അമേരിക്കൻ സേനയുടെ പിന്മാറ്റത്തിൽ വാദപ്രതിവാദങ്ങള്‍ കൊഴുക്കവേ സിറിയ - ടര്‍ക്കി അതിര്‍ത്തിയിൽ ചാവേറാക്രമണം; അപകടത്തിൽ നാല് അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 18 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്കു ഗുരുതര പരിക്ക്

സിറിയയില്‍ നിന്നും അമേരിക്കൻ സേനയുടെ പിന്മാറ്റത്തെപ്പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ കൊഴുക്കവേ സിറിയ - ടര്‍ക്കി അതിര്‍ത്തിക്കടുത്ത് കുര്‍ദിഷ് പോരാളികളുടെ നിയന്ത്രണത്തിലുള്ള മാന്‍ബിജ് പട്ടണത്തില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ നാല് അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 18 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
പട്ടണത്തിലെ പ്രധാന മാര്‍ക്കറ്റിനു സമീപമുളള റസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക മാന്‍ബിജ് മിലിട്ടറി കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അമേരിക്കന്‍ സൈനികര്‍ റസ്റ്റോറന്റില്‍ എത്തിയത്. റസ്റ്റോറന്റിലെത്തിയ ഭീകരരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഐ.എസ് അവകാശപ്പെട്ടു.
കിഴക്കന്‍ സിറയയില്‍ നിന്ന് ഐ.എസ് ഭീകരരെ തുരത്തിയ കുര്‍ദിഷ് - അറബ് പോരാളികള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് അമേരിക്കന്‍ സൈനികര്‍ പട്ടണത്തില്‍ എത്തിയത്. റസ്റ്റോറന്റിനു പുറത്ത് നിന്ന പലരെയും വലിയൊരു തീഗോളം വിഴുങ്ങുന്നതിന്റെ ദൃശ്യം സമീപത്തെ ഒരു കടയുടെ സിസിടിവിയില്‍ കാണപ്പെട്ടു.
പട്ടണത്തിനു സമീപമുള്ള ഒരു കളിക്കളത്തില്‍ ലാന്‍ഡ് ചെയ്ത ഹെലികോപ്ടറില്‍ അമേരിക്കന്‍ സൈനികരെ പട്ടണത്തില്‍ നിന്ന് ഒഴിപ്പിച്ചതായി സിറിയന്‍ കുര്‍ദിഷ് ഹവാര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
സിറിയയിലുള്ള അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് പെന്റഗണിനെയും, സഖ്യകക്ഷികളെയും അമ്പരപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകളുടെ പശ്ചാത്തലത്തില്‍ ട്രമ്പ് നിലപാട് മയപ്പെടുത്തുകയുണ്ടായി. അഞ്ചു വര്‍ഷം മുമ്പ് ഐ.എസ് ഭീകരര്‍ നിയന്ത്രിച്ചിരുന്ന മേഖലയുടെ ഒരു ശതമാനമേ ഇപ്പോള്‍ അവരുടെ കൈവശം ഉള്ളൂവെങ്കിലും ഭീകരരെ തുടച്ചു മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് യു.എസ് സൈനിക പിന്മാറ്റത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിറിയയില്‍ 14000 ത്തോളം ഐ.എസ് ഭീകരര്‍ അവശേഷിക്കുന്നുണ്ടെന്നും, ഇറാക്കില്‍ ഇതില്‍ കൂടുതല്‍ ഉണ്ടാകാമെന്നും ഗറില്ലാ യുദ്ധമുറയിലേക്ക് ഇനി അവര്‍ മാറിയേക്കാമെന്നും അടുത്തയിടെ ഒരു അമേരിക്കന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha



























