വിവാദ വിമർശനങ്ങളിലും കൈവിടാതെ യുഎസ്; മാധ്യമപ്രവർത്തകന്റെ വധത്തിന്റെ പേരിൽ സൗദി ഭരണകൂടത്തെ കൈവിടാനാകില്ലെന്ന് ട്രംപ്

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദിയ്ക്ക് നേരെ അന്തർദേശീയ തലത്തിൽ വിമർശനങ്ങൾ ഉയരുമ്പോഴും രാജ്യവുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് യു.എസ് രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ഉറപ്പുള്ള പങ്കാളിയാണ് സൗദിയെന്നും യു.എസിൽ വലിയ തുക നിക്ഷേപിക്കാമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരിൽ സൗദി ഭരണകൂടത്തെ കൈവിടില്ലെന്നും സൗദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും, തന്ത്രപരമായ സഖ്യം നിലനിർത്തുകതന്നെ ചെയ്യുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി.
ഇറാനുനേരെ പോരാടുന്നതിൽ യു.എസിന്റെ പ്രധാന സഖ്യകക്ഷിയാണ് സൗദി. ആഗോള എണ്ണവില പിടിച്ചുനിർത്തേണ്ടത് അമേരിക്കയുടെ പ്രഥമ താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയാകാം ഖഷോഗി വധിക്കപ്പെട്ടതെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിൽ കടുത്ത നടപടി വേണമെന്ന് ഭരണ-പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഈ ആവശ്യങ്ങളെ തള്ളിയാണ് ട്രംപ് സൗദി അനുകൂല നിലപാട് പരസ്യമാക്കിയത്. സൗദിയുമായുള്ള സൈനിക കരാർ റദ്ദാക്കില്ലെന്നും യു.എസ് പിൻമാറിയാൽ റഷ്യയും, ചൈനയും മുതലാക്കുമെന്നും ട്രംപ് പറഞ്ഞു. സൗദി കോൺസുലേറ്റിൽ ഖഷോഗി വധിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 17 സൗദി പൗരൻമാർക്ക് യു.എസ് കഴിഞ്ഞയാഴ്‌ച വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തീവ്രവാദികൾക്കുനേരെ പോരാടാൻ കോടിക്കണക്കിന് ഡോളറാണ് സൗദി ചെലവിടുന്നത്. എന്നാൽ, ഇറാൻ യു.എസിലെയും പശ്ചിമേഷ്യയിലെയും നിരപരാധികളെ കൊന്നൊടുക്കുകയുംചെയ്യുന്നു. ആയുധരംഗത്തും സൗദി വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. അവരുമായുള്ള കരാറുകൾ റദ്ദാക്കിയാൽ അത് ഗുണംചെയ്യുക റഷ്യയ്ക്കും ചൈനയ്ക്കുമാകുമെന്നും ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.
അതിനിടെ ഖഷോഗി വധത്തിൽ പുതിയ അന്വേഷണം നടത്താൻ യു.എസ്. സെനറ്റ് സമിതി ട്രംപിനോട് ആവശ്യപ്പെട്ടു. കേസിൽ യു.എസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സെൻട്രൽ ഇൻറലിജൻസ് ഏജൻസി അന്തിമനിഗമനത്തിലെത്തിയിട്ടില്ലെന്ന ട്രംപിന്റെ പ്രസ്താവനയെത്തുടർന്നാണിത്. കേസിൽ സൽമാൻ രാജകുമാരന് പങ്കുണ്ടോ ഇല്ലയോയെന്ന് നാലുമാസത്തിനുള്ളിൽ കണ്ടെത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ട്രംപിന് നൽകിയ കത്തിലാണ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ ഉൾപ്പെടുന്ന സെനറ്റ് വിദേശകാര്യസമിതി ഇക്കാര്യങ്ങൾ മുന്നോട്ടുവെച്ചത്.
https://www.facebook.com/Malayalivartha



























