സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....

അശ്വിന്റെ വിവാഹം ഓഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി കവർന്നെടുത്തത് . മൂന്നു പേർക്ക് പുതുജീവൻ നൽകി ഡോ. അശ്വിൻ മോഹനചന്ദ്രൻ നായർ (32) യാത്രയായി. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംഡി വിദ്യാർഥി ഉമയനല്ലൂർ നടുവിലക്കര സൗപർണികയിൽ ഡോ. അശ്വിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.
കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ കഴിഞ്ഞ മാസം 19ന് നീന്താനിറങ്ങിയപ്പോഴാണ് അശ്വിനു ഗുരുതരമായി പരുക്കേറ്റത്. ഉടൻ തന്നെ പഠിച്ചിരുന്ന കെഎംസിടി ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
പിന്നീടാണ് കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിനു സന്നദ്ധത അറിയിച്ചത്.
മാതാപിതാക്കളുടെ സമ്മതപ്രകാരം കരൾ, ഹൃദയ വാൽവ്, 2 നേത്രപടലങ്ങൾ എന്നിവയാണ് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ ദാനം ചെയ്തത്.
കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഹൃദയ വാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്കും നേത്ര പടലങ്ങൾ തിരുവനന്തപുരം ചൈതന്യ ആശുപത്രിയിലെ രോഗിക്കും നൽകി. കെ–സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയാക്കിയത്.പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
റിട്ട. അധ്യാപകൻ മോഹനചന്ദ്രൻ നായരുടെയും റിട്ട. സഹകരണ ബാങ്ക് സെക്രട്ടറി അമ്മിണിയമ്മയുടെയും മകനാണ്. അരുണിമയാണ് സഹോദരി.
"
https://www.facebook.com/Malayalivartha



























