യുഎഇയില്‍ രഹസ്യനീക്കം; യമനിലെ ഹൂതികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ യുഎഇയില്‍ എത്തി, അമേരിക്കയുടെ യുദ്ധ വിമാനങ്ങളും സൈനികരും അബുദാബിയിലെ അല്‍ ദഫ്ര വ്യോമ താവളത്തിലെത്തി! ആശങ്കയോടെ ഉറ്റുനോക്കി ഗൾഫ്
ഏറ്റവും സുരക്ഷിതമെന്ന് ലോകജനത അടിവരയിട്ട് പറയുന്ന യുഎഇയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്നത്. വർഷാരംഭത്തിൽ തന്നെ യുഎഇയിലേക്ക് ഡ്രോണുകൾ അയച്ച് ആക്രമണം ഉണ്ടാക്കിയതിന് പിന്നാലെ തുടരെ തുടരെ ആക്രമണങ്ങൾക്ക് പദ്ധതി ഇടുകയായിരുന്നു. ഇത്തരത്തിൽ തുടരെ തുടരെ ആക്രമണങ്ങൾ നടത്തിയത് യുഎഇ സധൈര്യം ചെറുക്കുകയായിരുന്നു.
എന്നിരുന്നാൽ തന്നെയും വീണ്ടും ആക്രമിക്കും എന്ന് മുന്നറിയിപ്പ് നൽകിയ ഹൂത്തികളെ വെറുതെ വിടില്ലെന്ന് സൗദിയും യുഎഇയും ഒരേ സ്വരത്തിൽ പറയുകയാണ്. ഇപ്പോഴിതാ ഏറെ അമ്പരപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
യമനിലെ ഹൂതികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ യുഎഇയില്‍ എത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ സഹായം നേരത്തെ തന്നെ യുഎഇ ആവശ്യപ്പെട്ടിരുന്നു. ഹൂതികള്‍ സൗദിക്ക് പുറമെ യുഎഇയിലേക്കും മിസൈല്‍ ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് ഇത്തരത്തിൽ സഹായം തേടിയത്. അമേരിക്കയുടെ യുദ്ധ വിമാനങ്ങളും സൈനികരും അബുദാബിയിലെ അല്‍ ദഫ്ര വ്യോമ താവളത്തിലെത്തിയിരിക്കുകയാണ്. എത്ര യുദ്ധ വിമാനങ്ങളാണ് എത്തിയത് എന്ന് വ്യക്തമല്ല. ഈ വ്യോമ താവളത്തില്‍ നേരത്തെ 2000 അമേരിക്കന്‍ സൈനികരുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇവരാണ് കഴിഞ്ഞമാസം വന്ന ഹൂതികളുടെ മിസൈലുകള്‍ നശിപ്പിച്ചത്. പാട്രിയറ്റ് മിസൈല്‍ പ്രതിരോധ കവചം ഉപയോഗിച്ചാണ് ഹൂതികളുടെ മിസൈല്‍ തകര്‍ത്തത്. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷം ഗള്‍ഫില്‍ വച്ച് അമേരിക്കന്‍ സൈന്യം ആദ്യമായിട്ടാണ് പാട്രിയറ്റ് കവചം ഉപയോഗിച്ചത്. എത്ര യുദ്ധ വിമാനങ്ങള്‍ എത്തി എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സൈനിക ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചില്ല. സുരക്ഷയുടെ ഭാഗമായി രഹസ്യനീക്കമാണ് നടക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനോടകം തന്നെ അല്‍ ദഫ്ര വ്യോമ താവളത്തില്‍ ആറ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തമ്പടിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൈനികരുമുണ്ട്. വെര്‍ജീനിയയിലെ സൈനിക കേന്ദ്രത്തില്‍ നിന്നാണ് യുഎസ് വിമാനങ്ങള്‍ യുഎഇയില്‍ ഇപ്പോൾ എത്തിയിരിക്കുന്നത്. എഫ്-22 യുദ്ധ വിമാനങ്ങളാണ് വിന്യസിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ യുഎസ് നാവിക സേനാ കപ്പലും അബുദാബിയിലേക്ക് എത്തുകയാണ്.
അതോടൊപ്പം തന്നെ യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് യുദ്ധ വിമാനങ്ങള്‍ അബുദാബിയിലേക്ക് അയച്ചത്. യുഎഇക്ക് നേരെ ഹൂത്തികള്‍ കഴിഞ്ഞ മാസം മൂന്ന് ആക്രമണങ്ങളാണ് നടത്തിയത്. ഇതിൽ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആയതിനാൽ തന്നെ ഹൂതികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്.
അതേസമയം സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമാണ് യുഎഇ. സൗദിക്ക് നേരെയും ഹൂതികള്‍ ആക്രമണം നടത്തുന്നത് പതിവാണ്. രണ്ടു ദിവസം മുമ്പ് അബഹ വിമാനത്താവളം ആക്രമിക്കുകയുണ്ടായി. ഇതിൽ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും വിദേശികളാണ് എന്നാണ് സൂചന.
ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ സൈന്യം തകര്‍ത്തെങ്കിലും ഇതിന്റെ ഭാഗങ്ങള്‍ തട്ടിയാണ് 12 പേര്‍ക്ക് പരിക്കേറ്റത്. ഇതിനുപിന്നാലെ ജോ ബൈഡന്‍ സൗദി രാജാവ് സല്‍മാനുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. ഹൂത്തികളുടെ ആക്രമണത്തില്‍ സൗദിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഗള്‍ഫിലെ അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് സൗദിയും യുഎഇയും. ആയതിനാൽ തന്നെ ഇതിനെ വളരെ ഏറെ ജാഗ്രതയോടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha


























