കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റേണ്‍ ലോറെസ്താന്‍ പ്രവിശ്യയിലെ കൗദഷ്ത് നഗരത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.
റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ട പാരാമിലിട്ടറി വിഭാഗമായ ബസീജിലെ 21 വയസ്സുകാരനായ അംഗമാണ് സംഘര്‍ഷത്തില്‍ മരണപ്പെട്ടത്. പ്രക്ഷോഭകാരികളുടെ കല്ലേറില്‍ 13 പോലീസുകാര്‍ക്കും ബസീജ് അംഗങ്ങള്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.യുഎസ് ഡോളറിനെതിരെ ഇറാനിയന്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്ക് പ്രധാന കാരണം. ടെഹ്‌റാനിലെ വ്യാപാരികളാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ഏറ്റെടുക്കുകയും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഭരണാധികാരികള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. 2022ല്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വ്യാപകമായ പ്രക്ഷോഭമാണിത്.
എന്നിരുന്നാലും, നിലവിലെ പ്രതിഷേധങ്ങള്‍ക്ക് മുന്‍പത്തെ പ്രക്ഷോഭത്തിന്റെ അത്രയും തീവ്രതയില്ലെന്നാണ് വിലയിരുത്തല്‍.പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫാര്‍സ് പ്രവിശ്യയിലെ ഫാസ (എമമെ) നഗരത്തില്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തണുത്ത കാലാവസ്ഥ കാരണം ഊര്‍ജ്ജം ലാഭിക്കാനായി സര്‍ക്കാര്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, പ്രതിഷേധം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമായാണ് സര്‍ക്കാര്‍ നടപടിയെ ജനങ്ങള്‍ കാണുന്നത്.പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ടെഹ്‌റാനിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























