ആന്‍ഡമാന്‍ ദ്വീപിലെത്തിയ യു.എസ് പൗരന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ടു

ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ സംരക്ഷിത ഗോത്രവര്‍ഗക്കാരായ സെന്റിനലീസിന്റെ അമ്പേറ്റ് അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു. ജോണ്‍ അല്ലന്‍ ചൗ എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പട്ടത്. ഇയാളുടെ മൃതദേഹം മല്‍സ്യത്തൊഴിലാളികള്‍ കണ്ടുവെങ്കിലും വീണ്ടെടുക്കാനായിട്ടില്ല. യുവാവിനെ കാണാതായതായി യുഎസ് കോണ്‍സുലേറ്റ് അധികൃതരും സ്ഥിരീകരിച്ചു.
ജോണ്‍ അലന്‍ എന്ന അമേരിക്കക്കാരനെ സെന്റിനലീസ് ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന വടക്കന്‍ സെന്റിനല്‍ ദ്വീപിലേക്കു കൂട്ടിക്കൊണ്ടുപോയ ഏഴ് മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു.പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നാല്‍പതോളം സെന്റിനലീസ് ഗോത്രവര്‍ഗക്കാരാണ് ഈ ദ്വീപിലുള്ളത്.
മിഷനറി പ്രവര്‍ത്തകനായ ചൗ ക്രിസ്തുമത പ്രചാരണത്തിന് വേണ്ടിയാണ് നിരോധിത ദ്വീപിലേക്ക് യാത്ര തിരിച്ചത്. ഇതിന് മുമ്പ് അഞ്ച് തവണയോളം അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. ആരും പോകാത്ത ഈ ദ്വീപിലേക്ക് യാത്ര ചെയ്യുന്നതിനായി ചോ പരിശ്രമത്തിലായിരുന്നു. അഞ്ചു ദിവസം മുമ്പ് ഒരു മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെയാണ് ചൗ ദ്വീപിലേക്ക് പുറപ്പെട്ടത്.
നവംബര്‍ 16-നു ദ്വീപിലെത്തിയ അമേരിക്കക്കാരനെ ഗോത്രവര്‍ഗക്കാര്‍ അമ്പും വില്ലും കൊണ്ട് ആക്രമിക്കുന്നതു കണ്ടതായി മീന്‍പിടിത്തക്കാര്‍ അറിയിച്ചു. ജോണിനെ കടല്‍ത്തീരത്തേക്കു വലിച്ചിഴച്ചു കൊണ്ടുവന്നുവെന്നും പിന്നീടു പകുതി ശരീരം മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടുവെന്നും അവര്‍ പറഞ്ഞു.
നവംബര്‍ 14-ന് സെന്റിനല്‍ ദ്വീപിലെത്താന്‍ ജോണ്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനു ശേഷം കൂടുതല്‍ തയാറെടുപ്പോടെ ഇയാള്‍ മടങ്ങിയെത്തുകയായിരുന്നു. ബോട്ട് പകുതി വഴി ഉപേക്ഷിച്ച ശേഷം ഒറ്റവള്ളത്തിലാണ് ദ്വീപിലെത്തിയത്. ഗോത്രവര്‍ഗക്കാര്‍ എയ്ത അമ്പുകള്‍ കൊണ്ട ശേഷവും ജോണ്‍ യാത്ര തുടര്‍ന്നു. തുടര്‍ന്ന് അവര്‍ കഴുത്തില്‍ കയര്‍ കെട്ടി നിലത്തുകൂടി വലിച്ചിഴയ്ക്കുകയായിരുന്നു.
സംഭവം കണ്ട മീന്‍പിടിത്തക്കാര്‍ പോര്‍ട്ട് ബ്ലെയറിലെത്തിയപ്പോള്‍ വിവരം ജോണിന്റെ സുഹൃത്തായ അലക്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അലക്‌സാണ് വിവരം ജോണിന്റെ അമേരിക്കയിലുള്ള കുടുംബത്തെ അറിയിച്ചത്. ഇവര്‍ ഡല്‍ഹിയില്‍ അമേരിക്കന്‍ എംബസിയില്‍ സഹായത്തിനായി ബന്ധപ്പെട്ടു. ജോണിന്റെ മൃതദേഹം കണ്ടെത്താന്‍ പോര്‍ട്ട് ബ്ലെയറില്‍നിന്നു ഹെലികോപ്റ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സെന്റിനലീസ് ഗോത്രവര്‍ഗക്കാര്‍ ആക്രമിക്കുമെന്നതിനാല്‍ ഹെലികോപ്റ്റര്‍ ദ്വീപില്‍ ഇറക്കാന്‍ കഴിയില്ല. നിരവധി ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് ശക്തമായ നിയന്ത്രണങ്ങളോടെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കാറുള്ളു. വംശനാശഭീഷണി നേരിടുന്ന ഗോത്രവിഭാഗത്തിന്റെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദ്വീപിനു ചുറ്റുമുള്ള 3 കിലോമീറ്റര്‍ നിരോധിതമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സമീപകാലത്തു കേന്ദ്രസര്‍ക്കാര്‍ ഈ നിയമം ഇളവു ചെയ്തിരുന്നു. ഇതു പ്രകാരം മേഖലയിലെ സെന്റിനല്‍ അടക്കം 28 ദ്വീപുകളില്‍ പ്രവേശിക്കാന്‍ വിദേശികള്‍ക്കു സര്‍ക്കാര്‍ അനുമതി വേണ്ട.
പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ പ്രാകൃത ജീവിതം നയിക്കുന്നവരാണ് ഈ ആദിമ ഗോത്രവര്‍ഗ്ഗക്കാര്‍. ആധുനിക ലോകത്തെക്കുറിച്ച് ധാരണയില്ലാത്തവരാണിവര്‍. പുറത്തുനിന്നുള്ളവര്‍ ദ്വീപിലേക്ക് വരുന്നത് ഇവര്‍ ഇത്തരത്തില്‍ തടയും.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരെ സംരക്ഷിക്കുന്നതാണ് ഇന്ത്യന്‍ നിയമം. ദ്വീപുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. അവരുമായി ബന്ധപ്പെടുന്നതും ദ്വീപിലേക്ക് പ്രവേശിക്കുന്നതും ഇവരുടെ വിഡിയോ ചിത്രീകരിക്കുന്നതും നിയമവിരുദ്ധമാണ്.ആന്‍ഡമാന്‍ നിക്കോബാര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര സെന്റിനല്‍ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജര്‍ ഇവിടെയുണ്ടെന്ന് 2011-ലെ സെന്‍സസ് കണക്ക് പറയുന്നു.
https://www.facebook.com/Malayalivartha



























