സൗദിയെ ഞെട്ടിച്ച് വൻ തട്ടിപ്പ് നടത്തി മലയാളി അധ്യാപകൻ! ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളി അധ്യാപകൻ എണ്‍പതോളം പേരില്‍ നിന്നു 10 കോടിയോളം രൂപ കൈക്കലാക്കി മുങ്ങി; കോഴിക്കോട് സ്വദേശിക്കെതിരെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പരാതിയുമായി എത്തി

എത്രതന്നെ വിശ്വാസം വളർത്തിയെടുത്താലും തട്ടിപ്പുകളിൽ ഇരയാകുന്നവർ അനവധിയാണ്. പ്രത്യേകിച്ച് തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ. അത്തരത്തിൽ സൗദിയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളി അധ്യാപകൻ എണ്‍പതോളം പേരില്‍ നിന്നു 10 കോടിയോളം രൂപ കൈക്കലാക്കി മുങ്ങിയെന്നു പരാതിയാണ് ലഭിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശിക്കെതിരെയാണു സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. റിയാദ് ഇന്ത്യന്‍ എംബസി, നോര്‍ക്ക, ഡിജിപി എന്നിവര്‍ക്കു പരാതി നല്‍കിയതായി സഹപ്രവർത്തകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി.
ആറു വര്‍ഷത്തോളം ബിന്‍ ലാദന്‍ കമ്പനിയില്‍ ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ മൂന്നു വര്‍ഷമായി റിയാദിലെ സ്വകാര്യ സ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനായാണു ജോലി ചെയ്തുവന്നിരുന്നത്. ബിൻ ലാദന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാള്‍ അവരില്‍ പലരുടെയും ശമ്പളവും ജോലിയില്‍ നിന്നു പിരിയുമ്പോള്‍ കിട്ടുന്ന സര്‍വീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞു കൈക്കലാക്കുകയായിരുന്നു.
അതോടൊപ്പം തന്നെ ഏതാനും നഴ്‌സുമാര്‍ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് ഇദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. താന്‍ നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്നു ലോണ്‍ അടച്ചുതീര്‍ത്താല്‍ മതിയെന്നു വിശ്വസിപ്പിച്ചാണ് ലോണെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. എന്നാൽ ദുബായില്‍ നിന്നു സൗദിയിലേക്ക് ചോക്‌ലറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണു ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. മറ്റു ചിലരില്‍ നിന്നു ചിട്ടിയെന്നു വിശ്വസിപ്പിച്ച് എല്ലാ മാസവും വന്‍തുക വാങ്ങുകയും ചെയ്തിരുന്നു. പലര്‍ക്കും പല സമയങ്ങളിലും ലാഭവിഹിതമായി ചെറിയ സംഖ്യകള്‍ നല്‍കുകയും ചെയ്തു.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മാത്രം പലര്‍ക്കും നാമമാത്ര ലാഭം നല്‍കുന്നതോടൊപ്പം വന്‍തുക നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. ഇത്രയും കാലത്തെ സമ്പാദ്യമാണ് ഇയാള്‍ അടിച്ചുമാറ്റിയതെന്ന് ഇവര്‍ വ്യക്തമാക്കുന്നത്.
എന്നാൽ അതിനിടെ ഭാര്യയുടെ ഉമ്മക്ക് സുഖമില്ലെന്നും അവരെ വിമാനത്താവളത്തില്‍ എത്തിച്ച് തിരിച്ചുവരാമെന്നും പറഞ്ഞ് ഒന്നരമാസം മുമ്പാണ് ഇവിടെ നിന്നു മുങ്ങിയത്. എന്നാല്‍ നാട്ടിലന്വേഷിച്ചപ്പോള്‍ അങ്ങനെ ആര്‍ക്കും അസുഖമില്ലെന്നും അവര്‍ അവിടെ എത്തിയിട്ടില്ലെന്നും വ്യക്തമാകുകയായിരുന്നു. 13 വര്‍ഷമായി ബന്ധമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നതെങ്കിലും 2019ല്‍ അയാളുടെ മാതാപിതാക്കള്‍ റിയാദില്‍ സന്ദര്‍ശക വിസയില്‍ വന്നു താമസിച്ചിട്ടുള്ളതായും കണ്ടെത്തി.
അതേസമയം ഇദ്ദേഹം ഇന്ത്യയിലെത്തിട്ടുണ്ടെന്ന് എംബസി അറിയിച്ചതായി ഇവര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സാബിര്‍ മുഹമ്മദ്, അന്‍സല്‍ മുഹമ്മദ്, സമദ് പള്ളിക്കല്‍, സമീര്‍, സജീറുദ്ദീന്‍, സതീഷ് കുമാര്‍ എന്നിവര്‍ സംസാരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























