യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയെ ഞെട്ടിച്ച് വീണ്ടും യമനിലെ ഹൂത്തി വിമതരുടെ ആക്രമണം; 12 പ്രവാസികൾക്ക് പരിക്കേറ്റു, ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് സൂചന, ഹൂത്തികള്‍ക്കെതിരായ നീക്കത്തില്‍ സൗദി അറേബ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആക്രമണം നടത്തി ഹൂത്തി വിമതർ
വർഷാരംഭം മുതൽ തന്നെ യുഎഇയ്‌ക്കെതിരെ നിരന്തരമായി ആക്രമണം നടത്തിവരുകയാണ് ഹൂത്തി വിമതർ. ഇതിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് അമേരിക്കൻ സൈന്യം രംഗത്ത് എത്തുകയുണ്ടായി. സൗദിക്കെതിരെ നിരന്തരമായി ആക്രമണം നടത്തി വന്നിരുന്ന ഇവർ യുഎഇയെയും ലക്ഷ്യംവച്ചപ്പോൾ കടുത്ത അമർഷമാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഉയർന്നത്. ഇപ്പോഴിതാ വീണ്ടും ഏവരെയും ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യയ്ക്ക് നേരെ യമനിലെ ഹൂത്തി വിമതരുടെ ആക്രമണം. 12 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
എല്ലാവരും വിദേശികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിൽ ഇന്ത്യക്കാര്‍ക്ക് പരിക്കുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഡ്രോണ്‍ സൈന്യം തകര്‍ത്തെങ്കിലും ഇതിന്റെ ഭാഗങ്ങള്‍ തട്ടിയാണ് 12 പേര്‍ക്ക് പരിക്കേറ്റത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അല്‍പ്പ നേരം അബഹ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുകയുണ്ടായി. പിന്നീട് വിമാന സര്‍വീസുകള്‍ പുരനാരംഭിച്ചു.
അതോടൊപ്പം തന്നെ ആക്രമണം നടത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് സഖ്യസേന വക്താവ് അറിയിച്ചു. അടുത്തിടെ വടക്കന്‍ യമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ജയില്‍ സൗദി സഖ്യസേന ആക്രമിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഹൂത്തികള്‍ യുഎഇയെ ആക്രമിക്കുകയുണ്ടായി. ഇതിനുശേഷം യുഎഇക്ക് നേരെ ആക്രമണം നടന്നിരുന്നു. ഹൂത്തികള്‍ക്കെതിരായ നീക്കത്തില്‍ സൗദി അറേബ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണം എന്നതും അറിയേണ്ടതാണ്.
അതേസമയം, ജോ ബൈഡന്‍ സൗദി രാജാവ് സല്‍മാനുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഹൂത്തികളുടെ ആക്രമണത്തില്‍ സൗദിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. സൗദിക്കും യുഎഇക്കും നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നത് ശക്തമായ വേളയിലാണ് അമേരിക്കന്‍ പ്രസിഡന്റ് സല്‍മാന്‍ രാജാവുമായി സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ ഗള്‍ഫിലെ അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് സൗദിയും യുഎഇയും. രണ്ടു രാജ്യങ്ങളും ഭീഷണി നേരിടുമ്പോള്‍ അമേരിക്ക നോക്കി നില്‍ക്കില്ല എന്ന സന്ദേശമാണ് ജോ ബൈഡന്‍ വ്യക്തമാക്കുന്നത്. യുഎഇയെ സഹായിക്കാന്‍ പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും അയക്കാന്‍ അമേരിക്ക തീരുമാനിക്കുകയുണ്ടായി. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ ഈ തീരുമാനം.
ശൈഖ് മുഹമ്മദും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ യുഎഇ നാവിക സേനയുടെ ഭാഗമായി ഇനി പ്രവര്‍ത്തിക്കുമെന്നും ഇവർ അറിയിക്കുകയുണ്ടായി. അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ ഗൾഫിൽ എന്തും നടക്കും എന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























