മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം

നാഗ്പൂരില്‍ പ്രാര്‍ഥനയ്ക്കിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം. സിഎസ്‌ഐ വൈദികന്‍ തിരുവനന്തപുരം അമരവിള സ്വദേശി ഫാദര്‍ സുധീറിനാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
'സുഹൃത്തിന്റെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ ക്രിസ്മസ് പാട്ടുകളും പാടിയിരുന്നു. ബന്ധുക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മതപരിവര്‍ത്തനം ഒന്നും ഉദേശിച്ചിട്ടുപോലുമില്ലായിരുന്നു. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഒരു സംഘം ആളുകള്‍ എത്തി പ്രശ്‌നം ഉണ്ടാക്കിയത്. ഉടന്‍ തന്നെ പൊലീസ് എത്തി. പൊലീസ് എത്തിയതുകൊണ്ട് അവര്‍ ആക്രമിച്ചില്ല' എന്ന് ഫാദര്‍ സുധീര്‍ പറഞ്ഞു.
സിഎസ്‌ഐ വൈദികന്‍ ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ ഉള്‍പ്പടെയുള്ളവരെയായിരുന്നു മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നത്. ബജ്‌റംഗ് ദള്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്തത്. ക്രൈസ്തവ വിശ്വാസിയായ ഒരാളുടെ വീട്ടില്‍ പിറന്നാള്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെ 30 ഓളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.
അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ നാല് പേര്‍ക്കെതിരെയും, പ്രാര്‍ത്ഥനയോഗം നടന്ന വീടിന്റെ ഉടമയും ഭാര്യയും അടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരന്നു. മതപരിവര്‍ത്തനം ഉള്‍പ്പടെ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. വൈദികനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
https://www.facebook.com/Malayalivartha



























