യുഎഇയ്ക്ക് പിന്നാലെ ഗോൾഡൻ വിസ അനുവദിച്ച് ബഹ്‌റൈനും! ആദ്യ ഗോൾഡൻ വിസ നേടിയത് മലയാളി തന്നെ, ബഹ്‌റൈൻ അനുവദിക്കുന്ന 10 വർഷത്തെ ഗോൾഡൻ വിസ നേടി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, പ്രവാസി മലയാളികൾക്ക് ഇത് അഭിമാന നിമിഷം
യുഎഇയ്ക്ക് പിന്നാലെ ഗോൾഡൻ വിസ അനുവദിച്ച് ബഹ്‌റൈനും രംഗത്ത് എത്തിയിരിക്കുകയാണ്. അങ്ങനെ ബഹ്റൈനിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മാറിയ വാർത്തയാണ് പുറത്ത് വരുന്നത്. 10 വർഷമാണ് ബഹ്‌റൈൻ ഗോൾഡൻ വിസുടെ കാലാവധി എന്നത്. ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ നമ്പർ 001 എം.എ. യൂസഫലിക്ക് നൽകാൻ തീരുമാനിച്ചത്.
എന്നാൽ തന്റെ ജീവിതത്തിൽ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണിതെന്ന് എംഎ യൂസഫലി വ്യക്തമാക്കുകയായിരുന്നു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്റൈൻ സർക്കാരിനും ആത്മാർഥമായി നന്ദി അറിയിക്കുന്നുവെന്നും യൂസഫലി വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്റൈന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്ന് യൂസഫലി അഭിപ്രായപ്പെട്ടു. തീരുമാനം പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഗോൾഡൻ വിസ നൽകുന്ന വിവരം ബഹ്‌റൈൻ അറിയിച്ചത്. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോൾഡൻ റെസിഡൻസി വിസ അനുവദിക്കാൻ തീരുമാനിച്ചത്. ഇത് പ്രവാസികൾക്ക് കൂടുതൽ അവസരം ഒരുക്കുന്ന ഒന്നാകുന്നു.
https://www.facebook.com/Malayalivartha


























