ചുട്ടു പൊള്ളുന്ന വെയിലിൽ പിഞ്ചു കുഞ്ഞുങ്ങളെ കാറിനുള്ളിലാക്കി പിതാവിന്റെ ഷോപ്പിംഗ്; കണ്ടുനിന്ന നാട്ടുകാരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായത് രണ്ടു ജീവനുകൾ

കുഞ്ഞുങ്ങളെ ചൂടുകാലങ്ങളിൽ കാറിനകത്താക്കി പോകരുതെന്ന പോലീസുകാരുടെ നിർദ്ദേശങ്ങൾ വക വയ്ക്കാതെ വീണ്ടും അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സറേ റെയ്‌ഗേറ്റിലെ മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലായിരുന്നു സംഭവം.
ഒന്നും, രണ്ടും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെ കാറിനുള്ളിലിരുത്തി ഡോക്ടറായ പിതാവ് ഷോപ്പിംഗിനായി പോയി. അതേസമയം ഷോപ്പിംഗ് ചെയ്യാനെത്തിയ മറ്റ് ആളുകളുടെ സമയോചിത ഇടപെടൽ മൂലമാണ് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായത്. അന്തരീക്ഷ താപനില 26 സെല്‍ഷ്യസില്‍ എത്തി നിൽക്കുമ്പോഴായിരുന്നു പിതാവിന്റെ സാഹസം.
സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിൽ കുഞ്ഞുങ്ങളെ കണ്ടത് ശ്രദ്ധിച്ച ആളുകള്‍ കാറിന്റെ ഡോര്‍ തുറക്കുന്നതില്‍ വിജയിച്ചു. തുടർന്ന് രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ വെള്ളവും നല്‍കി. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
ചൂടുപിടിച്ച കാറുകളില്‍ കുട്ടികളെയും, വളര്‍ത്തുമൃഗങ്ങളെയും വിട്ട് പോകരുതെന്ന് സറേ പോലീസിന്റെ പ്രാദേശിക വിഭാഗമായ റെയ്‌ഗേറ്റ് & ബാന്‍സ്റ്റെഡ് ബീറ്റ് ടീം വീണ്ടും മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ കുട്ടികളെ രക്ഷിക്കാന്‍ മുന്നോട്ട് വന്നില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാണിച്ചു. കുഞ്ഞുങ്ങളുടെ പിതാവ് ഒരു ഡോക്ടറാണെന്ന വസ്തുത അതിലേറെ ഞെട്ടിക്കുന്നതാണെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























