യുഎഇയില്‍ ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 1,588പേര്‍ക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,301 പേർ രോഗമുക്തരായി, രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണം സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1,588പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,301 പേരാണ് നിലവിൽ രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 527,913 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,64,102 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,93,619 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായിരിക്കുകയാണ്. 2,278 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 68,205 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം ദുബൈയില്‍ പുരോഗമിക്കുന്ന എക്സ്പോ 2020ന് തിരശ്ശീല വീഴാന്‍ ആഴ്‍ചകള്‍ മാത്രം ശേഷിക്കെ ടിക്കറ്റ് നിരക്കില്‍ വീണ്ടും കുറവ് വരുത്തി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ അറിയിപ്പ് പ്രകാരം എക്സ്പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനത്തിനുള്ള ടിക്കറ്റ് ഇനി മുതല്‍ 45 ദിര്‍ഹത്തിന് സ്വന്തമാക്കാൻ സാധിക്കും.
എക്സ്പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനം അനുവദിക്കുന്ന സിംഗിള്‍ ഡേ പാസിന്റെ നിരക്ക് 50 ശതമാനം കുറച്ചതായാണ് എക്സ്പോ വെബ്‍സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിംഗിള്‍ ഡേ പാസ് എടുക്കുന്നവര്‍ക്ക് എക്സ്പോ അവസാനിക്കുന്ന മാര്‍ച്ച് 31വരെ ഏതെങ്കിലും ഒരു ദിവസം സന്ദര്‍ശിക്കാനുള്ള അനുമതിയാണ് ലഭിക്കുക. 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കിലെ പുതിയ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്.
ഇതുകൂടാതെ നേരത്തെയും 45 ദിര്‍ഹത്തിന്റെ സിംഗിള്‍ ഡേ പാസ് ലഭ്യമായിരുന്നെങ്കിലും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ മാത്രമായിരുന്നു അവ ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. സിംഗിള്‍ ഡേ പാസിനൊപ്പം 10 സ്‍മാര്‍ട്ട് ക്യൂ ബുക്കിങുകളും ലഭ്യമാകുന്നതായിരിക്കും. ഇത് ഉപയോഗിച്ച് പവലിയനുകളിലും മറ്റും നീണ്ട ക്യൂ ഒഴിവാക്കി പ്രവേശിക്കാനും സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























