തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

ശബരിമല സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധമുള്ള കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി ഡി മണിയെ എസ്ഐടി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്ന് രാവിലെ 10.30ക്കാണ് മണിയും സഹായിയായ ബാലമുരുകനും എസ്ഐടി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടു. ഉച്ചയോടെയാണ് മണിയുടെ മറ്റൊരു സഹായിയായ ശ്രീകൃഷ്ണൻ ഹാജരായത്. രാത്രിയോടെയാണ് മൂന്നുപേരെയും വിട്ടയച്ചത്. മണിയെ എഡിജിപി എച്ച്.വെങ്കിടേശ് രാവിലെ ചോദ്യം ചെയ്തു. തുടര്‍ന്ന് എസ്ഐടി അംഗങ്ങള്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ആറു വർഷമായി ഡി മണിക്കുണ്ടായ സാമ്പത്തിക വളർച്ച അടക്കം എസ്ഐടി ചോദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഡി മണിക്കുള്ള ബന്ധം തെളിയിക്കപ്പെട്ടാൽ ശബരിമല കേസിൽ അത് നിർണായകമായമാകും. ഇതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രമുഖ സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്ത വിവരവും പുറത്തുവന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നിർണ്ണായക ചോദ്യം ചെയ്യൽ.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമെങ്കിലും സ്വർണം പൂശൽ പോറ്റിയെ ഏല്പിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിൽ ഇടപെട്ടില്ലെന്നാണ് കടകംപള്ളിയുടെ മൊഴി. ശനിയാഴ്ച രണ്ടു മണിക്കൂറാണ് കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത്. കൊള്ളയിലെ പ്രധാനപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കടകംപള്ളിയും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്ന പല ഫോട്ടോകൾ ഇതിനോടകം പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെകുറിച്ചാണ് എസ്ഐടി കടകംപള്ളിയോട് പ്രധാനമായും ചോദിച്ചത്.
സ്പോൺസർ എന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും എന്നാൽ, ഇടപാടുകളിൽ പങ്കില്ലെന്നുമാണ് കടകംപള്ളിയുട മൊഴിയെന്നാണ് വിവരം. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള തീരുമാനത്തിൽ ദേവസ്വം മന്ത്രി എന്ന നിലയിൽ ഇടപെട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. എസ്ഐടിക്ക് മുന്നിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കടകംപള്ളി വിശദീകരിച്ചു. ചോദ്യം ചെയ്യൽ വിവരം പുറത്തുവന്നശഷവും കൂടുതൽ പരസ്യ പ്രതികരണത്തിന് കടകംപള്ളി സുരേന്ദ്രൻ തയ്യാറായിട്ടില്ല. കടകംപള്ളിയുടെ കഴക്കൂട്ടം മണ്ഡലത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ വീട് നിർമ്മാണം നടന്നിരുന്നു. ഇരുവരും തമ്മിൽ ബന്ധമുണ്ടെങ്കിലും കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടോ എന്നതാണ് അറിയേണ്ട നിർണായക വിവരം. 2019ൽ പത്മകുമാർ പ്രസിഡന്‍റായ ബോർഡ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയപ്പോള്‍ കടകംപള്ളിയായിരുന്നു ദേവസ്വം മന്ത്രി. ആദ്യത്തെ വീഴ്ചക്കുശേഷവും കഴിഞ്ഞ ബോർഡിന്‍റെ കാലത്ത് വീണ്ടും ദ്വാരപാലകപാളികൾ പോറ്റിക്ക് കൈമാറിയതിലാണ് മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായ പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്തത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ ആരും നിഷ്കളങ്കര്‍ അല്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു. എസ് ഐ ടിയെ താൻ തള്ളിപ്പറഞ്ഞിട്ടില്ല. എസ്.ഐ.ടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുത്. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ ഇടപെടാറില്ല. എന്നാൽ, ശബരിമലയുടെ കാര്യത്തിൽ ഇടപെടാറുണ്ട്. സ്വർണക്കൊള്ളയിൽ കടകംപള്ളിയ്ക്ക് പങ്കുണ്ട് എന്നതിന്‍റെ തെളിവാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. സർക്കാർ പ്രതികൾക്ക് കുടപിടിച്ച് കൊടുക്കുകയാണ്. കൂടുതൽ നേതാക്കളുടെ പേര് റിമാൻഡിൽ ആയവർ പറയുമെന്ന ഭയത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ കൊള്ള നടക്കില്ലെന്നും വമ്പൻ സ്രാവുകള്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണെന്നും മൂന്ന് സിപിഎം നേതാക്കള്‍ ഇതിനോടകം ജയിലിലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി അറിയില്ല എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കുമെന്നും ചെന്നിത്തല ചോദിച്ചു. എം വി ഗോവിന്ദന്റെ വാർത്ത സമ്മേളനം കണ്ടാൽ തെരഞ്ഞെടുപ്പിൽ യുഡിഫ് തോറ്റു എന്നാണ് തോന്നുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വളരെ വൈകി അണെങ്കിലും കടകംപള്ളിയെ ചോദ്യം ചെയ്തുവെന്നും സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം സുതാര്യമാകണമെന്നും കെ മുരളീധരൻ പ്രതികരിച്ചു. ശനിയാഴ്ച കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് രണ്ടു ദിവസം കഴിഞ്ഞാണ് വാര്‍ത്ത പുറത്തുവരുന്നത്. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. തുടർനടപടികൾ സസൂക്ഷ്മമം വീക്ഷിക്കും.
പരീക്ഷ എഴുതിയ ഉടനെ തൃപ്തിയെന്ന് പറയാൻ കഴിയില്ല. പരീക്ഷാ ഫലം പുറത്തുവരട്ടെ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയോട് കാണിക്കാത്ത സൗജന്യം കടകംപള്ളിയോട് കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കോടതി രണ്ടുതവണ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ചോദ്യം ചെയ്യലിലേക്ക് എസ്ഐടി എത്തിയത്. ഭാവിയിൽ ദോഷം ഉണ്ടാക്കുമെന്ന ഭയം പൊലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകും. പത്മകുമാറിന് ഒപ്പം ഉണ്ടായ ശങ്കരദാസിനെ ഇതുവരെ ചോദ്യം ചെയ്തതായി അറിവില്ലെന്നും അത് എന്തുകൊണ്ടാണെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല. സ്വർണം പൂശിയ കാര്യം ബോർഡ് സർക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടന്നത്.
അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചില്ല. പത്മകുമാറിന്‍റെയും സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ അവധിക്കാലം കഴിഞ്ഞ് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിവച്ചു. ഹര്‍ജി എടുത്തപ്പോള്‍ തന്നെ കേസില്‍ പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് വിമര്‍ശനമുണ്ടല്ലോ എന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. നാല്‍പത് ദിവസമായി ജയിലില്‍ കഴിയുന്നു എന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു എ പത്മകുമാറിന്‍റെ വാദം. നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള പ്രചരണത്തിലൂടെ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വര്‍ണ കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. സ്വര്‍ണ കൊള്ള ഉത്തരവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അറസ്റ്റിലായവര്‍ക്ക് എന്താണ് ഇതിലുള്ള പങ്കെന്ന് കൃത്യമായി തിരിച്ചറിയാത്തതുകൊണ്ടാണ് പാര്‍ട്ടി നടപടി സ്വീകരിക്കാത്തത്. മാധ്യമങ്ങളുടെ വഴിയിലൂടെ പോയി നിലപാടും നടപടിയും എടുക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അറസ്റ്റിലായവരുടെ പങ്ക് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നോട്ടക്കുറവ് ഉണ്ടായോ എന്ന് അറിയണം. കുറ്റപത്രം ലഭിച്ചാല്‍ മാത്രമേ അത് മനസ്സിലാകൂ. അത് വന്നു കഴിഞ്ഞാല്‍ കൃത്യമായ നിലപാട് സ്വീകരിക്കും.
ഏത് നിമിഷവും ഏത് കോണ്‍ഗ്രസ് നേതാവിനും ബിജെപി ആകാം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരെ ആര്‍എസ്എസ് അനുകൂലികളുണ്ടെന്നും മത വര്‍ഗീയ ശക്തികള്‍ക്ക് സ്വീകാര്യത കിട്ടുന്ന അപകടകരമായ അവസ്ഥ ഇന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മറ്റത്തൂരിലെ കൂറുമാറ്റം ചൂണ്ടിക്കാണ്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിലുണ്ടായ അപ്രതീക്ഷിതമായ പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയണം എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33.60 ശതമാനം വോട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ചത്. ഇപ്പോഴത് 39. 73 ശതമാനം വോട്ടായി ഉയര്‍ന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 66, 65,370 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇപ്രാവശ്യം അതില്‍ 17 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവുണ്ടായി. യുഡിഎഫിനും ബിജെപിയ്ക്കും അവരുടെ വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറയുകയാണ് ഉണ്ടായതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടെന്നാണ് വിജയകുമാറിന്റെ മൊഴി. സ്വർണപ്പാളി പുതുക്കുന്ന കാര്യം ബോർഡ് യോഗത്തിൽ പത്മകുമാർ പറഞ്ഞപ്പോൾ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടെന്നുമാണ് വിജയകുമാർ എസ്ഐടിയെ അറിയിച്ചത്.
എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു. തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറയാം. സഖാവ് പറഞ്ഞതുകൊണ്ട് ഞാൻ ഒപ്പിടുകയാണ് ചെയ്തത്. സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താൻ ഒപ്പിട്ടു. ഇനിയും പുറത്തു നിന്നാൽ സർക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിൻ്റെ മൊഴി.
ഔദ്യോഗിക കൃത്യനിർവഹണത്തിൻ മുൻ ബോർഡ് അംഗം വിജയകുമാർ വീഴ്ച വരുത്തിയതായാണ് റിമാൻഡ് റിപ്പോർട്ട്. പോറ്റി ഉൾപ്പെടെ പ്രതികൾക്ക് അന്യായലാഭം ഉണ്ടാക്കാൻ കൂട്ടുനിന്നു. ബോർഡിന് നഷ്‌ടമുണ്ടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി പറയുന്നു. വിജയകുമാർ കട്ടിളപ്പാളി കേസിൽ 12ാം പ്രതിയും ദ്വാരപാലകശില്പ കേസിൽ 15-ാം പ്രതിയുമാണ്.
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണസംഘം വിപുലീകരിക്കാൻ അനുമതി നൽകി ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ തീരുമാനം. രണ്ട് സിഐമാർ കൂടി അന്വേഷണ സംഘത്തിൽ പങ്കാളികളാകും.
അതേസമയം, ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരം ഇന്ന് രാവിലെ ഡി മണി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാവുകയായിരുന്നു. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി. ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യംചെയ്‌തിരുന്നു. എന്നാൽ, ആരോപണങ്ങൾ ഇയാൾ പൂർണമായും തള്ളി. വിഗ്രഹക്കടത്തിൽ പങ്കില്ലെന്നാണ് മണി മൊഴി നൽകിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്‌ണൻ പോറ്റി ഇടപെട്ട് ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് നീട്ടിയിരിക്കുകയാണ്. 14 ദിവസത്തേക്കാണ് നീട്ടിയത്. പത്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി നിഷേധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























