുന്നു.
https://www.facebook.com/Malayalivartha