കുവൈറ്റിൽ വിവാഹ പ്രായം 18 ആക്കി

കുവൈറ്റിൽ വിവാഹ പ്രായത്തിൽ മാറ്റം വരുത്തി. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിയമ നിർമ്മാണ ഭേദഗതികളെത്തുടർന്നാണ് മാറ്റം വരാൻ പോകുന്നത്. ഇതിന്റെ ഭാഗമായി കുവൈറ്റ് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 ആയി ഔദ്യോഗികമായി ഉയർത്തിയതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് പ്രഖ്യാപിച്ചു.
18 വയസ്സിന് മുമ്പ് വിവാഹം നടത്താൻ കഴിയില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, 51/1984 ലെ പേഴ്‌സണൽ സ്റ്റാറ്റസ് നിയമത്തിലെ ആർട്ടിക്കിൾ 26, ജാഫാരി പേഴ്‌സണൽ സ്റ്റാറ്റസ് നിയമം നമ്പർ 124/2019 ലെ ആർട്ടിക്കിൾ 15 എന്നിവയിലാണ് കുവൈറ്റ് സർക്കാർ മാറ്റങ്ങൾ വരുത്തിയിരിക്കുകയന്നത്.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷൻ, സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ എന്നിവയുൾപ്പെടെയുള്ള കുവൈറ്റിന്റെ അന്താരാഷ്ട്ര പ്രതിബദ്ധതകൾക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇതുവരെ നടന്ന വിവാഹങ്ങളുടെ കണക്കുകൾ പരിശോധിച്ച് പഠിച്ചതിന് ശേഷമാണ് പുതിയ തീരുമാനം. പഠനങ്ങളിൽ 2024 ൽ 1,145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇങ്ങനെ വിവാഹം കഴിച്ചവരിൽ 1,079 പെൺകുട്ടികളും 66 ആൺകുട്ടികളുമാണ് ഉൾപ്പെട്ടിരുന്നത്.
ഇത്തരം ശൈശവ വിവാഹങ്ങൾ നടന്നു എന്ന് മാത്രമല്ല പ്രായപൂർത്തിയാകാത്തവർക്കിടയിലെ വിവാഹമോചന നിരക്ക് മുതിർന്നവരെ അപേക്ഷിച്ച് ഇരട്ടിയാണെന്നുമാണ് കുവൈറ്റിലെ ശൈശവ വിവാഹത്തെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകൾ ഉദ്ധരിച്ച് അൽ സുമൈത് വ്യക്തമാക്കിയത്.
വിവാഹ പ്രായം ഉയർത്തുന്നതിലൂടെ, യുവാക്കളെ സംരക്ഷിക്കുന്നതിനും വിവാഹമോചന നിരക്കുകൾ കുറയ്ക്കുന്നതിനും കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർണായക ചുവടുവയ്പ്പാണ് കുവൈറ്റ് സ്വീകരിക്കുന്നതെന്ന് അൽ സുമൈത് പറഞ്ഞു.
https://www.facebook.com/Malayalivartha